കുഞ്ഞിന്റെ കരച്ചിൽ കേട്ട് ദേഷ്യം വന്നു; ഒന്നര വയസുകാരനെ അച്ഛൻ വിഷം കൊടുത്ത് കൊന്നു
പാല് കൊടുക്കുന്നതിന് പകരം വിഷം നൽകുകയായിരുന്നു
ബിഹാറിൽ പിഞ്ചുകുഞ്ഞിനെ അച്ഛൻ വിഷം കൊടുത്ത് കൊന്നു. ഒന്നര വയസ് പ്രായമുള്ള ആൺ കുഞ്ഞ് തുടർച്ചയായി കരഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.കത്തിയാർ ജില്ലയിലാണ് സംഭവം. 24കാരനായ മുന്നാ മണ്ഡലാണ് കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നതെന്ന് പൊലീസ് പറയുന്നു. പാല് കൊടുക്കുന്നതിന് പകരം വിഷം നൽകുകയായിരുന്നു.
വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുഞ്ഞ് കരയുന്ന സമയത്ത് അമ്മ പൂനം ദേവി വീട്ടിൽ ഉണ്ടായിരുന്നില്ല. മുന്നാ മണ്ഡൽ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കുഞ്ഞ് നിരന്തരമായി കരഞ്ഞതോടെ, ദേഷ്യം വന്ന മുന്നാ മണ്ഡൽ കുട്ടിക്ക് വിഷം നൽകുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ മുന്നാ മണ്ഡൽ ഒളിവിലാണ്. പ്രതിയെ പിടികൂടുന്നതിന് വേണ്ടി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
പൂനം ദേവി വീട്ടിൽ തിരിച്ചെത്തി നോക്കുമ്പോൾ കുഞ്ഞിന് അനക്കമില്ല എന്ന് മനസിലായതോടെ ഭർത്താവിനോട് കാര്യം ചോദിച്ചു. കുഞ്ഞിന് വിഷം നൽകിയ കാര്യം ഭർത്താവ് ഏറ്റുപറഞ്ഞു. ഉടൻ തന്നെ ദേവി ഒച്ചവെച്ച് ആളെ കൂട്ടുകയും ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ കുഞ്ഞ് മരിച്ചതായി പൊലീസ് പറയുന്നു.