എ. സഹദേവൻ എന്ന സാഹസി

2004 ൽ ഞാൻ ഇന്ത്യാവിഷനിലെത്തിയപ്പോൾ കണ്ടുതുടങ്ങിയ സഹദേവേട്ടനിൽ കാര്യമായ മാറ്റമൊന്നും അദ്ദേഹം വിടപറഞ്ഞ നിമിഷംവരെയും കണ്ടിട്ടില്ല.

Update: 2022-03-28 13:34 GMT
Advertising

ഇന്ത്യാവിഷൻ കേരളത്തിലെ ആദ്യത്തെ സമ്പൂർണ വാർത്താചാനലായിരുന്നു. ജനനം 2003. മരണം 2014. ഈ കാലയളവിനുള്ളിൽ ഇന്ത്യാവിഷനിൽ നടന്നതെല്ലാം, ഏത് കൊച്ചുകാര്യം പോലും, ചരിത്രമാണ്. മലയാള ചാനലുകളിലെ ഏറ്റവും പ്രായംകുറഞ്ഞ എക്സിക്യൂട്ടിവ് എഡിറ്ററുടെ (എം.വി നികേഷ് കുമാർ) നേതൃത്വത്തിൽ മാധ്യമപ്രവർത്തകരിലെ ഏറ്റവും ഇളമുറക്കാരുടെ ടീം. വളരെ ചുരുക്കം പേർ മാത്രം മുതിർന്ന തലമുറക്കാർ. ആ മുതിർന്നവരുടെ കൂട്ടത്തിലെ കാരണവരായിരുന്നു എ.സഹദേവൻ എന്ന ആണ്ടൂർ സഹദേവൻ. എന്നാലോ, ആ ടീമിലെ ഏറ്റവും പ്രായംകുറഞ്ഞയാൾ എന്ന് വിശേഷിപ്പിക്കാവും വിധം ഊർജസ്വലനായ ജേണലിസ്റ്റ്, എഴുത്തുകാരൻ.

കഴിഞ്ഞദിവസം അന്തരിച്ച സഹദേവേട്ടന്റെ ജീവനറ്റ ശരീരം കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്ററിൽ നിന്ന് പുറത്തേക്കെടുക്കുമ്പോൾ, ഞങ്ങൾ, പഴയ ഇന്ത്യാവിഷൻ ടീമിലെ ഒരു പ്രധാനനിര സഹപ്രവർത്തകർ അവിടെയുണ്ടായിരുന്നു. എം.പി ബഷീർ, ഷിബു ജോസഫ്, ജയമോഹൻ, ഷാനി, പ്രിജി, മനീഷ്, എബി അങ്ങനെ. മൃതദേഹത്തിൽ ആദരാഞ്ജലിയർപ്പിച്ച് ആംബുലൻസിൽ കയറ്റുംവരെ അക്ഷോഭ്യമായിരുന്ന മനസ്സ് ആംബുലൻസ് നീങ്ങിത്തുടങ്ങിയപ്പോൾ ഇടറിപ്പോയി. ആ ഹോസ്പിറ്റൽ കോമ്പൗണ്ടിനപ്പുറത്തേക്ക് മറയുന്നത് ഇക്കാലഘട്ടത്തിലെ ഏറ്റവും കർമനിരതമായൊരു മനസ്സാണല്ലോ എന്നോർത്തപ്പോൾ.

2004 ൽ ഞാൻ ഇന്ത്യാവിഷനിലെത്തിയപ്പോൾ കണ്ടുതുടങ്ങിയ സഹദേവേട്ടനിൽ കാര്യമായ മാറ്റമൊന്നും അദ്ദേഹം വിടപറഞ്ഞ നിമിഷംവരെയും കണ്ടിട്ടില്ല. ശാരീരികമായ അവശതകൾ പയ്യെ വർധിച്ചിരുന്നു എന്നതൊഴിച്ചാൽ. മാസ്കോമിൽ പ്രഫസറായി ചേർന്നശേഷം ഞങ്ങൾ കണ്ടത് മലയാള മനോരമ ഓഫീസിൽ വച്ചായിരുന്നു. മനോരമ ന്യൂസിന്റെ എന്തോ ഔദ്യോഗിക ആവശ്യത്തിനായി ഞാൻ കോട്ടയത്ത് എത്തിയപ്പോഴായിരുന്നു അത്. സഹദേവേട്ടൻ മാസ്കോമിൽ ഉണ്ടെന്നും ചെറിയ ശാരീരിക അവശതകൾ ഉണ്ടെന്നും അറിഞ്ഞിരുന്നു. അതുകൊണ്ട് അവിടെക്കിട്ടുന്ന ചെറിയ സമയത്തിനുള്ളിൽ ഒന്നുപോയി കാണണമെന്ന് തീരുമാനിച്ചിരുന്നു. പക്ഷേ, എന്നെ അത്ഭുതപ്പെടുത്തി ആ മനുഷ്യൻ, ഞാൻ അവിടെയുണ്ടെന്ന് അറിഞ്ഞ് മനോരമയിൽ വന്ന് കണ്ടു. മാസ്കോമിൽ ചെയ്യാൻ കുറേ കാര്യങ്ങളുണ്ടെന്നും പിള്ളേരോട് സംസാരിക്കുകയും അവരെ പിന്തുടരുകയും ചെയ്യുന്നത് ഇപ്പോഴും സ്വയം പുതുക്കാൻ ഏറ്റവും നല്ല മാർഗമാണെന്നും സഹദേവേട്ടൻ പറഞ്ഞത് ഓർക്കുന്നു.



