സംപ്രേഷണവിലക്ക്, ആംഗല അധ്യായം

ചാനൽ സ്ഥിരമായി ഇല്ലാതാവുന്നതു പോയിട്ട് ഒരു വാർത്താ ബുള്ളറ്റിൻ പോലും സംപ്രേഷണം ചെയ്യാൻ കഴിയാതെ പോയാലുള്ള വെപ്രാളവും ആശങ്കയും ചിലപ്പോഴെങ്കിലും ഞാൻ അനുഭവിച്ചിട്ടുണ്ട്

Update: 2022-12-31 11:40 GMT
Click the Play button to listen to article

കഴിഞ്ഞ ഏതാനും ദിവസമായി മരടിൽ എന്റെ വീട്ടിലേക്കുള്ള റോഡിൽ പണി നടക്കുകയാണ്. റോഡിൽ ഇന്റർലോക്ക് ഇടുന്ന പണിയാണ്. അതുകൊണ്ട് കാർ മറ്റൊരു വീട്ടിലാണ് കുറച്ചുദിവസമായി ഇടുന്നത്. അവിടെ ഒരു എൺപത് വയസ്സിനുമേലേ പ്രായമുള്ള ഒരമ്മച്ചിയുണ്ട്. അമ്മച്ചി ഈ പ്രായത്തിലും എല്ലാദിവസവും രാവിലെ എണീറ്റ് തൊട്ടപ്പുറത്തുള്ള വാകേലച്ചന്റെ പള്ളിയിൽ പോകാറുണ്ട്. ആള് ശരിക്കും സ്മാർട്ടാണ്. കഴിഞ്ഞ ദിവസം ഓഫീസിൽ പോകാൻ വേണ്ടി കാർ എടുക്കാൻ ചെന്നപ്പോൾ അമ്മച്ചിയുടെ ചോദ്യം.

'മോനേ, മീഡിയവൺ പൂട്ടിപ്പോയില്ലേ, പിന്നെ എന്തുപണിക്കാ പോകുന്നേ?'

ഞാൻ പൊട്ടിച്ചിരിച്ചുപോയി. പൂട്ടിയിട്ടില്ലമ്മച്ചീ, സംപ്രേഷണം തടഞ്ഞു, പക്ഷേ ഞങ്ങൾ ഡിജിറ്റലായി സംപ്രേഷണം തുടരുന്നുണ്ട് എന്നൊക്കെ പറഞ്ഞുകൊടുക്കേണ്ടി വന്നു. സമകാലിക സംഭവങ്ങൾ അമ്മച്ചി എത്രനന്നായി ശ്രദ്ധിക്കുന്നുവെന്ന് ഞാൻ അത്ഭുതപ്പെട്ടു.

ഇന്ന് രാവിലെ കാറെടുക്കാൻ ഞാൻ ചെന്നപ്പോൾ അമ്മച്ചി സന്തോഷത്തോടെ ചോദിച്ചു.

'മീഡിയവണിന്റെ പ്രശ്നം തീർന്നു അല്ലേ മോനേ?'

ഞാൻ പറഞ്ഞു. 'മുഴുവനും തീർന്നിട്ടില്ലമ്മച്ചി. പക്ഷേ, സുപ്രിംകോടതി ഞങ്ങൾക്ക് തുറക്കാൻ അനുമതി തന്നു. കേസ് തീരാൻ കുറച്ചുദിവസം എടുക്കും'

അമ്മച്ചി ഒന്നുകൂടി ചിരിച്ചു.

അമ്മച്ചിയെപ്പോലെ എത്രപേരാണ് മീഡിയാ വൺ എന്ന ചാനൽ ആകാശത്തുനിന്ന് പോയതും തിരിച്ചുവന്നതും വീട്ടിലെ കാര്യം പോലെ ചോദിക്കുകയും പറയുകയും ചെയ്തിരിക്കുക! എനിക്കു നേരിട്ടുവന്ന അന്വേഷണങ്ങൾക്കു പോലും കണക്കില്ല. ആ നിലയ്ക്ക് ടെലിവിഷൻ വാർത്താ ചാനലുകളെ തിരിച്ചറിയുകയും അവ ഇല്ലാതിരുന്നാൽ എന്തുപറ്റിയെന്ന് തിരക്കുകയും ചെയ്യുന്ന മലയാളി ഏതൊരു കുടുംബത്തിലും ഇന്ന് ഉണ്ടായിക്കഴിഞ്ഞു. എന്നാൽ, 1995 ലോ 96 ലോ ഒരു സ്വകാര്യ ചാനലിന്റെ സംപ്രേഷണം നിലച്ചാൽ ആര് അന്വേഷിക്കാനാണ്? അതിന്റെ മാനേജ്മെന്റിനും ജീവനക്കാർക്കും അല്ലാതെ ആർക്ക് ചേതം.

