എന്നും ഫലസ്തീനൊപ്പം; വംശഹത്യ അംഗീകരിക്കില്ലെന്ന് വിളിച്ചുപറഞ്ഞു-'കോൾഡ്പ്ലേ'യ്ക്ക് ഇങ്ങനെയൊരു മുഖവുമുണ്ട്‌

ഗസ്സ ആക്രമണ സമയത്ത് കോൾഡ്‌പ്ലേയുടെ സംഗീത പരിപാടിക്ക് അനുമതി നൽകിയതിൽ മലേഷ്യയിൽ പ്രതിഷേധം ഉയർന്നപ്പോൾ, അവർ ഫലസ്തീൻ ജനതയ്‌ക്കൊപ്പമാണെന്നു പറഞ്ഞാണ് പ്രധാനമന്ത്രി അൻവർ ഇബ്രാഹീം വിമർശനങ്ങളെ അടക്കിനിർത്തിയത്

Update: 2024-09-30 13:02 GMT
Editor : Shaheer | By : Shaheer
Advertising

ബ്രിട്ടീഷ് റോക്ക് ബാൻഡായ കോൾഡ്‌പ്ലേ ആണ് കുറച്ചുനാളായി ഇന്ത്യയിൽ സോഷ്യൽ മീഡിയയിലെ സെന്‍സേഷന്‍. ബാൻഡ് മുംബൈയിൽ കൺസേർട്ട് പ്രഖ്യാപിച്ചതുതൊട്ട് രാജ്യത്തെ 'ജെന്‍ സി' അടങ്ങുന്ന പുത്തന്‍ തലമുറ വലിയ ആവേശത്തിലും ആകാംക്ഷയിലുമാണ്. സെപ്റ്റംബർ 22ന് ഓൺലൈൻ പ്ലാറ്റ്‌ഫോമായ 'ബുക്‌മൈഷോ' ടിക്കറ്റ് വിതരണം ആരംഭിച്ചതിനു പിന്നാലെയുണ്ടായ വൻ ബഹളവും ആരവവുമാണ്, ഇതെന്തു സംഭവമെന്ന് അതുവരെയും ബാൻഡിനെ കേൾക്കാത്തവരും അറിയാത്തവരും തിരഞ്ഞുനോക്കുന്നത്. മിനിറ്റുകൾകൊണ്ട് ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റുപോയ വാര്‍ത്ത കേട്ട് ആളുകള്‍ മൂക്കത്ത് വിരല്‍വച്ചു.

ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള റോക്ക് മ്യൂസിക് ബാൻഡ് ആണ് കോൾഡ് പ്ലേ. 1996ൽ ലണ്ടൻ യൂനിവേഴ്‌സിറ്റി കോളജിൽ പഠിക്കുന്ന കാലത്ത് ഗായകനായ ക്രിസ് മാർട്ടിനും ഗിറ്റാറിസ്റ്റ് ജോണി ബക്ലൻഡും ചേർന്നു തുടക്കമിട്ട ചെറിയ പാട്ടുസംഘം പിൽക്കാലത്ത് ലോകമെങ്ങും തരംഗമായി മാറിയ 'കോൾഡ്‌പ്ലേ' ആയി മാറുകയായിരുന്നു. മ്യൂസിക് ഓഫ് ദ സ്ഫിയേഴ്‌സ് വേൾഡ് ടൂർ എന്ന പേരിൽ 2022 മാർച്ചിൽ തുടക്കമിട്ട ലോക സംഗീത പര്യടനത്തിന്റെ ഭാഗമായാണു സംഘം ഇന്ത്യയിലുമെത്തുന്നത്. ഇന്ത്യയില്‍ ഇതു ബാന്‍ഡിന്‍റെ രണ്ടാമത്തെ ഷോ കൂടിയാണ്. 2025 ജനുവരി 18നും 19നുമായിരുന്നു നേരത്തെ ഷോ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ആരാധകരുടെ അഭ്യർഥന മാനിച്ച് ഒരു ദിവസം നീട്ടി 21നു കൂടി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ പരിപാടി നടത്താൻ ബാൻഡ് നിർബന്ധിതരാകുകയായിരുന്നു.