എന്നാൽ, ഇതൊന്നുമല്ല, സഹദേവേട്ടനെ ഓർക്കുമ്പോൾ മനസ്സിലാദ്യം എത്തുന്നത് ഒരു രാത്രിയാത്രയാണ്. 2005 അവസാനം. ഇന്ത്യാവിഷൻ അതിനകം തന്നെ സാമ്പത്തികമായ പലവിധ ബാധ്യതകളിൽ കുടുങ്ങാൻ ആരംഭിച്ചിരുന്നു. പ്രധാനമായും ഉപകരണങ്ങൾ വാടകയ്ക്ക് എടുത്തതിന്റെ ബാധ്യത. വാർത്താശേഖരണം മുതൽ സംപ്രേഷണംവരെ ആശ്രയിച്ചത് സൂം എന്ന കമ്പനിയുടെ വാടകയ്ക്കെടുത്ത ഉപകരണങ്ങളെയായിരുന്നു. ആ കമ്പനിക്ക് നൽകാനുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക അടയ്ക്കാതെ പ്രവർത്തനം മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതി. അവധി നൽകി മടുത്തിട്ടാകണം, ഒരുദിവസം വൈകീട്ടോടെ സൂം കമ്പനിക്കാർ വന്ന് സംപ്രേഷണം തടയുന്ന സ്ഥിതിയായി. ചാനലിനെ സംരക്ഷിക്കാൻ ജീവനക്കാർ ഒന്നടങ്കം മുന്നോട്ടുവരികയും ഒടുവിൽ അവർ കടുത്ത നടപടിയിൽ നിന്ന് പിൻമാറുകയും ചെയ്തു. പക്ഷേ, ഒരു സ്ഥാപനമെന്ന നിലയ്ക്ക് ഇന്ത്യാവിഷന് സ്ഥിരതയില്ല, ഏതുനിമിഷവും പ്രവർത്തനം തടസ്സപ്പെടാം എന്നൊരു പ്രതീതി ശക്തിപ്പെട്ടു.

ഇത്തരമൊരു ദിവസത്തിന് പിറ്റേന്നാണ് വളരെ പ്രധാനപ്പെട്ട ഒരു സംഭവമുണ്ടാകുന്നത്. ഞാൻ ഇന്ത്യാവിഷനിൽ എത്തുന്നതിനു മുൻപേ, ഏഷ്യാനെറ്റിലെ ജോലി രാജിവച്ച് ഇന്ത്യാവിഷനിൽ ചേർന്നയാളാണ് എൻ.പി ചന്ദ്രശേഖരൻ. ദേശാഭിമാനിയിലെ ജീവിതം മുതൽ ഞങ്ങൾ തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. ഏഷ്യാനെറ്റിൽ ഒരേ ഡെസ്കിൽ എന്റെ മുതിർന്നയാളായി ജോലിചെയ്തുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് അവിടെത്തന്നെ സഹപ്രവർത്തകനായിരുന്ന എം.വി നികേഷ് കുമാർ നേതൃത്വം നൽകുന്ന ചാനലിലേക്ക് ചന്ദ്രശേഖരൻ മാറിപ്പോകുന്നത്. ഇന്ത്യാവിഷൻ തുടങ്ങുന്നതിലും അതിന്റെ രൂപഭാവങ്ങളും ഉള്ളടക്കവും നിശ്ചയിക്കുന്നതിലും നികേഷിന് ഒപ്പംതന്നെ നിർണായക പങ്ക് നിർവഹിച്ച ആളുമാണ്. നികേഷിന്റെ കൂടെ ന്യൂസ് നൈറ്റിൽ പ്രത്യക്ഷപ്പെട്ട ചന്ദ്രശേഖരനെ ഇന്ത്യാവിഷന്റെ മുഖമായി എല്ലാവരും തിരിച്ചറിയാനും തുടങ്ങിയിരുന്നു.

