ഷമി ഹീറോയാടാ... ഹീറോ...

തോല്‍വിയിലും മുട്ടുവിറയ്ക്കാതെ നിവര്‍ന്നുനിന്ന് പാകിസ്താന്‍ ആരാധകനോട് മറുപടി പറഞ്ഞ അയാള്‍ക്കാണ് ഇന്ന് രാജ്യസ്നേഹം തെളിയിക്കേണ്ടി വരുന്നത്, എന്തൊരു അവസ്ഥയാണിത്...?

Update: 2021-10-27 08:53 GMT
Advertising

ടീം തോറ്റതിന്‍റെ ഉത്തരവാദിത്തം ഷമിക്ക് മാത്രമാണോ...? അല്ല, പിന്നെന്തുകൊണ്ടാണ് അയാള്‍ മാത്രം ക്രൂശിക്കപ്പെടുന്നത്, പിന്നെന്താണ് അയാള്‍ക്ക് മാത്രം സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടിവരുന്നത്...?

ഒരൊറ്റ ഉത്തരം മാത്രം, അയാളുടെ പേര് മുഹമ്മദ് ഷമിയെന്നായതുകൊണ്ട്...! അതെ, അയാളുടെ പേരുതന്നെയാണ് ചില 'തല്‍പരകക്ഷികളുടെ' പ്രശ്നം, അയാളുടെ ഐഡന്‍റിറ്റി, അതാണ് വിഷം വമിക്കുന്ന സംഘപരിവാര്‍ സെല്ലുകളുടെ പ്രധാന ആയുധം

ഒരൊറ്റ മത്സരം കൊണ്ട് മുസ്‍ലിം നാമധാരിയായി എന്നതിന്‍റെ പേരില്‍ ഒരു ക്രിക്കറ്റ് താരത്തെ രാജ്യദ്രോഹിയാക്കുകയും പാകിസ്താനിലേക്ക് ടിക്കറ്റ് കൊടുക്കുകയും ചെയ്യുന്ന സോ കോള്‍ഡ് 'വിസ ഏജന്‍സികള്‍'ക്ക് നാല് വര്‍ഷം മുമ്പുള്ള ഒരു ചരിത്രം പറഞ്ഞുതരാം... 2017ലെ ചാമ്പ്യൻസ്​ ട്രോഫി ഫൈനല്‍, പാകിസ്​താനെതിരെ കനത്ത പരാജയം ഏറ്റുവാങ്ങി ഇന്ത്യന്‍ ടീം​ ഡ്രസിങ്​ റൂമിലേക്ക്​ മടങ്ങുന്നു. കാണികള്‍ക്കിടയിലൂടെ നടന്നുനീങ്ങിയ ഇന്ത്യൻ കളിക്കാര്‍ക്ക് നേരെ പാക്​ ആരാധകര്‍ മര്യാദകളുടെ സകല അതിര്‍വരമ്പുകളം ഭേദിച്ച് ആക്ഷേപം ചൊരിയുന്നു. തുമാരാ മാ കോന്‍ ഹൈ, ബാപ് കോന്‍ ഹൈ...?

നിങ്ങളുടെയൊക്കെ അച്ഛനും, അമ്മയും ആരാണ് എന്നുള്ള തരത്തിലായിരുന്നു ഡ്രസിങ് റൂമിലേക്ക് നടന്നുനീങ്ങിയ ഇന്ത്യന്‍ താരങ്ങളെ നോക്കി ഒരു പാക് ആരാധകന്‍ ചോദിച്ചത്. മറ്റെല്ലാ ഇന്ത്യന്‍ താരങ്ങളും പ്രതികരിക്കാതിരുന്നപ്പോള്‍ തിരിഞ്ഞു നിന്ന് മറുപടി പറയാന്‍ തയ്യാറായത് ഒരേയൊരു ഷമി മാത്രമായിരുന്നു. 'എല്ലാവർക്കും ഒരു മോശം ദിവസമുണ്ടാകും, ആരാധകരാണെന്ന് കരുതി എതിര്‍ടീമിന് നേരെ എന്തും പറയാമെന്ന് കരുതരുത്, കുറച്ചെങ്കിലും വിവേകമുള്ളവരാകണം' ഇതായിരുന്നു ഷമിയുടെ മറുപടി, ഒടുവില്‍ ക്യാപ്റ്റന്‍ കൂള്‍ ​എം.എസ്​.ധോണി ഇടപെട്ടാണ്​ ഷമിയെ അനുനയിപ്പിച്ചത്​.

തോല്‍വിയിലും മുട്ടുവിറയ്ക്കാതെ നിവര്‍ന്നുനിന്ന് പാകിസ്താന്‍ ആരാധകനോട് മറുപടി പറഞ്ഞ അയാള്‍ക്കാണ് ഇന്ന് രാജ്യസ്നേഹം തെളിയിക്കേണ്ടി വരുന്നത്, എന്തൊരു അവസ്ഥയാണിത്...?

Full View

വിദ്വേഷ പ്രചാരണത്തിന്‍റെ പണിപ്പുരയ്ക്കിടയില്‍ മറവി പിടികൂടിയിട്ടില്ലെങ്കില്‍‌ ഒരു കാര്യം കൂടി ഓര്‍മിപ്പിക്കാം. 2015 ലോകകപ്പ് മത്സരം, അന്നും ഇതേ പാകിസ്താനെ എറിഞ്ഞിട്ട മനുഷ്യന്‍റെ പേര് മുഹമ്മദ് ഷമി എന്നായായിരുന്നു. യൂനിസ് ഖാന്‍, ഷാഹിദ് അഫ്രീദി, വഹാബ് റിയാസ്, ഒടുവില്‍ പാകിസ്ഥാന്‍റെ അവസാന പ്രതീക്ഷയാ ക്യാപ്റ്റന്‍ മിസ്ബാ ഉല്‍ ഹഖും, ഷമി പിഴുത ആ നാല് വിക്കറ്റകളാണ് അന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ഇനി രാജ്യസ്നേഹത്തിന്‍റെ മൊത്തക്കച്ചവടക്കാരോടാണ്, ക്രിക്കറ്റും സ്പോര്‍ട്സുമെല്ലാം എന്താണെന്ന് അറിയാന്‍ ചുരുങ്ങിയപക്ഷം പണ്ടുകാലത്ത് കടല പൊതിഞ്ഞുകൊണ്ട് വന്ന പത്രത്തിലെ സ്പോര്‍ട്സ് പേജെങ്കിലും വായിച്ച പരിചയമുണ്ടാകണം...!

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

Byline - ഷെഫി ഷാജഹാന്‍

contributor

Similar News