പക്ഷേ, മാനേജ്മെന്റിനും ജീവനക്കാർക്കും അത് ജീവൻമരണ പ്രശ്നം തന്നെയായിരുന്നു അന്നും. ചാനൽ സ്ഥിരമായി ഇല്ലാതാവുന്നതു പോയിട്ട് ഒരു വാർത്താ ബുള്ളറ്റിൻ പോലും സംപ്രേഷണം ചെയ്യാൻ കഴിയാതെ പോയാലുള്ള വെപ്രാളവും ആശങ്കയും ചിലപ്പോഴെങ്കിലും ഞാൻ അനുഭവിച്ചിട്ടുണ്ട്.

മീഡിയാവൺ സംപ്രേഷണവിലക്ക് രാജ്യമൊട്ടാകെ ചർച്ചയായ ഈ ദിവസങ്ങളിൽ എന്റെ മെമ്മറി കാർഡിൽ നിന്ന് തിരിച്ചെടുക്കാവുന്ന മൂന്ന് സംഭവങ്ങളാണുള്ളത്. ഒന്ന് 1995ൽ, ഏഷ്യാനെറ്റ് വാർത്ത തുടങ്ങി മൂന്നുമാസത്തിനുള്ളിൽ നടന്നത്.




ഏഷ്യാനെറ്റിന്റെ സംപ്രേഷണം അന്ന് ഫിലിപ്പീൻസിലെ സുബിക് ബേയിലുള്ള ഒരു സ്വകാര്യ സ്റ്റുഡിയോയിൽ നിന്നായിരുന്നു. ലാറി റിസ്സർ എന്ന അമേരിക്കക്കാരനായിരുന്നു അതിന്റെ മുതലാളി. (ഈ സ്റ്റുഡിയോയിലെ ജീവിതത്തെക്കുറിച്ച് വിശദമായിത്തന്നെ ഒരുപാട് എഴുതാനുണ്ട്, പിന്നെയാകട്ടെ). 1995 സെപ്തംബർ 30നാണ് വാർത്താ സംപ്രേഷണം ആരംഭിച്ചത്. തൽസമയ വാർത്താ സംപ്രേഷണത്തിനുള്ള സ്റ്റുഡിയോയും പിസിആറും എം.സി.ആറും മറ്റു ചാനലുകൾക്കുള്ള ഓപ്പറേഷൻ റൂമും വിശ്രമ മുറികളും ഒക്കെയായി മൂന്നുനിലകളിലായി അയ്യായിരം ചതുരശ്ര അടിയെങ്കിലും വിസ്തീർണമുള്ള ആ സ്റ്റുഡിയോ ഒലംഗപോ എന്ന പട്ടണത്തിൽ നിന്ന് ഏതാണ്ട് പത്തു കിലോമീറ്റർ ദൂരെ ഒരു കുന്നിൻ മുകളിലായിരുന്നു. കുന്നിന് താഴെനിന്ന് നോക്കുന്നവർക്ക് മലങ്കാടിനു നടുക്ക് കൂറ്റൻ ആന്റിനകൾ പാറാവുനിൽക്കുന്ന ഒരധോലോക കേന്ദ്രം മാതിരിയായിരുന്നു അതിന്റെ കിടപ്പ്.