ചാനലിന് നല്ലൊരു ടീം ഉണ്ടെന്ന അഭിപ്രായം നിലനിർത്തുന്നതിൽ അദ്ദേഹത്തിന്റെ സാന്നിധ്യം പ്രധാനമായിരുന്നു. പക്ഷേ, സ്ഥാപനം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന തോന്നൽ ശക്തിപ്പെടുന്നതിന് ഇടയിൽ അദ്ദേഹം രാജിവച്ചു. സൂമിലെ ആളുകൾ വന്ന് സംപ്രേഷണം തടസ്സപ്പെടുത്താൻ ശ്രമിച്ചതിന്റെ പിറ്റേന്നാണ് ചന്ദ്രശേഖരൻ രാജി വച്ചത്. ഇത് ഞാനടക്കം സ്ഥാപനത്തിലെ ആളുകളിൽ ഉണ്ടാക്കിയ നടുക്കം ചെറുതായിരുന്നില്ല. വൈകാതെ തന്നെ, ചന്ദ്രശേഖരൻ പോകുന്നത് കൈരളി - പീപ്പിളിലേക്ക് ആണെന്നുകൂടി വ്യക്തമായപ്പോൾ അതിന്റെ സൂചനകൾ കൂടുതൽ തെളിഞ്ഞു. അതിനു മുൻപ് തന്നെ പലരും വിട്ടുപോയിട്ടുണ്ടെങ്കിലും തലപ്പത്ത് സുസ്ഥിരമായൊരു ടീം ഉണ്ട് എന്നത് വലിയ കരുത്തായിരുന്നു. അതിലാണ് ചന്ദ്രശേഖരന്റെ രാജി ഇളക്കം തട്ടിച്ചത്.



നികേഷിന് കുലുക്കമൊന്നുമുണ്ടായിരുന്നില്ല. ഏത് പ്രതിസന്ധി വന്നാലും അടുത്ത ബുള്ളറ്റിനിലെ വാർത്തയെന്താണെന്നും തലക്കെട്ട് എന്താണെന്നും റൺഡൗൺ എങ്ങനെയുണ്ടെന്നും നോക്കാനാണ് അയാൾ കൂടുതൽ താൽപര്യം കാണിച്ചത് എന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. അന്ന് ഡെസ്കിന്റെ ചാർജിൽ ഉണ്ടായിരുന്ന പ്രിയ രവീന്ദ്രൻ ഉൾപ്പെടെ ബാക്കിയെല്ലാവരും അപ്സെറ്റ് ആയിരുന്നു. അന്ന് വൈകുന്നേരമായപ്പോഴേക്ക് അതൊരു ഡിപ്രഷന്റെ സ്വഭാവത്തിലേക്ക് നീങ്ങി.

ആ വൈകുന്നേരം ഞാൻ സഹദേവേട്ടനോട് ചോദിച്ചു.'സഹദേവേട്ടാ, ഒന്നും ചെയ്യാതിരുന്നാൽ ശരിയാകുമോ? നമുക്കൊന്നുപോയി ചെയർമാനെ കണ്ടാലോ?''

ചെയർമാൻ എന്നുവച്ചാൽ ഡോ. എം.കെ മുനീർ. അദ്ദേഹം മന്ത്രിയാണ്. തിരുവനന്തപുരത്താണ്.

സഹദേവേട്ടന് മറുപടി പറയാൻ ഒരുനിമിഷം പോലും വേണ്ടിവന്നില്ല.

''പോകാം''.

ആധി സഹദേവേട്ടനേയും മറ്റുള്ളവരെപ്പോലെതന്നെ പിടികൂടിയിരുന്നു. കാര്യം, സഹദേവേട്ടനാണ് അവിടെ ബാക്കിയെല്ലാവർക്കും കടംനൽകി സഹായിക്കുന്ന ആൾ. എപ്പോൾ ചോദിച്ചാലും കയ്യിലുണ്ടെങ്കിൽ തരുമെന്ന് പിള്ളേർക്കെല്ലാം അറിയാം. മരിച്ച് പണിയെടുക്കുന്ന പിളേളർ രാത്രിയിൽ രണ്ട് സ്മോളടിക്കാൻ പൈസ ചോദിച്ചാലും കൊടുക്കും. കയ്യിലുണ്ടെങ്കിൽ. ചോരുന്ന പേഴ്സിൽ പക്ഷേ എന്തെങ്കിലും എപ്പോഴും ബാക്കിയുണ്ടാകുമെന്ന് പിള്ളേർക്കുമറിയാം. പക്ഷേ, സ്ഥാപനം പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ അതൊരു ജീവൻമരണ പോരാട്ടത്തിലേക്കാണ് നമ്മെ നയിക്കുകയെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു.