ആകെ ഒന്നര ലക്ഷം ടിക്കറ്റാണ് ഇന്ത്യയിൽ ഷോയ്ക്കായി അനുവദിച്ചിരുന്നത്. വെറും അരമണിക്കൂർ കൊണ്ടാണ് ഇതെല്ലാം വിറ്റുതീർന്നത്. ടിക്കറ്റ് സ്വന്തമാക്കാനായി ബുക്‌മൈഷോ സൈറ്റിൽ ലോഗിൻ ചെയ്തത് 1.3 കോടി പേരാണെന്നാണു വിവരം. ടിക്കറ്റ് കരിഞ്ചന്തയിൽ വിൽക്കുന്നുവെന്നും വ്യാജ ടിക്കറ്റുകൾ വിൽക്കുന്നുവെന്നുമുള്ള തരത്തിൽ പരാതികൾ ഉയർന്നതോടെ ബുക്‌മൈഷോ സിഇഒയെ മുംബൈ പൊലീസ് വിളിപ്പിച്ചതാണ് ഏറ്റവും പുതിയ വിവരം.


എന്താണ് ഈ ബാൻഡിനിത്ര താരമൂല്യമെന്ന് കൗതുകപ്പെടുന്നവരാകും ഏറെപേരും. സംഗീതവേദികളിലൂടെയും ആല്‍ബങ്ങളിലൂടെയും കോ‍ള്‍ഡ്പ്ലേ പ്രസരിപ്പിക്കുന്ന റോക്ക് സംഗീതത്തിന്റെ വീറും വീര്യവും തന്നെയാണ് ആ ജനപ്രിയതയ്ക്കു കാരണം. എന്നാൽ, സംഗീതത്തിനപ്പുറത്ത് സാമൂഹിക വിഷയങ്ങളിലും കൃത്യമായ നിലപാട് പറയാറുണ്ട് കോൾഡ്‌പ്ലേ. പരിസ്ഥിതി വിഷയങ്ങളിലെ ബാൻഡിന്റെ നിലപാട് പൊതുവെ അറിയപ്പെട്ടതാണ്. എന്നാൽ, ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിലും നിലപാട് വ്യക്തമാക്കിയിട്ടുണ്ട് ഈ ഇംഗ്ലീഷ് സംഗീതസംഘം.

'ഫ്രീ ഫലസ്തീൻ'; വംശഹത്യയോടും അധിനിവേശത്തോടും വിട്ടുവീഴ്ചയില്ല

2024 ജൂണിൽ ഇറ്റലിയിൽ നടന്ന 'കോൾഡ്പ്ലേ' കൺസേർട്ട് ഇടയ്ക്കു നിർത്തിവച്ചത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഗ്രീസിലെ ഏഥൻസ് ഒളിംപിക് സ്റ്റേഡിയത്തിലായിരുന്നു പരിപാടി. വേദിയിൽ ക്രിസ് മാർട്ടിന്റെ നേതൃത്വത്തിൽ ഷോ കത്തിക്കയറുമ്പോഴാണ് ഇസ്രായേൽ പതാകയും പിടിച്ച് ഒരാൾ സ്റ്റേജിലേക്ക് അതിക്രമിച്ചുകയറാൻ ശ്രമിച്ചത്. അംഗരക്ഷകർ ചേർന്ന് പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ മുദ്രാവാക്യം വിളികളുമായി സ്‌റ്റേജിനു തൊട്ടരികെയെത്തി.

ഇതോടെ, ആർത്തിരമ്പിയ ജനക്കൂട്ടത്തെ ഒന്നാകെ നിശബ്ദരാക്കി ക്രിസ് മാർട്ടിൻ ഷോ നിർത്തിവച്ചു. ഇസ്രായേലി സൈന്യത്തിന്റെ ഭാഗമായിരുന്ന സോഷ്യൽ മീഡിയ കൊമേഡിയൻ ഗയ് ഹോച്ച്മാൻ ആയിരുന്നു അത്. ഗസ്സയിൽ ഇസ്രായേൽ ആക്രമണം കൊടുമ്പിരി കൊള്ളുമ്പോൾ സോഷ്യൽ മീഡിയയിൽ ഫലസ്തീനികളെ അപഹസിച്ചും പരിഹസിച്ചും വിഡിയോ ചെയ്തു വിവാദം സൃഷ്ടിച്ചയാൾ. താൻ കോൾഡ്‌പ്ലേ ആരാധകനൊന്നുമല്ലെന്നും ബാൻഡിന്റെ ഒരു പാട്ടുപോലും അറിയില്ലെന്നും വ്യക്തമാക്കിയ ഇയാൾ എന്തിനായിരുന്നു ഇത്രയും സാഹസപ്പെട്ട് പതിനായിരങ്ങൾക്കു നടുവിലൂടെ ആ വേദിയിലേക്ക് അതിക്രമിച്ചു കയറാൻ നോക്കിയത്? ഏതാനും മാസങ്ങൾക്കുമുൻപ് ഇസ്രായേൽ ആക്രമണത്തിൽ ബാൻഡ് വേദിയിൽ തന്നെ മാർട്ടിൻ നടത്തിയ പ്രതികരണമായിരുന്നു ഹോച്ച്മാന്റെ പ്രകോപനം.


