ഓര്‍മയായത് സൌമ്യതയുടെ, വിനയത്തിന്റെ, ഇച്ഛാശക്തിയുടെ സൂഫീഭാവം

എന്തെങ്കിലും എഴുതുക എന്ന ശീലം പി.ടിക്കില്ല. നന്നായി പഠിച്ച് മനനം ചെയ്‌തേ പി.ടി എന്തും എഴുതൂ. എല്ലാ അര്‍ത്ഥത്തിലും ബഹുമുഖ പ്രതിഭയായ പി.ടി അതിന്റ തലക്കനം തീരെയില്ലാത്ത സൗമ്യനും വിനയാന്വിതനുമായിരുന്നു

Update: 2018-10-19 06:28 GMT
കെ. ടി ഹുസൈന്‍ : കെ. ടി ഹുസൈന്‍
Advertising

ബഹുഭാഷാപണ്ഡിതന്‍, പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, വിവര്‍ത്തകന്‍, ഗവേഷകന്‍, പാട്ടെഴുത്തുകാരന്‍, നാടകൃത്ത്, കഥാകൃത്ത് എന്നീ നിലകളിലെല്ലാം, മൂന്ന് പതിറ്റാണ്ട് കാലം വൈജ്ഞാനിക, സാഹിത്യരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഇന്ന് ഓര്‍മയായ റഹ്മാന്‍ മുന്നൂര് എന്ന പി.ടി അബ്ദുറഹ്മാന്‍

ശാന്തപുരം ഇസ്‍ലാമിയാ കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ പി.ടി നല്ലൊരു എഴുത്തുകാരനായി പേരെടുത്തിരുന്നു. നംഹര്‍ ശാന്തപുരം എന്ന തൂലികാ നാമത്തിലായിരുന്നു അക്കാലത്ത് പി.ടിയുടെ സാഹിത്യ പ്രവര്‍ത്തനം. പാട്ടെഴുത്ത്, സംഗീത നാടക രചന, നാടക രചന, കഥാരചന തുടങ്ങിയ സര്‍ഗ സാഹിത്യ മേഖലയിലും അക്കാലത്ത് തന്നെ പി.ടി നിറഞ്ഞ് നിന്നു. ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ നിന്ന് എഫ്ടിയും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബിസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ റഹ്മാന്‍ മൂന്നൂര്‍ പ്രബോധനത്തില്‍ സഹ പത്രാധിപരായി കൊണ്ടാണ് ഔദ്യോഗിക ജീവിതമാരംഭിക്കുന്നത്.

പ്രബോധനം സബ് എഡിറ്റര്‍, ബോധനം എക്‌സിക്യൂട്ടീവ് എഡിറ്റര്‍, ആരാമം ചീഫ് എഡിറ്റര്‍, യുവസരണി സബ് എഡിറ്റര്‍, വിജ്ഞാനകോശം അസോസിയേറ്റ് എഡിറ്റര്‍, ഐ.പി.എച്ച് എഡിറ്റര്‍, ധര്‍മ്മധാര കോ ഓഡിനേറ്റര്‍ തുടങ്ങി ജമാഅത്തെ ഇസ്‍ലാമിയുടെ ആഭിമുഖ്യത്തിലുള്ള എല്ലാ പ്രസിദ്ധീകരണ സംരംഭങ്ങളുടെയും തലപ്പത്ത് പി.ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‍ലാമി ദഅ്‍വത്ത് നഗര്‍ സമ്മേളന പതിപ്പ്, ജമാഅത്തെ ഇസ്‍ലാമി അമ്പതാം വാര്‍ഷിക പതിപ്പ്, പ്രബോധനം കെ.സി അനുസ്മരണ പതിപ്പ് തുടങ്ങിയവയുടെ ചുമതലയും പി.ടിക്കായിരുന്നു.

പി.ടി എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന ബോധനം ത്രൈമാസിക മലയാളത്തിലെ നല്ല നിലവാരമുള്ള ഗവേഷണ മാസികയെന്ന നിലയില്‍ അംഗീകാരം നേടിയിരുന്നു. സാഹിത്യകാരനായ എന്‍.പി മുഹമ്മദ് അതിനെ അഭിനന്ദിച്ച് ബോധനത്തില്‍ തന്നെ എഴുതിയത് ഓര്‍ക്കുന്നു.

കഴിഞ്ഞ വര്‍ഷം ഐ.പി.എച്ചില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചതിന് ശേഷം ജമാഅത്തെ ഇസ്‍ലാമി കേരളയുടെ ചരിത്രരചനയില്‍ ഏര്‍പ്പെട്ട് കൊണ്ടിരിക്കെയാണ് പി.ടി അപ്രതീക്ഷിതമായി രോഗബാധിതനായത്.