സംഗതി നികേഷിനോട് പറഞ്ഞപ്പോൾ, കുറച്ചുകൂടി സാവകാശം എടുത്ത് ആലോചിക്കുന്നതല്ലേ നല്ലത് എന്നായിരുന്നു പ്രതികരണം. പക്ഷേ, അങ്ങനെ ഒന്നും ചെയ്യാതെയിരിക്കാൻ കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു ഞാൻ. ഏഷ്യാനെറ്റിലെ ജോലി വിട്ട് ഇന്ത്യാവിഷനിൽ എത്തുമ്പോൾ ശമ്പളം വർധിച്ചുവെങ്കിലും തുടക്കംതൊട്ടേ ശമ്പളത്തിന്റെ താളംതെറ്റിയത് മനസ്സിനെ അസ്വസ്ഥപ്പെടുത്തിയിരുന്നു. വീട് വാങ്ങിയതിനുള്ള വായ്പാ തിരിച്ചടവ് ഉൾപ്പെടെ ബാധ്യതകൾ. ജയയ്ക്ക് പൈ്രമറി സ്കകൂൾ അധ്യാപികയായി സർക്കാർ സർവീസിൽ ജോലികിട്ടി എന്നതുമാത്രമായിരുന്നു ആശ്വാസം. പക്ഷേ, അതുകൊണ്ടുമാത്രം ഒന്നും നടക്കില്ല. എന്റെ ജോലിയും ശമ്പളവും നിലനിൽപിന് പ്രധാനമായിരുന്നു. വ്യക്തിപരമായ ഇൗ ആശങ്കയോടൊപ്പം ഇന്ത്യാവിഷൻ എന്ന സ്വപ്നം നഷ്ടപ്പെടുന്നുവെന്ന വേദനയും ചെറുതായിരുന്നില്ല. എങ്ങനെയും സ്ഥാപനത്തെ സംരക്ഷിക്കുക എന്നത് അനിവാര്യമായ കർമമായിരുന്നു. അതിനാൽ എം.കെ മുനീറിനെക്കണ്ട് എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന ചോദ്യം ചോദിക്കാതെ വയ്യായിരുന്നു. ഒരുപരിധിക്കപ്പുറം നികേഷും എതിരു പറഞ്ഞില്ല.

തിരുവനന്തപുരത്തേക്ക് എങ്ങനെ പോകുമെന്നതായി അടുത്ത ചോദ്യം. ട്രെയിൻ പിടിക്കണോ, ബസിൽ പോകണോ. സഹദേവേട്ടൻ പറഞ്ഞു: ''രണ്ടുംവേണ്ട. പ്രമോദ് റെഡിയായിക്കോളൂ. ഞാൻ ഉടനെ കാറുമെടുത്ത് വരാം''.

അങ്ങനെ സഹദേവേട്ടന്റെ മാരുതി ആൾട്ടോ കാറിൽ വൈകീട്ട് 5 മണിയോടെ ഞങ്ങൾ രണ്ടാളും തിരുവനന്തപുരത്തേക്ക് തിരിച്ചു. ആ സമയത്തൊന്നും അങ്ങനെ നീണ്ട റോഡ് യാത്ര പതിവുണ്ടായിരുന്നില്ല. ഷൂട്ടിനൊക്കെ പോകുന്നതൊഴിച്ചാൽ. ഇത് പൂർണമായും സഹദേവേട്ടന്റെ ഉത്സാഹത്തിലാണ്. എനിക്കാണെങ്കിൽ, കാറോടിക്കാൻ ലൈസൻസ് ഉണ്ടായിരുന്നെങ്കിലും ഒാടിച്ച് പരിചയമില്ല. സഹദേവേട്ടൻ തന്നെ ഒാടിച്ചു. തിരുവനന്തപുരത്തേക്ക് ആ വൈകിയുള്ള യാത്ര പല ട്രാഫിക് കുരുക്കുകളിലും വലച്ചിലുകളിലും പെട്ട് അവസാനിച്ചത് 12 മണിക്കടുത്താണ്. ഞങ്ങൾ ഒട്ടേറെ സംസാരിച്ചു. ഇന്ത്യാവിഷന്റെ പ്രതിസന്ധി എവിടെവരെ പോകുമെന്നും എന്താണ് പോംവഴിയെന്നും തുടങ്ങി സിനിമക്കാരുടെ കാര്യങ്ങൾ വരെ. മന്ത്രി മന്ദിരത്തിലെത്തി മുനീറിനെ കാണുമ്പോൾ അർധരാത്രി പിന്നിട്ടു. ഞങ്ങൾ അതിസാഹസികമായി വന്നതിന്റെ ഗൗരവം അദ്ദേഹത്തിന് ബോധ്യംവന്നതുകൊണ്ടോ എന്നറിയില്ല, പറഞ്ഞതെല്ലാം കേട്ട് പ്രതീക്ഷ നൽകുന്ന കുറേ കാര്യങ്ങൾ അദ്ദേഹം മറുപടിയായി പറഞ്ഞു. ആ പറച്ചിൽ കേട്ടപ്പോൾ വലിയ ആശ്വാസം തോന്നി.



