ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇവിക്ക് വില വർധിക്കുന്നു; ടിയാഗോ ഇവിയുടെ വില അടുത്തമാസം കൂടും
ബുക്കിങ് കുതിച്ചുയരുന്നുണ്ടെങ്കിലും ടിയാഗോ ഇവിയുടെ ഡെലിവറി ജനുവരി പകുതിയോടെ മാത്രമേ ആരംഭിക്കുകയുള്ളൂ.
ഇലക്ട്രിക് വാഹനമേഖലയുടെ വലിയ കുതിപ്പിനാണ് നിലവിൽ ഇന്ത്യൻ റോഡുകൾ സാക്ഷ്യം വഹിക്കുന്നത്. ഡിമാൻഡ് കൂടുന്നതനുസരിച്ച് വിവിധ കമ്പനികൾ ഇവി മോഡലുകളുടെ വിലയും വർധിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ഇവി സെക്ടറിലെ നിലവിലെ രാജാവ് ടാറ്റ മോട്ടോർസാണ്. നെക്‌സോൺ, ടിഗോർ, ടിയാഗോ എന്നിവയാണ് നിലവിൽ ടാറ്റയുടെ ഇവി റേഞ്ച്. അൽട്രോസ്, പഞ്ച് എന്നീ മോഡലുകളും ഇതിനോട് ഉടൻ തന്നെ ചേർക്കപ്പെടും.
നിലവിൽ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാർ ടാറ്റയുടെ തന്നെ ടിയാഗോയാണ്. ടിയാഗോ ഇവിയുടെ വില വർധിപ്പിക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോർസ്. നാല് ശതമാനം വർധിപ്പിക്കാനാണ് ടാറ്റയുടെ തീരുമാനം. 2023 ജനുവരി മുതൽ വില വർധന പ്രാബല്യത്തിലാകും.
നേരത്തെ തന്നെ ഇത്തരത്തിൽ വില വർധിപ്പിക്കുമെന്ന് ടാറ്റ സൂചന നൽകിയിരുന്നു. നിലവിലുള്ള വില ഇൻഡ്രട്കറ്ററി വിലയായിരിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ആദ്യത്തെ 10,000 ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ വിലയ്ക്ക് വാഹനം ലഭ്യമാകുക. പിന്നീട് കനത്ത ബുക്കിങ് കണക്കിലെടുത്ത് 20,000 ത്തിലേക്ക് ഈ സംഖ്യ ഉയർത്തി.
ഈ ഓഫർ അവസാനിച്ചത് കൂടാതെ ഇവി ബാറ്ററിയുടെ വില 30 മുതൽ 35 ശതമാനം വരെ ഉയർന്നതും വില വർധിപ്പിക്കാൻ ടാറ്റയെ പ്രേരിച്ചിച്ചു.
ഇപ്പോൾ ടാറ്റ ടിയാഗോയ്ക്ക് ആകെ ലഭിക്കുന്ന ബുക്കിങുകളിൽ 30 മുതൽ 35 ശതമാനം വരെ ടിയാഗോ ഇവിക്കുള്ളതാണ്. ടാറ്റയുടെ മൊത്തം ഇവി ലൈനപ്പിനിലേക്ക് വരുമ്പോൾ 25 ശതമാനവും ടിയാഗോ ഇവിയാണെന്നും കമ്പനി അവകാശപ്പെട്ടു.
ബുക്കിങ് കുതിച്ചുയരുന്നുണ്ടെങ്കിലും ടിയാഗോ ഇവിയുടെ ഡെലിവറി ജനുവരി പകുതിയോടെ മാത്രമേ ആരംഭിക്കുകയുള്ളൂ. ആദ്യഘട്ടത്തിലെ ബുക്കിങ് അഞ്ച് മാസത്തിനുള്ളിൽ ഡെലിവറി ചെയ്യുമെന്നും ടാറ്റ അറിയിച്ചിട്ടുണ്ട്.
നിലവിൽ 7 വേരിയന്റുകളിലാണ് ടാറ്റ ടിയാഗോ ഇവി ലഭ്യമാകുക. 8.49 ലക്ഷം മുതൽ 11.49 ലക്ഷം വരെയാണ് വാഹനത്തിന്റെ നിലവിലെ എക്‌സ് ഷോറൂം വില.