'തടിച്ച പെണ്ണുങ്ങളെയൊക്കെ മന്തിയെന്ന് പറയും, ആ ഭാഷ പ്രയോഗത്തെയാണ് വിമർശിച്ചത്'; കുഴിമന്തി വിവാദത്തിൽ വിശദീകരണവുമായി വി.കെ. ശ്രീരാമൻ

കുഴിമന്തിയോട് തനിക്ക് ഒരു എതിർപ്പുമില്ലെന്നും പുതിയ ഭക്ഷണ വിഭവങ്ങൾ കേരളത്തിലെത്തണമെന്നും മലയാളി രുചിച്ചു നോക്കണമെന്നും വി.കെ ശ്രീരാമൻ

Update: 2022-10-01 10:35 GMT
Advertising

തൃശൂർ: കുഴിമന്തിയെന്ന ഭക്ഷണത്തെയല്ല ആ ഭാഷ പ്രയോഗത്തെയാണ് വിമർശിച്ചതെന്ന് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ. തടിച്ച സ്ത്രീകളെ പരിഹസിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് മന്തിയെന്നും മറ്റു ഭാഷയിലെ നല്ല പദങ്ങൾ മലയാളത്തിൽ അശ്ലീലമാണെങ്കിൽ അത് ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മീഡിയവണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കുഴിമന്തിക്ക് പകരം നല്ല പദം ഉപയോഗിച്ചിരിന്നുവെങ്കിൽ കൂടുതൽ നന്നാകുമായിരുന്നുവെന്നും ഇത് സംബന്ധിച്ച് ഭാഷാപരമായ ചർച്ചകൾ ഉയർന്നു വരട്ടെ എന്നും അദ്ദേഹം പറഞ്ഞു.

കുഴിമന്തിയെന്ന് എഴുതി വെച്ചത് ആദ്യം കണ്ടപ്പോൾ ഭക്ഷണ വിഭവമാണെന്ന് മനസ്സിലായില്ലെന്നും പിന്നീടാണ് യമനീ വിഭവമാണെന്ന് അറിഞ്ഞതെന്നും ശ്രീരാമൻ വിശദീകരിച്ചു. ഈ പദം ഭക്ഷണ പദാർത്ഥത്തിന് ഇടാവുന്ന പേരല്ലെന്നും നാട്ടിൽ മലയാളത്തിലെ ചില പദങ്ങൾ കേൾക്കുമ്പോൾ ഇഷ്ടവും അനിഷ്ടവുമൊക്കെ മലയാളിക്കുണ്ടാകാമെന്നും പറഞ്ഞു.

Full View

കുഴിമന്തിയോട് തനിക്ക് ഒരു എതിർപ്പുമില്ലെന്നും പുതിയ ഭക്ഷണ വിഭവങ്ങൾ കേരളത്തിലെത്തണമെന്നും മലയാളി രുചിച്ചു നോക്കണമെന്നും വി.കെ ശ്രീരാമൻ അഭിപ്രായപ്പെട്ടു. കേരളത്തിന് അടിസ്ഥാനപരമയൊരു ഭക്ഷണ സംസ്‌കാരമില്ലെന്നും ഇഡ്ഡലി, ദോശ, സാമ്പാർ, പുട്ട് തുടങ്ങിയവയൊക്കെ പുറംനാടുകളിൽ നിന്ന് വന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ വിഭവങ്ങൾക്ക് പേരിടുമ്പോൾ നമ്മുടെ കണ്ണിനും കാതിനും രുചികരമാകണമെന്നും എന്നാൽ വിവാദം സമൂഹ മാധ്യമങ്ങളിൽ വേറെ തലത്തിലേക്ക് പോകുകയാണെന്നും പറഞ്ഞു. ഇതിൽ അത്ഭുതവും ആശങ്കയും തോന്നുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം പറഞ്ഞത് ഒരു ഹിന്ദുവാണെന്നും അത് വേറൊരു മതത്തെ ലക്ഷ്യമിട്ടാണെന്നും പറയുന്നത് നമ്മുടെ കാലത്തിന്റെ ദോഷമാണെന്നും തനിക്ക് കുഴിമന്തിയെന്ന ഭക്ഷണത്തോട് ഒരു വിരോധവുമില്ലെന്നും വ്യക്തമാക്കി.

കേരളത്തിന്റെ ഏകാധിപതിയായി നിയമിക്കപ്പെട്ടാൽ കുഴിമന്തി എന്ന് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുകയായിരിക്കും ആദ്യം ചെയ്യുകയെന്നായിരുന്നു  ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്. മലയാള ഭാഷയെ മാലിന്യത്തിൽനിന്ന് മോചിപ്പിക്കാനുള്ള നടപടിയാകും അതെന്നും അദ്ദേഹം കുറിച്ചു. എന്നാൽ, ശ്രീരാമന്റെ കുറിപ്പിനെതിരെ സാംസ്‌കാരികലോകത്തും സോഷ്യൽ മീഡിയയിലും വൻവിമർശനം ഉയരുന്നത്. പോസ്റ്റിനു താഴെ പിന്തുണ അറിയിച്ച സുനിൽ പി. ഇളയിടവും എഴുത്തുകാരി എസ്. ശാരദക്കുട്ടിയും നിലപാട് മാറ്റി പുതിയ കുറിപ്പുകൾ എഴുതിയിരുന്നു.