അതിന്റെ ആവേശത്തിൽ ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. അവിടെ എവിടെയെങ്കിലും പോകാനോ ആരെയെങ്കിലും കാണാനോ കഴിയുമായിരുന്നില്ല. തിരിച്ച് ഒാഫീസിൽ ജോലിക്കെത്തുക എന്നത് രണ്ടാൾക്കും ഒരുപോലെ ആവശ്യമായിരുന്നു. തൊട്ടുമുൻപ് ഇങ്ങോട്ടെത്തിയ അതേ വഴികളിലൂടെ സഹദേവേട്ടൻ തിരിച്ചും വണ്ടിയോടിച്ചു. സംസാരിച്ചുകൊണ്ട് തൊട്ടടുത്ത സീറ്റിലിരുന്ന ഞാൻ ക്ഷീണംകൊണ്ട് പലനേരത്തും ഉറങ്ങിപ്പോയി. പക്ഷേ, എന്നേക്കാൾ പ്രായവും ഇങ്ങോട്ട് വണ്ടിയോടിച്ചതിന്റെ ക്ഷീണവും ഉള്ള സഹദേവേട്ടൻ ഒരുനിമിഷംപോലും ഉറങ്ങിയില്ല! ഏതാണ്ട് ഏഴെട്ടുമണിയോടെ ഞങ്ങൾ എറണാകുളത്ത് തിരിച്ചെത്തി. അങ്ങോട്ടുമിങ്ങോട്ടുമായി രാത്രിയിൽ സഹദേവേട്ടൻ വിശ്രമമില്ലാതെ വണ്ടിയോടിച്ചത് ഏതാണ്ട് നാനൂറിൽ പരം കിലോമീറ്റർ!

അത് പിന്നീടോർക്കുമ്പോഴെല്ലാം എനിക്ക് വേദനയായി. വണ്ടിയോടിക്കാൻ തുടങ്ങിയശേഷം അത്രയും ദൂരം ഒറ്റയടിക്ക് രാത്രിയിൽ കാറോടിക്കുന്നതിന്റെ ആയാസം ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്നാൽ, അങ്ങനെയൊരു സാഹസം നടത്തിയതിന് ഫലമുണ്ടായോ, അതുമില്ല. ഇന്ത്യാവിഷനിൽ കാര്യങ്ങളൊക്കെ പഴയതുപോലെ തുടർന്നു. 2006ൽ ഞാനും 2011ൽ നികേഷ് തന്നെയും ചാനൽ വിട്ടു. എന്നാൽ, പിന്നെയും ഏറെനാൾ അവിടെ തുടർന്ന സഹദേവേട്ടൻ 24 ഫ്രെയിംസ് എന്ന പരിപാടിയിലൂടെ മലയാള ടെലിവിഷൻ രംഗത്തിന് മികച്ചൊരു സംഭാവനയും നൽകി.

പക്ഷേ, അന്നാ രാത്രിയിൽ എന്റെയൊരു തോന്നലിന് നിരുപാധിക പിന്തുണ നൽകി സ്വന്തം കാറുമെടുത്ത് എന്നോടൊപ്പം അത്രയും ദൂരം വണ്ടിയോടിച്ച് സ്വയം ശിക്ഷിക്കുംപോലെ യാത്രചെയ്ത സഹദേവേട്ടൻ എന്റെ മനസ്സിൽ ശേഷിപ്പിച്ചത്, മറ്റൊരു മനുഷ്യനെക്കൊണ്ടും പകരംവയ്ക്കാൻ കഴിയാത്ത അർപ്പണബോധത്തിന്റെ ചിത്രമാണ്.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - പ്രമോദ് രാമന്‍

editor

mediaone editor

Similar News