ഗസ്സ യുദ്ധം തിരിച്ചടിയായി; ഇസ്രായേൽ സാമ്പത്തിക രംഗത്തിൽ വമ്പൻ ഇടിവ്

ഹൂതി വിമതർ കപ്പലുകൾ ആക്രമിക്കാൻ തുടങ്ങിയതിനെത്തുടർന്ന് ഇസ്രായേലിൽനിന്നുള്ള കയറ്റുമതിയും ഇറക്കുമതിയും കുറഞ്ഞു

Update: 2024-02-19 15:29 GMT
Advertising

ജറുസലേം: ഗസ്സ യുദ്ധത്തെ തുടർന്ന് ഇസ്രായേൽ സാമ്പത്തിക രംഗത്തിൽ വമ്പൻ ഇടിവ്. കഴിഞ്ഞ വർഷത്തെ അവസാന മൂന്ന് മാസങ്ങളിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) വാർഷികമായി 19.4% കുറഞ്ഞു. തിങ്കളാഴ്ച സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട പ്രാഥമിക കണക്കുകളാണ് ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മുൻ പാദത്തെ അപേക്ഷിച്ചുള്ള ഇടിവ് വ്യക്തമാക്കുന്നത്. ബ്ലൂംബെർഗ് വിശകലന വിദഗ്ധരുടെ സർവേയിലെ എല്ലാ എസ്റ്റിമേറ്റുകളേക്കാളും മോശം ഇടിവാണ് രാജ്യം നേരിട്ടത്. ശരാശരി 10.5% കുറയുമെന്നായിരുന്നു പ്രവചനം.

ഹൈടെക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ അവസാന പാദത്തിൽ 19.4 ശതമാനം ഇടിവുണ്ടാകാൻ കാരണം ഇപ്പോൾ നടക്കുന്ന ഗസ്സ യുദ്ധമാണ്. 2023ൽ ഇസ്രായേലിന്റെ ജിഡിപി 2.0 ശതമാനം വർദ്ധിച്ചിരുന്നു. എന്നാൽ ബാങ്ക് ഓഫ് ഇസ്രായേൽ പ്രതീക്ഷിച്ച 2.3 ശതമാനം വളർച്ചയേക്കാൾ കുറവാണിതെന്നാണ് സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ കാണിക്കുന്നത്.

2020 ന്റെ തുടക്കത്തിൽ കോവിഡ് പകർച്ചവ്യാധി വന്ന പ്രാരംഭ പാദത്തിന് ശേഷം പ്രതിശീർഷ ജിഡിപിയുടെ കാര്യത്തിൽ ഇസ്രായേലി സമ്പദ്വ്യവസ്ഥയുടെ ഏറ്റവും മോശം പാദമാണിത്. ഇസ്രായേലിൽനിന്നുള്ള കയറ്റുമതി 18.3 ശതമാനവും ഇറക്കുമതി 42.4 ശതമാനവും കുറഞ്ഞു. ഹമാസിനെതിരായ ഇസ്രായേൽ യുദ്ധത്തിന്റെ പേരിൽ ഹൂതി വിമതർ കപ്പലുകൾ ആക്രമിക്കാൻ തുടങ്ങിയതിനെത്തുടർന്ന് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിൽ ചെങ്കടൽ ഒഴിവാക്കുന്നതും വിമാനക്കമ്പനികൾ വിമാനങ്ങൾ അവസാനിപ്പിച്ചതുമാണ് ഈ തിരിച്ചടിക്ക് കാരണം. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം രാജ്യം വൻതോതിലുള്ള തൊഴിലാളി ക്ഷാമവും ടൂറിസം വ്യവസായത്തിന്റെ തകർച്ചയും നേരിടുകയാണ്. ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണം മുതൽ യുദ്ധം രൂക്ഷമാണ്. അതെങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 2024 ൽ സമ്പദ്വ്യവസ്ഥ 2% വരെ വളരുമെന്നാണ് ഇസ്രായേൽ പ്രതീക്ഷിക്കുന്നത്.

After Gaza war, Israel's economy suffered a huge decline. gross domestic product (GDP) fell by 19.4% 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News