അതിക്രമങ്ങളെയും വംശഹത്യയെയും തള്ളിപ്പറഞ്ഞ് ഗസ്സയിൽ ഉൾപ്പെടെ പീഡനം അനുഭവിക്കുന്ന മനുഷ്യർക്ക് സ്‌നേഹം പകരാൻ ആഹ്വാനം ചെയ്യുകയായിരുന്നു അന്ന് ബാൻഡ് ചെയ്തത്. അവരെ വീട്ടിലെത്തിക്കൂ എന്നായിരുന്നു ഏഥൻസിലെ കോൾഡ്‌പ്ലേ ഷോയ്ക്കിടെ ഗയ് ഹോച്ച്മാൻ ഉറക്കെ വിളിച്ചുപറഞ്ഞത്. ഗസ്സയിൽ ബന്ദികളായി കഴിയുന്ന ഇസ്രായേലികൾക്ക് പിന്തുണ പ്രഖ്യാപിക്കാൻ, അതുവഴി വിഷയത്തിലേക്ക് അന്താരാഷ്ട്രശ്രദ്ധ കൊണ്ടുവരാൻ ബാൻഡിനോട് ആവശ്യപ്പെടുകയായിരുന്നു അയാൾ.

കഴിഞ്ഞ നവംബറിൽ ജപ്പാൻ തലസ്ഥാനമായ ടോക്യോയിൽ നടന്ന ഷോയിലാണ് ക്രിസ് മാർട്ടിൻ യുദ്ധവിരുദ്ധ നിലപാട് പ്രഖ്യാപിച്ചത്. ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമാകുന്ന ഘട്ടമായിരുന്നു ഇത്. ഷോയിൽ ജനസാഗരം ആർത്തുതിമിർത്താടുമ്പോൾ, അപ്രതീക്ഷിതമായാണ് മാർട്ടിൻ ജനശ്രദ്ധ മറ്റൊരു വിഷയത്തിലേക്കു ക്ഷണിച്ചത്. ലോകമെങ്ങും ഒരുപാട് ദുരിതങ്ങൾക്കു സാക്ഷിയാകുന്ന സമയമാണിതെന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. എന്നിട്ടിങ്ങനെ തുടർന്നു:

''ഒരുപാട് ഭീകരതകളാണു നടന്നുകൊണ്ടിരിക്കുന്നത്. ഭൂമിയിലെ ഭൂരിഭാഗം മനുഷ്യരും സ്‌നേഹഭരിതരും കരുണാർദ്രരും കരുതൽ നിറഞ്ഞവരുമാണ്. ഒരാളെയും അവരുടെ സ്വത്വത്തിന്റെ പേരിൽ ആക്ഷേപിക്കാൻ താൽപര്യമില്ല. അടിച്ചമർത്തലിലും അധിനിവേശത്തിലും ഭീകരവാദത്തിലും വംശഹത്യയിലുമൊന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല. മനുഷ്യരെന്ന നിലയ്ക്ക് എല്ലാവർക്കും ഉയർച്ചതാഴ്ചകളുണ്ടാകും. അപ്പോൾ അവർക്കു സ്‌നേഹവും കരുണയും ചൊരിയേണ്ടത് നമ്മളാണ്.''

ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും അതവർക്ക് അയച്ചുകൊടുക്കുക. ഗസ്സയിലേക്ക്, ഇസ്രായേലിലേക്ക്, വെസ്റ്റ് ബാങ്കിലേക്ക്, അസർബൈജാനിലേക്ക്, അൽബേനിയയിലേക്ക്, യുക്രൈനിലേക്ക്, റഷ്യയിലേക്ക്, ഇറാനിലേക്ക്, സുദാനിലേക്ക്, കോംഗോയിലേക്കെല്ലാമായി സ്‌നേഹ ചൊരിയുകയാണ്. നിങ്ങളുടെ സഹോദരിമാർ, അമ്മമാർ, സഹോദരന്മാർ-ഈ നിമിഷം സ്‌നേഹത്തിനായി കൊതിക്കുന്നവർക്കെല്ലാം ടോക്യോയിൽനിന്ന് സ്‌നേഹദൂത് അയയ്ക്കുകയാണെന്നു പറഞ്ഞാണ് ക്രിസ് മാർട്ടിൻ നിർത്തിയത്. എന്നിട്ട്, യാതനകളനുഭവിക്കുന്ന മനുഷ്യരോടുള്ള ഐക്യദാർഢ്യമായി ഒരു നിമിഷം ആ ജനസമുദ്രത്തോട് മൗനാചരണം നടത്താൻ ആഹ്വാനം ചെയ്തു അദ്ദേഹം.

