കാർ വാങ്ങിക്കോളൂ, 'പണം പിന്നെ തന്നാൽ മതി'; കിടിലൻ ഓഫറുമായി ടൊയോട്ട
ബൈ-ബാക്ക് സ്‌കീം തുടങ്ങിയ ആനുകൂല്യവും ടൊയോട്ട ഈ ഉത്സവ കാലത്ത് ഒരുക്കിയിട്ടുണ്ട്
ഇന്ത്യയിലെ ഉത്സവ സീസൺ ആഘോഷമാക്കുന്നതിനായി മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് ടൊയോട്ട. വിക്ടോറിയസ് ഒക്ടോബർ എന്ന പേരിൽ ആരംഭിച്ചിട്ടുള്ള പദ്ധതി ഒക്ടോബർ 31 വരെ നീളുമെന്നാണ് ടൊയോട്ട കിർലോസ്‌കർ മോട്ടോർ അറിയിച്ചിരിക്കുന്നത്. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായാണ് ടൊയോട്ടയുടെ ഈ ആനുകൂല്യം ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ വാങ്ങുന്ന വാഹനങ്ങൾക്ക് ഫെബ്രുവരിയിൽ പണം അടച്ച് തുടങ്ങിയാൽ മതിയെന്നതാണ് പ്രഖ്യാപിച്ചിട്ടുള്ളതിൽ ഏറ്റവും ആകർഷകമായ ഓഫർ. പുതിയ വാഹനം വാങ്ങി നാല് മാസത്തിനപ്പുറം മാത്രം പണം അടച്ച് തുടങ്ങിയാൽ മതിയെന്നത് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടൊയോട്ടയുടെ റീബാഡ്ജിങ്ങ് മോഡലുകളായ അർബൺ ക്രൂയിസർ കോംപാക്ട് എസ്.യു.വി, പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ഗ്ലാൻസ തുടങ്ങിയ മോഡലുകൾക്ക് ബൈ-ബാക്ക് സ്‌കീം തുടങ്ങിയ ആനുകൂല്യവും ടൊയോട്ട ഈ ഉത്സവ കാലത്ത് ഒരുക്കിയിട്ടുണ്ട്. ടൊയോട്ടയുടെ സെൽഫ് ചാർജിങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി വാറണ്ടി കാലാവധി നീട്ടി നൽകിയിട്ടുള്ളതും ഇപ്പോൾ പ്രഖ്യാപിച്ച ഓഫറുകളിലെ ഹൈലൈറ്റാണ്.
കഴിഞ്ഞ ഓഗസ്റ്റ് മുതൽ ടൊയോട്ടയുടെ പ്രീമിയം വാഹനങ്ങളായ കാംറി, വെൽഫയർ തുടങ്ങിയ മോഡലുകളുടെ വാറന്റി മൂന്ന് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ എന്നത് എട്ട് വർഷം അല്ലെങ്കിൽ 1.60 ലക്ഷം കീലോമീറ്ററായി ഉയർത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഡിജിറ്റൽ വാങ്ങൽ ഉറപ്പാക്കുന്നതിനായി കിർലോസ്‌കർ ടൊയോട്ട വെർച്വൽ ഷോറൂം തുറന്നിട്ടുണ്ട്.