മലയാളത്തിലെ എണ്ണം പറഞ്ഞ വിവര്‍ത്തകരില്‍ ഒരാളാണ് പി.ടി. ഒരേസമയം അറബി, ഇംഗ്‌ളീഷ്, ഉര്‍ദു ഭാഷകളില്‍ നിന്ന് അനായാസം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന പി.ടിയെപോലെ അധികം പേര്‍ മലയാളത്തിലില്ല. മനോഹരമാണ് പി.ടിയുടെ പരിഭാഷ. പി.ടി വിവര്‍ത്തനം ചെയ്ത പുസ്തകങ്ങളില്‍ മിക്കതും കാലത്തെ അതിജീവിക്കുന്ന മികച്ച രചനകളാണെന്ന സവിശേഷത കൂടിയുണ്ട്. സര്‍വത്ത് സൗലത്തിന്റെ ഇസ്‍ലാമിക ചരിത്രസംഗ്രഹം (നാല് വാല്യം), അബ്‍ദുല്‍ ഹഖ് അന്‍സാരിയുടെ സൂഫിസവും ശരീഅത്തും, വിശ്വാസിയുടെ ജീവിത ലക്ഷ്യം, അമീന്‍ അഹ്സന്‍ ഇസ്‍ലാഹിയുടെ ആത്മസംസ്‌കരണം, മൗലാനാ മൗദൂദിയുടെ സുന്നത്തിന്റെ പ്രാമാണികത, വ്രതാനുഷ്ഠാനം, താരീഖ് സുവൈദാന്റെ ഫലസ്തീന്‍ സമ്പൂര്‍ണ ചരിത്രം. അബ്‍ദുല്ലാ അടിയാറിന്റെ ഞാന്‍ സ്‌നേഹിക്കുന്ന ഇസ്‍ലാം, സദ്റുദ്ദീന്‍ ഇസ്‍ലാഹിയുടെ നിഫാഖ് അഥവാ കാപട്യം, സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‍വിയുടെ മാസ്റ്റര്‍ പീസായ മാദാ ഖസിറല്‍ ആലം ബിഇന്‍ഹിത്വാത്വില്‍ മുസ്‍ലിമീന്‍ തുടങ്ങിവ അവയില്‍ പ്രധാനപ്പെട്ടതാണ്. ഇവയില്‍ മാദാ ഖസിറല്‍ ആലം ബിഇന്‍ഹിത്വാത്വില്‍ മുസ്‍ലിമീന് അറബിയില്‍ നിന്നുള്ള വിവര്‍ത്തനം കൃതിക്കുള്ള പ്രഥമ സി.കെ മുഹമ്മദ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Full View

സൂഫിക്കഥകള്‍, സഅ്‍ദി പറഞ്ഞ കഥ, മുഹമ്മദലി ക്ലേ, മറിയം ജമീല, കുട്ടികളുടെ മൗദൂദി, ഖുര്‍ആന്‍ അതുല്യ ഗ്രന്ഥം തുടങ്ങിയവ പി.ടിയുടെ സ്വതന്ത്ര രചനകളാണ്

തസ്വവ്വുഫിനെ കുറിച്ചടക്കം ഇസ്‍ലാമിക വിജ്ഞാന കോശത്തില്‍ എഴുതിയ നിരവധി ലേഖനങ്ങളും പ്രബോധനത്തില്‍ ഖുര്‍ആനിലെ 19 എന്ന സംഖ്യയെ കുറിച്ച് മര്‍ഹും മുട്ടാണിശേരിയില്‍ കോയക്കുട്ടി മൗലവിയുമായി നടത്തിയ ദീര്‍ഘമായ സംവാദവും പി.ടിയിലെ ഗവേഷകനെ അടയാളപ്പെടുത്തുന്നതാണ്. എന്തെങ്കിലും എഴുതുക എന്ന ശീലം പി.ടിക്കില്ല. നന്നായി പഠിച്ച് മനനം ചെയ്‌തേ പി.ടി എന്തും എഴുതൂ. ആള്‍ട്രനേറ്റീവ് മെഡിസിന്റെ വക്താവ് കൂടിയായിരുന്നു അദ്ദേഹം. ആ വിഷയത്തില്‍ പാശ്ചാത്യ ഗവേഷക ജേര്‍ണലുകളില്‍ വരുന്നത് വരെ പരതി പിടിച്ച് അദ്ദേഹം വായിക്കുമായിരുന്നു.

