മഹീന്ദ്രയുടെ കാർ ഡിസൈനും സർവീസും പോരെന്ന് യുവാവ്; മറുപടി നൽകി ആനന്ദ് മഹീന്ദ്ര
കഴിഞ്ഞദിവസം ബിഇ 6ഇ, എക്സ്ഇവി 9ഇ എന്നീ ഇലക്ട്രിക് വാഹനങ്ങൾ മഹീന്ദ്ര പുറത്തിറക്കിയിരുന്നു
ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്രയുടെ ഡിസൈനെയും സർവീസ് നിലവാരത്തെയും വിശ്വാസ്യതയെയും വിമർശിച്ചുകൊണ്ടുള്ള ട്വീറ്റിന് മറുപടി നൽകി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. കഴിഞ്ഞദിവസം ബിഇ 6ഇ, എക്സ്ഇവി 9ഇ എന്നീ രണ്ട് ഇലക്ട്രിക് വാഹനങ്ങൾ മഹീന്ദ്ര പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുശാന്ത് മെഹ്ത എന്നയാളുടെ വിമർശനാത്മക പോസ്റ്റ് വരുന്നത്.
നിങ്ങളുടെ ഓരോ ഉൽപ്പന്നവും പഠിക്കാത്തവർക്കും ഗവേഷണം ചെയ്യാത്തവർക്കും വേണ്ടിയുള്ളതാണ്. ഭംഗിയുടെ കാര്യത്തിൽ നിങ്ങളുടെ കാറുകൾ ഹ്യുണ്ടായിയുടെ അടുത്തുപോലും നിൽക്കുന്നില്ല. നിങ്ങളുടെ ഡിസൈനിങ് സംഘത്തിനോ നിങ്ങൾക്കോ ഇത്ര മോശം അഭിരുചിയുണ്ടെന്ന് കരുതുന്നില്ല. മൗണ്ടെയ്ൻ സൈസ് കാറുകൾ ആഗ്രഹിക്കുന്നവർക്കും വിശ്വാസ്യതയെയും ഗുണനിലവാരത്തെയും കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവർക്ക് വേണ്ടിയുള്ളതാണ് നിങ്ങളുടെ വാഹനങ്ങളെന്നും യുവാവ് എക്സിൽ കുറിച്ചു. യുവാവ് പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ആനന്ദ് മഹീന്ദ്ര ഇതിനോട് പ്രതികരിക്കുകയായിരുന്നു.
‘നിങ്ങൾ ശരിയാണ് സുശാന്ത്. നമുക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. എന്നാൽ, ഞങ്ങൾ എത്രത്തോളം എത്തിയെന്ന് നിങ്ങൾ പരിഗണിക്കണം. 1991ൽ ഞാൻ കമ്പനിയിൽ ചേർന്നപ്പോൾ സമ്പദ്‍വ്യവസ്ഥ തുറക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒരു ആഗോള കൺസൾട്ടിങ് കമ്പനി ഞങ്ങളോട് കാർ വ്യവസായം നിർത്താൻ തന്നെ ആവശ്യപ്പെട്ടതാണ്. അവരുടെ കാഴ്ചപ്പാടിൽ ഞങ്ങൾക്ക് ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് വിദേശ കമ്പനികളുമായി മത്സരിക്കാൻ.
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഞങ്ങൾ ഇപ്പോഴും ശക്തമായി മത്സരിച്ച് കൊണ്ടിരിക്കുകയാണ്. കുറ്റം കണ്ടുപിടിക്കുന്നതും സംശയങ്ങളും നിങ്ങളുടെ പോലുള്ള പരുഷമായ ഭാഷയുമെല്ലാം ഞങ്ങൾക്ക് ശീലമായി. വിജയിക്കാനുള്ള വിശപ്പിന് അതാണ് ഞങ്ങൾക്ക് ഇന്ധനമാകുന്നത്. അതെ, ഉറങ്ങുന്നതിന് മുമ്പ് ഞങ്ങൾക്ക് മൈലുകൾ പോകാനുണ്ട്. ഇവിടെ ഒരു അലംഭാവത്തിനും ഇടമില്ല. തുടർച്ചയായുള്ള പുരോഗതി ഞങ്ങളുടെ മന്ത്രമായി തുടരും. എന്നാൽ, ഞങ്ങളുടെ വയറുകളിൽ തീ തീറ്റിച്ചതിന് നന്ദി’ -എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ മറുപടി.
ഇതോടെ വിമർശനമുന്നയിച്ച സുശാന്ത് മെഹ്തയും ആനന്ദ് മഹീന്ദ്രക്ക് മറുപടി നൽകി. താങ്കൾ വിമർശനത്തെ ക്രിയാത്മകമായി എടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെ സംഘത്തിൽനിന്നുള്ള ആൾ വിളിച്ചതോടെയാണ് ഞാൻ പോസ്റ്റ് ഡിലീറ്റ് ചെയ്തത്. എന്റെ പരുഷമായ വാക്കുകളിൽ അവർ അസ്വസ്ഥരാണെന്നാണ് ഞാൻ കരുതിയതെന്നും സുശാന്ത് കുറിച്ചു.