ഇതേ നവംബറിൽ തന്നെ കോൾഡ്‌പ്ലേയുടെ സംഗീത പരിപാടിക്ക് അനുമതി നൽകിയ മലേഷ്യൻ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ ഒരു വിഭാഗം മതപണ്ഡിതർ രംഗത്തെത്തിയിരുന്നു. അന്നു പ്രതിഷേധങ്ങളെ തണുപ്പിക്കാൻ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീം ഉയർത്തിക്കാട്ടിയത് സംഘത്തിന്റെ ഫലസ്തീൻ അനുകൂല നിലപാടായിരുന്നു. ഗസ്സയിൽ കൂട്ടക്കുരുതി നടക്കുമ്പോഴാണ് ഇവിടെ സംഗീതഷോയ്ക്ക് അനുമതി നൽകുന്നതെന്നായിരുന്നു ഫെഡറൽ മുഫ്തിയായ ലുഖ്മാൻ അബ്ദുല്ല ഉൾപ്പെടെ ഉയർത്തിയ ചോദ്യം. ഫലസ്തീനികളുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നവരാണ് ബാൻഡ് എന്നും അന്താരാഷ്ട്രതലത്തിൽ ഫലസ്തീൻ അനുകൂല വികാരം ഉണരുന്ന ഘട്ടമാണിതെന്നും അതിനുള്ള അവസരമായി ഇതിനെ ഉപയോഗിക്കണമെന്നുമാണ് അൻവർ ഇബ്രാഹീം വിമർശനങ്ങളോട് പ്രതികരിച്ചു പറഞ്ഞത്.


ഇതാദ്യമായല്ല കോൾഡ്‌പ്ലേ ഫലസ്തീൻ അനുകൂല നിലപാട് വ്യക്തമാക്കുന്നത്. ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തെ ചോദ്യംചെയ്തുള്ള മ്യൂസിക് ആൽബത്തെ പരസ്യമായി പിന്തുണച്ചിരുന്നു ബാൻഡ്. 'ഫ്രീഡം ഫോർ ഫലസ്തീൻ' എന്ന പേരിൽ 2011 ജൂലൈയിൽ പുറത്തിറങ്ങിയ പാട്ട് ഫേസ്ബുക്കിൽ പങ്കുവച്ചു കോൾഡ്‌പ്ലേ. സംഗീതജ്ഞരുടെ കൂട്ടായ്മയായ 'വൺവേഡും' ലണ്ടൻ കേന്ദ്രമായുള്ള സന്നദ്ധ സംഘമായ 'വാർ ഓൺ വാണ്ടും' ചേർന്നാണ് പാട്ട് പുറത്തിറക്കിയത്. വിവിധ ഫലസ്തീൻ അനുകൂല സംഘടനകളും സഹകരിച്ച പാട്ടിനെ അന്താരാഷ്ട്ര പ്രശസ്തനായ സാമൂഹിക പ്രവർത്തകരൻ ഡെസ്മണ്ട് ടുട്ടു, പ്രശസ്ത സംഗീതജ്ഞൻ റോജർ വാട്ടേഴ്‌സ്, ബ്രിട്ടീഷ് നടി ജൂലി ക്രിസ്റ്റി, ഹിപ്‌ഹോപ് ബാൻഡുകളായ മാസീവ് അറ്റാക്ക്, ലോക്കി തുടങ്ങിയവരെല്ലാം പിന്തുണച്ചു രംഗത്തെത്തിയിരുന്നു.

എന്നാൽ, കോൾഡ്‌പ്ലേ സോഷ്യൽ മീഡിയയിലൂടെ 'ഫ്രീഡം ഫോർ ഫലസ്തീൻ' ഏറ്റെടുത്തു രംഗത്തെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ആഗോളതലത്തിൽ പാട്ടിനു കൂടുതൽ ജനശ്രദ്ധ ലഭിച്ചു. ഇതോടെ, വിമർശനവുമായി ഇസ്രായേൽ അനുകൂല സംഘങ്ങളും രംഗത്തെത്തി. ഇസ്രായേൽ മാധ്യമങ്ങൾ ബാൻഡിനെ വിമർശിച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയിരുന്നു.