ആ കേന്ദ്രത്തിലെ ഞങ്ങളുടെ (മൂന്നുപേരാണ് ആകെ ഏഷ്യാനെറ്റിനുവേണ്ടി സംപ്രേഷണ കാര്യങ്ങൾ നോക്കാൻ അവിടെയുണ്ടായിരുന്നത്) നിത്യജീവിതം രാവിലെ 9 മണിയോടെ തുടങ്ങി രാത്രി 10 മണിക്ക് അവസാനിക്കുന്നതായിരുന്നു. അവതരണത്തിനും പ്രൊഡക്ഷനും മറ്റാരെയും ആശ്രയിക്കാനില്ലാതെ, അവിടെയുണ്ടായിരുന്ന ആറുമാസവും ഒരുദിവസം പോലും ഓഫ എടുക്കാതെയാണ് എൻ.കെ രവീന്ദ്രനും യുവരാജും (ടെക്നീഷ്യൻ) ഞാനും അവിടെ ജോലി ചെയ്തത്. തുടക്കത്തിൽ നീലൻ സാർ ഉണ്ടായിരുന്നെങ്കിലും സംപ്രേഷണം ഏതാണ്ട് ഓകെ ആയതിനുശേഷം അദ്ദേഹം മടങ്ങി.

ഫിലിപ്പീൻസ് എന്ന ചെറുരാജ്യം മനോഹരമായ ഭൂപ്രകൃതിയുള്ളതാണെങ്കിലും പ്രകൃതിദുരന്തങ്ങൾ വലിയ ശാപമായിരുന്നു. കൊടുങ്കാറ്റുകളും അഗ്നിപർവത സ്ഫോടനങ്ങളും പല ആവർത്തി നേരിടേണ്ടിവന്ന ജനതയാണ്. (അവിടെ നിന്നുള്ള ഞങ്ങളുടെ മടക്കയാത്ര അഗ്നിപർവത സ്ഫോടനം നടന്ന പ്രദേശത്തുകൂടിയായിരുന്നു, അതും പിന്നീടെഴുതാം). രാജ്യത്തെ ജനസംഖ്യയിൽ പകുതിയിലധികം പേരും കാർഷികവൃത്തിയിൽ ഏർപ്പെട്ടവരായിരുന്നു. പ്രകൃതിദുരന്തങ്ങൾ എപ്പോഴും കർഷകരുടെ ജീവിതം തകർത്തുകൊണ്ടിരുന്നു. മറ്റുള്ളവരിൽ നല്ലൊരു ശതമാനം എന്തെങ്കിലും ചെറിയ ജോലിയെടുത്തോ കച്ചവടം ചെയ്തോ ജീവിച്ചു. മറ്റൊരു വിഭാഗം വിദേശ രാജ്യങ്ങളിൽ വീട്ടുജോലികൾക്കും മറ്റുമായി പോയി. അതായത് ഭൂരിഭാഗം പേരും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കാര്യമായി അധ്വാനിക്കേണ്ടവരായിരുന്നു. ഇത് ഫിലിപ്പീൻ ജനതയെ നല്ല അധ്വാനശേഷിയുള്ളവരാക്കി.

പറഞ്ഞുവരുന്നത്, ഞങ്ങൾ അവിടെയെത്തി രണ്ടുമാസം കഴിഞ്ഞപ്പോഴേക്ക് ഒരു ചുഴലിക്കാറ്റ് വന്നു.



ആംഗല എന്നായിരുന്നു അതിന്റെ പേര്. ചുഴലിക്കാറ്റുകൾ കേരളത്തിലൊന്നും അന്ന് കേട്ടിട്ടുപോലുമില്ല. (ചെറുപ്പത്തിൽ ഒരു കൊടുങ്കാറ്റ് അടിച്ചതിന്റെ ചെറിയൊരു ഒാർമയുണ്ട്) അറബിക്കടലിൽ നിന്നുള്ള ഊഷ്‌മളമായ കാറ്റ് ചെറുപ്പം തൊട്ടേ ജീവനിൽ പേറുന്ന എനിക്ക് ഒരു ചുഴലിക്കാറ്റിന് സാക്ഷ്യംവഹിക്കാൻ കഴിയുക എന്നത് വലിയ ആവേശമായി. രവിക്കും യുവരാജിനും അതേ ആവേശമായിരുന്നു. മൂന്നോ നാലോ ദിവസം മുന്നേ പലയിടത്തുനിന്നും മുന്നറിയിപ്പുകൾ വരാൻ തുടങ്ങിയിരുന്നു. പക്ഷേ, ചുഴലിക്കാറ്റ് വീശിയാലുണ്ടാകാവുന്ന നാശനഷ്ടങ്ങളേക്കാൾ അത് അനുഭവിച്ചറിയാനുള്ള ചിന്തകളിലായിപ്പോയി ഞങ്ങൾ. ഇതിന് പക്ഷേ ഒരടി കിട്ടിയപോലായത് ആംഗല വീശുന്ന ദിവസം സംപ്രേഷണ കേന്ദ്രത്തിന്റെ പ്രവർത്തനം മുടങ്ങും, അതുവഴി ചാനൽ ഓഫ് എയറാകും എന്നറിഞ്ഞപ്പോഴാണ്.

