രാഹുല്‍-പന്ത് മഹാകൂട്ടുകെട്ടും രക്ഷക്കെത്തിയില്ല; ഓവലിലും ഇന്ത്യ തോറ്റു
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയത് 4-1ന്.
ആറാം വിക്കറ്റില്‍ 204 റണ്‍സിന്റെ മഹാകൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇംഗ്ലണ്ടിനെ ഞെട്ടിച്ചെങ്കിലും മത്സരത്തില്‍ ഇന്ത്യ തോറ്റു. 118 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. പരമ്പര ഇംഗ്ലണ്ട് നേരത്തെ സ്വന്തമാക്കിയിരുന്നു. ഓവലിലും ഇന്ത്യ തോറ്റതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയത് 4-1നും. വിക്കറ്റ് കീപ്പര്‍ റിഷബ് പന്തും ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലും ചേര്‍ന്നാണ് ആറാം വിക്കറ്റില്‍ ഇന്ത്യയെ കരകയറ്റിയത്. ഇരുവരും സെഞ്ച്വറി നേടി പുറത്തായി.രാഹുല്‍ 149ഉം പന്ത് 114 റണ്‍സും നേടി. സ്കോര്‍ ബോര്‍ഡ് ചുരുക്കത്തില്‍; ഇംഗ്ലണ്ട്-332,423-8, ഇന്ത്യ-292,345
224 പന്തില്‍ നിന്ന് 20 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സെങ്കില്‍ പന്തിന്റേത് 146 പന്തില്‍ നിന്ന് 15 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു. എന്നാല്‍ ആദില്‍ റാഷിദ് രണ്ട് പേരെയും മടക്കി ഇംഗ്ലണ്ടിന് പ്രതീക്ഷയേറ്റി. പിന്നാലെ വന്നവര്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇംഗ്ലണ്ട് ന്യൂബോള്‍ കൂടി എടുത്തതോടെ ഇന്ത്യ വീണു. ജയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാം കറണും ആദില്‍ റാഷിദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ അലെസ്റ്റര്‍ കുക്കിന് ജയത്തോടെ തന്നെ യാത്രയയക്കാന്‍ ഇംഗ്ലണ്ടിനായി.
രാഹുല്‍-പന്ത് കൂട്ടുകെട്ട് പൊളിക്കാനാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് വിയര്‍ത്തത്. ജോ റൂട്ട് തന്നെ പന്തെറിഞ്ഞിട്ടും രക്ഷയുണ്ടായില്ല. മൂന്ന് വിക്കറ്റിന് 53 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തോല്‍വി ഒഴിവാക്കുക എന്ന ലക്ഷ്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ. രഹാനെയും രാഹുലും ഇംഗ്ലണ്ട് ബൗളര്‍മാരെ കരുതലോടെ നേരിട്ടു. സമയം കഴിയുംതോറും രാഹുല്‍ ഗിയര്‍മാറ്റി ബൗളര്‍മാരെ പ്രഹരിക്കാന്‍ തുടങ്ങി. എന്നാല്‍ ലഞ്ചിന് തൊട്ട് മുമ്പ് രഹാനയേയും(37) കഴിഞ്ഞ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ഹനുമ വിഹാരി(0)യേയും പറഞ്ഞയച്ച് ഇംഗ്ലണ്ട് കളിയിലേക്ക് തിരിച്ചെത്തി.
അതിനിടെ രാഹുല്‍ കരിയറിലെ അഞ്ചാം സെഞ്ച്വറി കുറിച്ചു. കാര്യങ്ങള്‍ വീണ്ടും മറിഞ്ഞു എന്ന നിലയില്‍ നിന്നാണ് ആറാം വിക്കറ്റില്‍ പന്തിനൊപ്പം ചേര്‍ന്ന് രാഹുല്‍ അടിച്ചുകളിച്ചത്. അവര്‍ക്ക് അതല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നു. ഒരു സെഷന്‍ മുഴുവന്‍ പിടിച്ചു നിന്ന ഇവര്‍ ഇംഗ്ലണ്ട് ഫീല്‍ഡര്‍മാരെയും ബൗളര്‍മാരെയും അടിമുടി നിരാശരാക്കി. ബൗണ്ടറികള്‍ ഇരുവരുടെയും ബാറ്റില്‍ നിന്ന് യഥേഷ്ടം പിറന്നു. ഇതില്‍ അപകടകാരിയായത് പന്തും. ആദില്‍ റാഷിദിനെ സിക്‌സറിടിച്ചാണ് പന്ത് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 117 പന്തില്‍ നിന്നായിരുന്നു പന്തിന്റെ കന്നി സെഞ്ച്വറി.