'വീട്ടിൽ ഭയങ്കര സ്ട്രിക്ടാണ്, അച്ഛന് എന്തെങ്കിലും പണികൊടുക്കണമെന്ന് മകൻ വിളിച്ചുപറഞ്ഞു'; ദ്രാവിഡ് ഇന്ത്യൻ കോച്ചായത് അങ്ങനെയാണെന്ന് ഗാംഗുലി
ഒരുമിച്ച് ജീവിച്ചു കളിച്ചു വളർന്നവരായതിനാൽ ദ്രാവിഡ് വീണ്ടും ടീമിന്റെ ഭാഗമാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി
കളത്തിലും കളത്തിനു പുറത്തും അടുത്ത സുഹൃത്തുക്കളാണ് മുൻ ഇന്ത്യൻ താരങ്ങളായ സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡും. ഒരുമിച്ചാണ് ഇരുവരും ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. ഒരു ദശകത്തിലേറെക്കാലം രണ്ടുപേരും ഒരുമിച്ച് രാജ്യത്തെ അന്താരാഷ്ട്ര ക്രിക്കറ്റിൽ പ്രതിനിധീകരിക്കുകയും ചെയ്തു. ഒരിക്കൽകൂടി ഇന്ത്യൻ ക്രിക്കറ്റിനെ കളത്തിനു പുറത്ത് ഒരേസമയം നേതൃത്വം നൽകാനുള്ള ഭാഗ്യം സിദ്ധിച്ചിരിക്കുകയാണ് ഇരുവർക്കും. ഗാംഗുലി ബിസിസിഐ അധ്യക്ഷനായി തുടരുമ്പോൾ ടീം ഇന്ത്യയുടെ പുതിയ പരിശീലകദൗത്യമാണ് ദിവസങ്ങൾക്കുമുൻപ് ദ്രാവിഡ് ഏറ്റെടുത്തത്.
ഇതിനിടയിൽ, ദ്രാവിഡിനെ ടീം കോച്ചാക്കാൻ 'കാരണമായ' രസകരമായ ഒരു ഫോൺകോളിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഗാംഗുലി. മറ്റാരുമല്ല, ദ്രാവിഡിന്റെ മകൻ തന്നെയായിരുന്നു ഫോണിൽ അപ്പുറത്ത്. വിളിച്ചുപറഞ്ഞ കാര്യമാണ് ഏറെ രസകരം; ''അച്ഛനിവിടെ വീട്ടിൽ ഭയങ്കര 'സ്ട്രിക്ട്' ആണ്, ഇവിടുന്നൊന്ന് കൊണ്ടുപോകണം!''
40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നടന്ന ഒരു സെഷനിലായിരുന്നു ഗാംഗുലി ഇക്കാര്യം വെളിപ്പെടുത്തിയത്: ''ദ്രാവിഡിന്റെ മകൻ എന്നെ വിളിച്ചു. അച്ഛൻ തന്നോട് ഭയങ്കര സ്ട്രിക്ട് ആണ്, ഇവിടെനിന്ന് എങ്ങനെയെങ്കിലും പുള്ളിയെ കൊണ്ടുപോകുമോ എന്നു ചോദിച്ചു. അങ്ങനെയാണ് ഞാൻ ദ്രാവിഡിനെ വിളിച്ച് ദേശീയ ടീമിനൊപ്പം ചേരാൻ പറഞ്ഞത്...!''
ഒരുമിച്ച് ജീവിച്ചു കളിച്ചു വളർന്നവരായതിനാൽ അദ്ദേഹം വീണ്ടും ടീമിന്റെ ഭാഗമാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ഗാംഗുലി പറഞ്ഞു. ക്രിക്കറ്റിന്റെ വലിയ അംബാസഡറാണ് ദ്രാവിഡെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പര നാളെ ആരംഭിക്കുകയാണ്. ന്യൂസിലൻഡിനെതിരെ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ വൈകീട്ട് ഏഴിന് ജെയ്പൂരിൽ നടക്കും. പുതിയ ടി20 നായകനായുള്ള രോഹിത് ശർമയുടെ ആദ്യ പരമ്പര കൂടിയാണിത്. 19ന് റാഞ്ചി, 21ന് കൊൽക്കത്ത എന്നിവിടങ്ങളിലാണ് ബാക്കിയുള്ള മത്സരങ്ങൾ. കാൺപൂർ, മുംബൈ എന്നിവിടങ്ങളിൽ കിവികളുമായി രണ്ട് ടെസ്റ്റുകളും ടീം കളിക്കും.
Summary: 'I got a call from him saying his father was being too strict with him and that he needed to be taken away. That's when I called Rahul (Dravid) and told him that it was time for him to join the national team': Ganguly recalls chat with Dravid's son ahead of appointment of India coach