ശശികുമാർ സാറിനെ വിവരമറിയിച്ചു. പ്രകൃതിദുരന്തമല്ലേ, എന്തുചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു. സംപ്രേഷണ കേന്ദ്രത്തിലെ സ്റ്റാഫിനോ മാനേജർ ലാറി റിസ്സറിനോ മറ്റാർക്കെങ്കിലുമോ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഏഷ്യാനെറ്റ് സംപ്രേഷണം മുടങ്ങും.

ഏഷ്യാനെറ്റ് കേരളത്തിൽ പരിമിതമായി മാത്രമേ കിട്ടിയിരുന്നുള്ളൂ എന്നതിനാൽ ഇത് പത്രങ്ങളിൽ ചെറിയൊരു കോളം വാർത്ത മാത്രമായിരിക്കും. പക്ഷേ, ഞങ്ങൾക്ക് വലിയ നിരാശ തോന്നി. ചാനൽ സംപ്രേഷണം മുടങ്ങുക എന്നത് ആ ദിവസങ്ങളിൽ വല്ലാതെ സംഘർഷമുണ്ടാക്കുന്ന കാര്യമായിരുന്നു. ഞങ്ങൾ അവിടെയെത്തിയ ശേഷം ഒരുനിമിഷം പോലും ഓൺ എയർ സംപ്രേഷണത്തിൽ ഒരു തടസ്സവും വന്നിട്ടില്ലായിരുന്നു. പക്ഷേ, ഈ ഭീമൻ ചുരുൾവാതത്തെ പിടിച്ചുകെട്ടാൻ ആർക്കും കഴിയില്ല.

ഒക്ടോബർ അവസാനത്തോടെ പസഫിക് സമുദ്രത്തിലെ മാർഷൽ ദ്വീപുകൾക്കടുത്ത് രൂപമെടുത്ത ആംഗല ചുഴലിക്കാറ്റ് നവംബർ 2ന് ഫിലിപ്പീൻസിനെ ചുഴറ്റിയെറിഞ്ഞു. മലമുകളിലെ സുബിക് ബേ സാറ്റലൈറ്റ് സിസ്റ്റംസ് എന്ന സ്റ്റുഡിയോയിൽ ഇരുന്ന് ആ ഘോരവാതത്തെ ഞങ്ങൾ നെഞ്ചിടിപ്പോടെ കണ്ടു. ആദ്യം ചെറിയ മഴച്ചാറ്റലായി, മഴയായി, കാറ്റായി, കൊടുങ്കാറ്റായി, ചുഴലിയായി, ചുഴലിക്കൊടുങ്കാറ്റായി അത് അനേകം വേഷങ്ങളെടുത്ത് ആറാടുന്ന ഉഗ്രരൂപിണിയായ ദേവതയെപ്പോലെ ഞങ്ങൾക്ക് മുന്നിൽ നിറഞ്ഞാടി. എന്തൊരു വലിയ വാർത്തയാണ് ഞങ്ങളുടെ മുന്നിൽ ഉറഞ്ഞുതുള്ളുന്നത്! പക്ഷേ, ആ വാർത്ത കൊടുക്കാൻ ഞങ്ങൾക്ക് മാർഗമില്ല. സംപ്രേഷണ കേന്ദ്രത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തിയിരുന്നു.




 


ചുഴലിക്കാറ്റുകളെ ധാരാളം കണ്ടിട്ടുള്ള ഫിലിപ്പീൻകാരായ അവിടുത്തെ ജീവനക്കാർ അതിനെ നേരിട്ടത് എല്ലാ ഒരുക്കങ്ങളോടെയുമായിരുന്നു. എന്നാൽ, അടുത്ത ഘട്ടമാണ് കേന്ദ്രത്തിലെ ജോലിക്കാരെയുൾപ്പെടെ എല്ലാവരേയും ആശങ്കയിലാക്കിയത്. സംപ്രേഷണ കേന്ദ്രത്തിന്റെ ഏറ്റവും വലിയ ആന്റിനയ്ക്ക് ചുഴലിക്കാറ്റിൽ ഇളക്കം തട്ടുന്നു!

മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം അതിനകം തന്നെ ആംഗലയ്ക്ക് ഉണ്ടായിരുന്നു. എന്നാലും നല്ല ഉറപ്പിലും ഭാരത്തിലും നിൽക്കുന്ന ആന്റിനയ്ക്ക് ഇളക്കം തട്ടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ജീവനക്കാരാകെ നെട്ടോട്ടമായി. ആവുംവിധം ആന്റിനയെ ഉറപ്പിച്ചുനിർത്താൻ സാമഗ്രികളും കൊണ്ട് അവർ പരക്കംപാഞ്ഞു. ഒടുവിൽ പേശീബലംകൊണ്ടുപോലും അത് താങ്ങിനിർത്താനുള്ള പെടാപ്പാടിലേക്ക് നീങ്ങി. എല്ലാവരും ചേർന്ന് അതിന്റെ തൂണിനെ താങ്ങിനിർത്താൻ പരിശ്രമിച്ചു. യുവരാജും രവിയും, ചെറുകാറ്റിൽ തന്നെ പറന്നുപോകാൻ മാത്രമുള്ള ശരീരം മാത്രം അന്നുണ്ടായിരുന്ന ഞാൻ വരെ, അറിയാതെ അതിൽ പങ്കുചേർന്നു. അപ്പോഴും ഫിലിപ്പീൻകാരുടെ ശരീരമിടുക്ക് അസാമാന്യമായിരുന്നു. പത്തുമിനിറ്റ് താണ്ഡവമാടി ആംഗലാ ദേവത പിൻമാറിയപ്പോഴേക്ക് ചെറിയ തോതിൽ ഇളക്കം തട്ടി പാടേ തകർന്നുവീഴാതെ ആന്റിന നിന്നു. ആ സ്ഥാപനത്തിലാകെ നെടുവീർപ്പുകൾ ഉയർന്നു.

എന്നാൽ, ആംഗല പോയിക്കഴിഞ്ഞിട്ടും സംപ്രേഷണം തുടങ്ങാൻ സാധിച്ചില്ല. സംപ്രേഷണ കേന്ദ്രത്തിന് പല പരുക്കുകളും പറ്റിയിരുന്നു. പിറ്റേ ദിവസമായപ്പോഴേക്കും ഏകദേശം എല്ലാം ശരിയാക്കി ചാനൽ തിരിച്ചുവന്നു.

അന്നുരാത്രി കാട്ടിനിടയിലൂടെ ഞങ്ങൾ കുന്നിറങ്ങുമ്പോൾ മരങ്ങൾ വീണ് പലയിടത്തും തടസ്സങ്ങളായിരുന്നു. എന്നാൽ, പിറ്റേന്നത്തെ പത്രത്തിലാണ് ആംഗല വിതച്ചുപോയ അസാമാന്യ നാശങ്ങളുടെ കണക്കുകൾ കേട്ട് ഞങ്ങൾ തരിച്ചുപോയത്. ആയിരത്തോളം മരണം. നൂറുകോടി പെസോയുടെ നാശം. രാജ്യത്ത് കാൽ നൂറ്റാണ്ടിനിടയിൽ ഉണ്ടായ ഏറ്റവുംവലിയ ചുഴലിക്കാറ്റ്! വീശിയത് മണിക്കൂറിൽ 180 മുതൽ 210 വരെ കിലോമീറ്റർ വേഗത്തിൽ! ആദ്യം ആവേശത്തോടെ ആംഗലയെ കാത്തിരുന്ന ഞങ്ങൾക്കുള്ളിൽ അപ്പോഴാണ് ഉൾക്കിടിലത്തിന്റെ ചുഴലി വീശിയത്.

ആംഗല 'ഉത്തരവിട്ട' സംപ്രേഷണവിലക്കിൽ നിന്ന് ചാനൽ മുടങ്ങിപ്പോയ മറ്റൊരു കഥയിലേക്ക് വരാം, അടുത്ത ലക്കത്തിൽ.


Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - പ്രമോദ് രാമന്‍

editor

mediaone editor

Similar News