Full View

പൊളിറ്റിക്കൽ കറക്ടാകാൻ പരമാവധി ശ്രമിക്കുന്നത് സമാന്യ മര്യാദ അതാണല്ലോയെന്ന് കരുതി ബോധപൂർവ്വം പരിശ്രമിക്കുന്നതു കൊണ്ടാണെന്നും ഇടക്ക് കാൽ വഴുതുന്നുവെങ്കിൽ ഇനിയും കൂടുതൽ ശ്രദ്ധിക്കാമെന്നുമാണ് അവർ ഫേസ്ബുക്കിൽ കുറിച്ചത്. സ്‌ക്രീൻ ഷോട്ടൊക്കെ ധാരാളം പോയത് കൊണ്ട് വിവാദ പോസ്റ്റിലെ കമന്റ് പിൻവലിക്കുന്നതിലർഥമില്ലെന്നറിയാമെന്നും എങ്കിലും അതങ്ങു പിൻവലിക്കുന്നുവെന്നും അവർ പറഞ്ഞു. ഏതു രൂപത്തിലായാലും ഫാസിസം എന്നെ ഭയപ്പെടുത്തുന്നതു കൊണ്ടാണതെന്നും താൻ തന്റെ ഭാഷയിൽ തീർത്തും ബോധപൂർവ്വമല്ലാതെ ഒരു ഫാസിസ്റ്റായെങ്കിൽ, അതാരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ വേദനയുണ്ടെന്നും അതു തിരുത്തി മുന്നോട്ടു പോകുന്നതായിരിക്കുമെന്നും എസ്. ശാരദക്കുട്ടി വ്യക്തമാക്കി.

Full View

കുഴിമന്തി എന്നു കേൾക്കുമ്പോൾ പെരുച്ചാഴി പോലെ ഒരു കട്ടിത്തൊലിയുള്ള തൊരപ്പൻ ജീവിയെ ഓർമ വരുമെന്നാണ് വി.കെ രാമന്റെ വിവാദ കുഴിമന്തി പോസ്റ്റിനു താഴെ എസ്. ശാരദക്കുട്ടി പ്രതികരിച്ചിരുന്നത്. താൻ കഴിക്കില്ല. മക്കൾ പക്ഷെ മികച്ച കുഴിമന്തിക്കായി കോഴിക്കോട് ഹോട്ടലുകൾ മാറിമാറി പരീക്ഷിക്കും. എനിക്ക് പേരുംകൂടി ആകർഷകമായാലേ കഴിക്കാൻ പറ്റൂവെന്നും ശാരദക്കുട്ടി കമന്റിൽ പറഞ്ഞു.

ഒരു ഭക്ഷണം ഇഷ്ടമാണെന്നു പറയുന്ന അതേ സ്വാതന്ത്ര്യമില്ലേ അതിഷ്ടമല്ലെന്നു പറയാനുമെന്നും അങ്ങനെ പറയുമ്പോൾ ബാലൻസ് ചെയ്യാനായി വഴുവഴുത്തതു കൊണ്ട് വെണ്ടക്കായ കറി തനിക്കിഷ്ടമില്ല എന്നൊക്കെ കൂടി ചേർത്തു പറഞ്ഞാൽ പൊളിറ്റിക്കലി കറക്ടാകുമോയെന്നും അവർ ചോദിച്ചു. സാമ്പാർ, തോരൻ, രസം ഇതൊന്നും കൂട്ടാനിഷ്ടമില്ലാത്ത തന്റെ മകന് കുഴിമന്തി ഇഷ്ടമാണ്. അത്രേയുള്ളു തനിക്കത് ഇഷ്ടമല്ല എന്നു പറയുമ്പോഴുമെന്നും അവർ വ്യക്തമാക്കി.

Full View

വി.കെ ശ്രീരാമന്റെ ആവശ്യത്തെ പിന്തുണച്ച നിലപാടിൽ വിശദീകരണവുമായി ഇടതു ചിന്തകൻ സുനിൽ പി. ഇളയിടവും നേരത്തെ രംഗത്തെത്തിയിരുന്നു. വ്യക്തിപരമായി ഇഷ്ടം തോന്നാത്ത പേരാണ് കുഴിമന്തിയെന്നും എന്നാൽ പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങൾക്ക് അതു ന്യായമല്ലെന്നും സുനിൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിനെ അതേപടി പിന്തുണച്ചതിൽ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ടെന്നും നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഭാഷാമാലിന്യം, പദനിരോധനം തുടങ്ങിയവ ഒരു നിലയ്ക്കും സാധുവായ ആശയങ്ങളല്ല അവ. ഒരു ജനാധിപത്യ സമൂഹത്തിന് ആ ആശയങ്ങൾ ഒട്ടുമേ സ്വീകാര്യവുമല്ല. സ്വന്തം അഭിപ്രായം പറയാൻ ശ്രീരാമൻ അതിശയോക്തിപരമായി ഉപയോഗിച്ച വാക്കുകളാവും അവയെന്നാണ് കരുതുന്നത്. ആ പ്രയോഗങ്ങൾക്ക് അതേപടി പിന്തുണ നൽകിയ തന്റെ നിലപാടിൽ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Actor and writer VK Sreeraman said that he criticized the use of that language and not Kuzhimanthi

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News