അടുത്തിടെ, ഫലസ്തീൻ-ചിലിയൻ ഗായിക എലിയന്നയെ ബാൻഡിനൊപ്പം കൂട്ടിയതും വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ ജൂണിൽ ബ്രിട്ടനിലെ ഗ്ലാസ്റ്റൻബറി ഫെസ്റ്റിവലിലായിരുന്നു കോൾഡ്‌പ്ലേ വേദയിൽ എലിയന്നയുടെ അരങ്ങേറ്റം. ബാൻഡിന്റെ പ്രശസ്തമായ 'വീ പ്രേ' എന്ന ഗാനമാണ് ക്രിസ് മാർട്ടിനൊപ്പം ഗായിക അവതരിപ്പിച്ചത്. 'ഒരുമയുടെ വിളക്ക്' തെളിയിക്കാൻ ഇതു വളരെ പ്രധാനമായിരുന്നുവെന്നാണ് വേദിയിൽ ക്രിസ് മാർട്ടിൻ വിവരിച്ചത്. അടുത്ത വർഷം ആദ്യത്തിലുള്ള ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യയ്‌ക്കൊപ്പം യുഎഇയിൽ നടക്കുന്ന കോൾഡ്‌പ്ലേ ഷോയിൽ ബാൻഡിന്റെ ഗാനങ്ങൾ എലിയന്ന അറബിയിൽ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇക്കോ ഫ്രണ്ട്‌ലി; ഷോയും യാത്രയും ആശയവും

പരിസ്ഥിതി-കാലാവസ്ഥാ സംരക്ഷണത്തിലും കൃത്യമായ നിലപാടുണ്ട് കോൾഡ്‌പ്ലേയ്ക്ക്. കഴിഞ്ഞ ജൂണിൽ ഇക്കാര്യത്തിൽ ശ്രദ്ധേയമായൊരു കണക്കും ബാൻഡ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ സംഗീത പരിപാടികളുടെ ഭാഗമായി സംഘം നടത്തുന്ന യാത്രകളിൽ കാർബൺ ഡയോക്‌സൈഡ് പുറന്തള്ളൽ പകുതിയിലേറെ കുറച്ചെന്നായിരുന്നു ആ വെളിപ്പെടുത്തൽ. 2016-17 കാലഘട്ടത്തെ അപേക്ഷിച്ച് കഴിഞ്ഞ രണ്ടു വർഷത്തിനിടെ 59 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് ഇവർ അവകാശപ്പെട്ടത്.


പരിസ്ഥിതിസൗഹൃദ ഷോയ്ക്കായി ഇവർ സ്വീകരിച്ച ക്രിയാത്മകമായ വഴികളും പുറത്തുവന്നിരുന്നു. കൈനെറ്റഇക് ഡാൻസ്ഫ്‌ളോറുകളാണ് ഒന്ന്. ആരാധകരുടെ ഡാൻസിന്റെ ഊർജത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനമാണിത്. റീസൈക്കിൾ ചെയ്യാവുന്ന എൽഇഡി റിസ്റ്റ്ബാൻഡുകൾ സംഘം ഉപയോഗിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്. പരമാവധി യാത്രകളെല്ലാം ട്രെയിൻ വഴിയാക്കാനും ബാൻഡ് ശ്രദ്ധിക്കുന്നുണ്ട്. റോഡ് യാത്ര ഇലക്ട്രിക് വാഹനങ്ങളിലുമായിരിക്കും.

ഇതിനു പുറമെ ഓരോ ഷോയിലും പങ്കെടുക്കുന്ന ആരാധകരുടെ എണ്ണത്തിനനുസരിച്ച് വിവിധ രാജ്യങ്ങളിൽ ഇതുവരെയായി 70 ലക്ഷം മരം നട്ടിട്ടുണ്ട് ഇവർ. വൺ ട്രീ പ്ലാന്റഡുമായി ചേർന്നാണ് ഇത്തരമൊരു ദൗത്യം മുന്നോട്ടുകൊണ്ടുപോകുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു പ്രതിവിധിയായി ഓഷ്യൻസ് ക്ലീനപ്പിന്റെ സോളാർ നിയന്ത്രിത സംവിധാനം നിരവധി നദീതീരങ്ങളിൽ സ്ഥാപിച്ചു. എല്ലാ ഷോകളിലും സൗജന്യമായി വെള്ളം നിറക്കാവുന്ന വാട്ടർ റീഫിൽ സ്റ്റേഷനുകൾ സ്ഥാപിച്ചു. ഓരോ പരിപാടിയിലെയും മാലിന്യങ്ങൾ റീസൈക്ലിങ് ചെയ്തു പുനരുപയോഗത്തിനു സജ്ജമാക്കുകയും ചെയ്യും.

Summary: Coldplay always stood with Palestine; declared that they would not accept genocide, and adopted an environmentally friendly policy

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Shaheer

contributor

Similar News