ഗൗരിയമ്മ - ടി.വി തോമസ് പ്രണയത്തിന്റെ സാക്ഷ്യമായി ആ കിളിവാതിൽ ഇപ്പോഴുമുണ്ട്‌

വിവാഹം വഴിപിരിഞ്ഞെങ്കിലും സാനഡുവിനും റോസ് ഹൗസിനുമിടയിലെ കിളിവാതിലിന് താഴുവീണില്ല. മരങ്ങളുടെ വേരിറങ്ങി മതിൽ ഒരിക്കൽ തകർന്നു. പുതുക്കി പണിതവർ ആ വാതിൽ അതുപോലെ സംരക്ഷിച്ചു.

Update: 2021-05-11 07:03 GMT
Advertising

1975-ലെ കമ്മ്യൂണിസ്റ്റ് സർക്കാർ മന്ത്രിസഭയിൽ അംഗമായിരിക്കെയായിരുന്നു കെ.ആർ ഗൗരിയമ്മയുടെ വിവാഹം; രാഷ്ട്രീയ ജീവിതത്തിലും മന്ത്രിസഭയിലും കൂടെയുണ്ടായിരുന്ന ടി.വി തോമസുമായുള്ള പ്രണയത്തിന്റെ സാഫല്യം. വിപ്ലവകരമായ പ്രണയ ജീവിതം ദാമ്പത്യത്തിലേക്ക് പിടിച്ചു കയറ്റിയത് പാർട്ടിയായിരുന്നു. ഇരുവരുടെയും പ്രണയ -ദാമ്പത്യ ജീവിതത്തിന്റെ ഒരു ചരിത്ര വാതിൽ, മന്ത്രി മന്ദിരങ്ങളായ സാനഡുവിനും റോസ് ഹൗസിനുമിടയിൽ ഇന്നും നിലനിൽക്കുന്നുണ്ട്.

ഇൻക്വിലാബിന്റെ ഇടിമുഴക്കം ഇരമ്പിയ ഇടങ്ങൾ, ആലപ്പുഴയിലെ വിപ്ലവ വീഥികൾ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കരുത്തരായ രണ്ടു സഖാക്കൾ... പാർട്ടി വേദികളിലെ സൗഹൃദം പ്രണയമായി മാറാൻ താമസമുണ്ടായില്ല. 1957 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് കെ.ആർ.ഗൗരിയും ടി വി തോമസും മന്ത്രിമാരായി. തലസ്ഥാനത്തിന്റെ ഒത്തു നടുവിലായി സ്ഥിതി ചെയ്യുന്ന സാനഡുവിൽ ഗൗരിയും ഒരു മതിലപ്പുറത്തെ റോസ് ഹൗസിൽ ടി വി തോമസും താമസക്കാരുമായി.

ഇരുവരുടെയും പ്രണയം മനസ്സിലാക്കിയ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടാണ് വിവാഹത്തിനായി മുന്നിട്ടിറങ്ങിയത്. 1957 മെയ് 30-നായിരുന്നു വിവാഹം. സാനഡുവിൽ വച്ചു നടന്ന ലളിതമായ ചടങ്ങിൽ ഇ.എം.എസ് തന്നെയാണ് ടി വി തോമസിന്റെ കൈയ്യിൽ താലി എടുത്തു കൊടുത്തത്.

വീടുകൾ അടുത്തടുത്താണെങ്കിലും റോഡ് ചുറ്റി വേണമായിരുന്നു ഇരുവർക്കും തമ്മിൽ കാണാൻ. ഇത് മറികടക്കാനുള്ള പോംവഴിയായി മതിലിൽ ഒരു വിടവുണ്ടാക്കി. പിന്നീടുള്ള യാത്രകൾ അതു വഴിയായിരുന്നു.പ്രണയത്തിന്റെ ഇടനാഴി.

1967-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഗൗരിയമ്മ സി.പി.എമ്മിലും ടി.വി തോമസ് സി.പി.ഐയിലുമായി. ഇത് ഇരുവരുടെയും വൈവാഹിക ജീവിതത്തിലെ വഴിപിരിയലിനു കാരണവുമായി. പിരിയാൻ നേരം ടി.വി തോമസ് ഒരുപാട് കരഞ്ഞിരുന്നുവെന്ന് ഗൗരിയമ്മ പിന്നീട് ഓർക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങളിൽ കൂടെയില്ലാതെ പോയത് ഗൗരിയമ്മയെ അഗാധമായി വേദനിപ്പിച്ചിരുന്നു. ബോംബെയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ടി.വിയെ, പാർട്ടിയുടെ പ്രത്യേക അനുമതി വാങ്ങിപ്പോയി കാണുകയും പരിചരിക്കുകയും ചെയ്തു അവർ.

കേരള രാഷ്ട്രീയത്തിൽ ചർച്ചയായ വിവാഹം വഴിപിരിഞ്ഞെങ്കിലും സാനഡുവിനും റോസ് ഹൗസിനുമിടയിലെ കിളിവാതിലിന് താഴുവീണില്ല. മരങ്ങളുടെ വേരിറങ്ങി മതിൽ ഒരിക്കൽ തകർന്നു. പുതുക്കി പണിതവർ ആ വാതിൽ അതുപോലെ സംരക്ഷിച്ചു. ഒരു കാലത്തു കേരളം ഒരുപാട് ചർച്ച ചെയ്ത പ്രണയ ഇടം അത്രപെട്ടെന്ന് മായ്ച്ചു കളയാനാകില്ലല്ലോ.

Also Read:എടാ പോടാ വിളികൾ, അതിരറ്റ സ്‌നേഹം, ഉറച്ച രാഷ്ട്രീയബോധ്യം; ഗൗരിയമ്മ എന്ന കുഞ്ഞമ്മ ഇതായിരുന്നു




Editor - André

contributor

By - ആർ.ബി. സനൂപ്

contributor

Similar News