ഗാനരചയിതാവെന്ന നിലയില്‍ യു.കെ അബു സഹ്‍ലയുടെ യഥാര്‍ത്ഥ പിന്‍ഗാമിയായിരുന്നു റഹ്‍മാന്‍ മൂന്നൂര്. ഈ തമസ്സിന്‍ അപ്പുറത്തൊരു വെളിച്ചമുണ്ടോ, ഒലിവു കൊന്പുള്‍ ആടിയാടി, പൂജാ പാട്ടുകളല്ല തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റുകളാണ്. മീഡിയാ വണ്‍ പതിനാലാം രാവ് റിയാലിറ്റി ഷോ യില്‍ പി.ടിയുടെ പല പാട്ടുകളും ആലപിച്ചിരുന്നു.

നാടക രചനാ രംഗത്ത് അബു വളയംങ്കുളം സംവിധാനം ചെയ്ത് അവതരിപ്പിച്ച മൗദൂദി നാടകം ശ്രദ്ധേയമായിരുന്നു. പി.ടിയുടെ നാടകമോ സംഗീതശില്‍പമോ ഇല്ലാത്ത ഇസ്‍ലാമിയാ കോളേജ്, മദ്റസാ പരിപാടികളൊന്നും ഒരു കാലത്തുണ്ടായിരുന്നില്ല. ചില ടെലിവിഷന്‍ പരിപാടികളുടെ തിരക്കഥയും പി.ടി തയ്യാറാക്കിയിരുന്നു.

തനിമാ കലാസാഹിത്യ വേദിയുടെ രൂപീകരണത്തിലും സംഘാടനത്തിലും പി.ടിക്ക് പ്രധാന പങ്കുണ്ടായിരുന്നു. അതിന്റെ വൈസ് പ്രസിഡന്റായിരുന്നു പി. ടി. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ബഹുമുഖ പ്രതിഭയായ പി.ടി അതിന്റ തലക്കനം തീരെയില്ലാത്ത സൗമ്യനും വിനയാന്വിതനുമായിരുന്നു. ഒരാള്‍ക്ക് ഇത്രത്തോളം വിനയം ആവശ്യമുണ്ടോ എന്ന് തോന്നാവുന്ന അത്രയും വിനയം. അതേസമയം അസാമാന്യമായ ഇച്ഛാശക്തിയുടെ ഉടമ കൂടിയായിരുന്നു പി.ടി. അസുഖം ഏതാണ്ട് പൂര്‍ണമായും ശരീരത്തെ കീഴടക്കി എന്നറിഞ്ഞിട്ടും ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം അദ്ദേഹം നിര്‍വഹിച്ചത് ആ ഇച്ഛാശക്തി കൊണ്ട് മാത്രമാണ്. ഒരു സൂഫി ഭാവമായിരുന്നു പി.ടിയുടെ ജീവിതത്തിന് എന്ന് ഏറെക്കാലം അദ്ദേഹത്തിന്റെ സഹ പ്രവര്‍ത്തകനായ എനിക്ക് പറയാനാവും.

Full View

പി.ടിയെന്ന റഹ്മാന്‍ മൂന്നൂര് വ്യക്തിപരമായി വിവര്‍ത്തനത്തില്‍ എന്റെ രണ്ട് ഗുരുക്കന്‍മാരില്‍ ഒരാളാണ്. പി. ടി ബോധനം നടത്തുന്ന കാലത്ത് അറബിയില്‍ നിന്നും ഉര്‍ദുവില്‍ നിന്നും ഗവേഷണ ലേഖനങ്ങള്‍ വിവര്‍ത്തനം ചെയ്യിപ്പിക്കുമായിരുന്നു. പ്രസിദ്ധീകരിച്ച് വരുമ്പോള്‍ അമ്പത് ശതമാനത്തില്‍ താഴെയെ ഞാന്‍ എഴുതിയതുണ്ടാകുകയുള്ളൂ. അതായിരുന്നു വിവര്‍ത്തനത്തില്‍ എന്റെ പാഠ ശാല. എന്റെ ആദ്യ വിവര്‍ത്തന കൃതി പരിശോധിച്ച് കറ തീര്‍ത്ത് തന്നതും പി.ടിയാണ്. ചെറുപ്പക്കാരെ കണ്ടെത്തി അവരെ വളര്‍ത്തുന്ന കാര്യത്തില്‍ യാതൊരു കലവറയും ഇല്ലാത്ത ആളായിരുന്നു പി.ടി എന്ന് രണ്ടക്ഷരത്തില്‍ സുഹൃത്തുക്കള്‍ക്കിടയിലും റഹ്മാന്‍ മുന്നൂറ് എന്ന് വായനക്കാര്‍ക്കിടയിലും അറിയപ്പെട്ട പാറക്കാംതൊടിക അബ്ദുര്‍റഹ്‍മാന്‍.

Tags:    

കെ. ടി ഹുസൈന്‍ - കെ. ടി ഹുസൈന്‍

contributor

Similar News