കാർ വാങ്ങാൻ ചെലവേറുന്നു; ടൊയോട്ടക്ക് പിന്നാലെ ടാറ്റയും കാറുകൾക്ക് വില വർധിപ്പിച്ചു
ഇന്നലെ മുതൽ വില വർധന നിലവിൽ വന്നതായി കമ്പനി വ്യക്തമാക്കി.
ഇന്ത്യയിൽ മിക്ക കാർ നിർമാതാക്കളും കാറുകളുടെ വില വർധിപ്പിക്കുകയോ അതിനുള്ള ഒരുക്കത്തിലോ ആണ്. കഴിഞ്ഞയാഴ്ചയാണ് ടൊയോട്ട അവരുടെ ചില മോഡലുകളുടെ വില വർധിപ്പിച്ചത്. അതിന് പിന്നാലെ ഇന്ത്യൻ ബ്രാൻഡായ ടാറ്റയും ഇപ്പോൾ എല്ലാ മോഡലുകളുടെയും വില വർധിപ്പിച്ചിരിക്കുകയാണ്. നിലവിലെ വിലയുടെ 0.55 ശതമാനമാണ് എല്ലാ മോഡലുകൾക്കും ടാറ്റ വില വർധിപ്പിച്ചിരിക്കുന്നത്. ഇന്നലെ മുതൽ വില വർധന നിലവിൽ വന്നതായി കമ്പനി വ്യക്തമാക്കി.
വർധിച്ചു വരുന്ന ഉത്പാദന ചെലവാണ് വാഹന നിർമാണ കമ്പനികളെ വില കൂട്ടാൻ നിർബന്ധിതരാക്കുന്നത്. വാഹനത്തിന്റെ വില കൂടുമ്പോൾ നികുതിയിലൂടെ സർക്കാരിന് ലഭിക്കുന്ന തുകയും വർധിക്കും.
ടൊയോട്ട അവരുടെ ഏറ്റവും പ്രിയങ്കരമായ എംപിവിയായ ഇന്നോവ ക്രിസ്റ്റയുടെയും എസ്.യു.വിയായ ഫോർച്യൂണറിന്റെ വിലയുമാണ ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്.
27,000 രൂപയാണ് ഇന്നോവ ക്രിസ്റ്റ ഡീസൽ മാനുവൽ വേരിയന്റുകൾക്ക് വർധിപ്പിച്ചിരിക്കുന്നത്. ഡീസൽ ഓട്ടോമാറ്റിക്ക് വേരിയന്റുകൾക്ക് 86,000 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഈ വിലവർധനവോടെ ഇന്നോവ ഡീസലിന്റെ ബേസ് വേരിയന്റായ ജി-എംടി (7 സീറ്റർ) യുടെ എക്സ് ഷോറൂം വില 18.90 ലക്ഷത്തിലെത്തി. ഉയർന്ന വേരിയന്റായ ZX AT ( 7 സീറ്റർ) ന്റെ വില 26.54 ലക്ഷം രൂപയായി ഉയർന്നു. കേരളത്തിൽ ഇതോടെ ഉയർന്ന വേരിയന്റിന്റെ ഓൺറോഡ് വില 35 ലക്ഷത്തോളം വരും.
ഫോർച്യുണറിലേക്ക് വന്നാൽ 2 വീൽ ഡ്രൈവ് മോഡലുകൾക്ക് 61,000 രൂപയാണ് വർധിപ്പിച്ചത്. 4 വീൽ ഡ്രൈവ് മോഡലുകൾക്ക് 80,000 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ വാഹനത്തിന്റെ ബേസ് വേരിയന്റിന്റെ എക്സ് ഷോറൂം വില വില (2.7 L 4X2 MT (Petrol) 32.40 ലക്ഷമായി.
ഏറ്റവും ഉയർന്ന വേരിയന്റിന് GR Sport 4X4 AT (Diesel) 49.57 ലക്ഷമായി വില ഉയർന്നു. ഈ വേരിയന്റ് നമ്മുടെ കൈയിൽ കിട്ടണമെങ്കിൽ 63 ലക്ഷത്തോളം രൂപ നൽകണം.