2023 ഏകദിന ലോകകപ്പിനുള്ള 20 താരങ്ങളെ തിരഞ്ഞെടുത്തു; അപ്രതീക്ഷിത നീക്കവുമായി ബി.സി.സി.ഐ

തിരഞ്ഞെടുക്കപ്പെട്ട താരങ്ങളോട് ഐ.പി.എല്ലില്‍നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുമെന്നാണ് വിവരം

Update: 2023-01-01 11:34 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഈ വർഷം ഇന്ത്യ ആതിഥ്യമരുളാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള 20 അംഗ ഇന്ത്യൻ സംഘം തയാറായതായി റിപ്പോർട്ട്. അന്തിമ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കാനായി പരിഗണിക്കുന്നവരുടെ പട്ടികയാണ് ബി.സി.സി.ഐ തയാറാക്കിയിരിക്കുന്നത്. സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ പതിവില്ലാത്ത നടപടികൾക്കാണ് ബി.സി.സി.ഐ ഒരുങ്ങുന്നത്.

ബി.സി.സി.ഐ റിവ്യൂ യോഗത്തിലാണ് താരങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. താരങ്ങളുടെ ജോലിഭാരം, ലഭ്യത, ഫിറ്റ്‌നെസ് മാനദണ്ഡങ്ങൾ അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയായതായാണ് അറിയുന്നത്. ഐ.സി.സി ലോകകപ്പ് മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. ഇതിനുശേഷമാണ് നിർണായക വിവരം ജയ് ഷാ പുറത്തുവിട്ടത്.

തിരഞ്ഞെടുക്കപ്പെട്ട താരങ്ങളുടെ പട്ടിക ഉടന്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്. ഇവരില്‍ ചിലരോട് ഐ.പി.എല്‍ മത്സരങ്ങളില്‍നിന്ന് മാറിനില്‍ക്കാനടക്കം ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിക്കുമെന്നാണ് വിവരം. തിരഞ്ഞെടുക്കപ്പെട്ട താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതടക്കമുള്ള ദൗത്യം നാഷനൽ ക്രിക്കറ്റ് അക്കാദമി(എൻ.സി.എ)യെയാണ് ഏൽപിച്ചിരിക്കുന്നത്. ഐ.പി.എൽ ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ട് താരങ്ങളുടെ ജോലിഭാരം കുറയ്ക്കാനുള്ള ചർച്ചകൾ നടക്കും. ഭാവി വിദേശ പര്യടനങ്ങളും 2023 ലോകകപ്പും മുന്നിൽകണ്ടുകൊണ്ടായിരിക്കും അടുത്ത നടപടികളെന്ന് ബി.സി.സി.ഐ പുറത്തിറക്കിയ വാർത്താകുറിപ്പിൽ സൂചിപ്പിക്കുന്നു.

സുപ്രധാനമായ മറ്റു തീരുമാനങ്ങളും യോഗത്തിൽ കൈക്കൊണ്ടിട്ടുണ്ട്. ഫിറ്റ്‌നെസ് തെളിയിക്കാനുള്ള യോയോ ടെസ്റ്റും ഡെക്‌സയും തിരിച്ചുകൊണ്ടുവരാൻ തീരുമാനമായിട്ടുണ്ട്. ഈ ടെസ്റ്റ് ഫലങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഭാവിയിൽ താരങ്ങളെ മത്സരങ്ങൾക്ക് തിരഞ്ഞെടുക്കുക. യുവതാരങ്ങളെ ദേശീയ ടീമിലെടുക്കണമെങ്കിൽ മതിയായ ആഭ്യന്തര ക്രിക്കറ്റ് പരിചയവും നിർബന്ധമാക്കിയിരിക്കുകയാണ്.

റിവ്യൂ യോഗത്തിൽ പുതിയ ബി.സി.സി.ഐ അധ്യക്ഷൻ റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ, ഇന്ത്യൻ നായകൻ രോഹിത് ശർമ, ടീം ഇന്ത്യ കോച്ച് രാഹുൽ ദ്രാവിഡ്, എൻ.സി.എ തലവൻ വി.വി.എസ് ലക്ഷ്മണൻ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ തുടങ്ങിയവരാണ് റിവ്യൂ യോഗത്തിൽ പങ്കെടുത്തത്. ഇന്ന് മുംബൈയിൽ വച്ചായിരുന്നു യോഗം.

Summary: BCCI shortlists pool of 20 Indian cricketers with focus entirely on 2023 ODI World Cup

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News