സ്‌കോഡയുടെ സെഡാൻ ഭംഗി തിരികെ വരുന്നു; സ്ലാവിയ ഷോറൂമുകളിലേക്ക്
സ്‌കോഡയുടെ ഇന്ത്യ 2.0 പ്രോജക്ടിലെ രണ്ടാമത്തെ കാറാണ് സ്ലാവിയ. അതുകൊണ്ട് തന്നെ സ്‌കോഡക്ക് സ്ലാവിയയിൽ വലിയ പ്രതീക്ഷയുണ്ട്.
ഒരു കാലത്ത് ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റുകൊണ്ടിരുന്ന കാർ വിഭാഗമാണ് സെഡാൻ മോഡലുകൾ. പക്ഷേ നിലവിൽ സെഡാൻ മോഡലുകൾക്ക് അത്ര നല്ല കാലമല്ല. ഒരു കാലത്ത് ഈ വിഭാഗത്തിലെ രാജാക്കാൻമാരിൽ ഒരാളായ വിലസിയ മോഡലാണ് സ്‌കോഡ റാപ്പിഡ്. അടുത്തിടെ നിരത്തിൽ നിന്ന് റാപ്പിഡിനെ സ്‌കോഡ പിൻവലിച്ചിരുന്നു. അതിന് പകരം പുതിയ റാപ്പിഡിനെ പ്രതീക്ഷിച്ചവർക്ക് മുന്നിലേക്ക് സ്‌കോഡ അവതരിപ്പിച്ചത് സ്ലാവിയ എന്ന പുത്തൻ മോഡലായിരുന്നു.
നേരത്തെ തന്നെ അനൗദ്യോഗികമായി അവതരിക്കപ്പെട്ടെങ്കിലും സ്ലാവിയയുടെ ഔദ്യോഗിക ലോഞ്ച് ഇതുവരെ നടന്നിട്ടില്ല. മാർച്ചിലായിരിക്കും വാഹനത്തിന്റെ ലോഞ്ചിങ് എന്നാണ് സൂചനകൾ. എന്നാൽ അതിന് മുമ്പ് തന്നെ വാഹനം ഷോറൂമുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
സ്‌കോഡയുടെ ഇന്ത്യ 2.0 പ്രോജക്ടിലെ രണ്ടാമത്തെ കാറാണ് സ്ലാവിയ. അതുകൊണ്ട് തന്നെ സ്‌കോഡക്ക് സ്ലാവിയയിൽ വലിയ പ്രതീക്ഷയുണ്ട്. ഈ സീരീസിലെ ആദ്യ വാഹനമായ കുഷാഖിന്റെ പ്ലാറ്റ്‌ഫോമായ MQB-A0-IN പ്ലാറ്റ്‌ഫോമിൽ തന്നെയാണ് സ്ലാവിയയും വകരുന്നത്. ആക്ടീവ്, അംബീഷൻ, സ്റ്റൈൽ എന്നീ വേരിയന്റുകളിൽ ലഭിക്കുന്ന വാഹനത്തിന് 10 ഇഞ്ച് ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം, 2 സ്‌പോക്ക് സ്റ്റീറിങ് വീൽ, 8 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് സീറ്റുകൾ, ആറ് എയർ ബാഗുകൾ, വയർലെസ് ചാർജിങ് അങ്ങനെ നിരവധി സവിശേഷതകളുണ്ട്.
കുഷാഖിലൂടെ അവതരിപ്പിച്ച 113 ബിഎച്ച്പി പവറും 178 എൻഎം ടോർക്കുമുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും, 148 ബിഎച്ച്പി പവറും 250 എൻഎം ടോർക്കുമുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമാണ് സ്ലാവിയുടേയും ഹൃദയം. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്ക്, 7 സ്പീഡ് ഡിഎസ്ജി ട്രാൻസ്മിഷനുകളിൽ വാഹനം ലഭിക്കും.