'ഇന്ത്യയെ കുറിച്ച് വൻ വെളിപ്പെടുത്തൽ ഉടന്‍'; വീണ്ടും ഞെട്ടിപ്പിക്കാൻ ഹിൻഡൻബർഗ്?

2023 ജനുവരിയിലായിരുന്നു അദാനി ഗ്രൂപ്പിന്‍റെ ഓഹരി തട്ടിപ്പുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഹിൻഡൻബർഗ് പുറത്തുവിട്ടത്

Update: 2024-08-10 04:27 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി/വാഷിങ്ടൺ: ഏറെ കോളിളക്കം സൃഷ്ടിച്ച അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് പുറത്തുവിട്ട ഹിൻഡൻബർഗ് റിസർച്ച് പുതിയ വെളിപ്പെടുത്തലിനൊരുങ്ങുന്നു. ഇന്ത്യയെ കുറിച്ചുള്ള വമ്പൻ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യു.എസ് സാമ്പത്തിക ഗവേഷണ സ്ഥാപനം. എക്‌സിലൂടെയാണു പ്രഖ്യാപനം. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

2023 ജനുവരിയിലായിരുന്നു അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ഓഹരിമൂല്യത്തിൽ കൃത്രിമം കാണിച്ചെന്നായിരുന്നു പ്രധാന വെളിപ്പെടുത്തൽ. കൃത്രിമ നടപടികളിലൂടെ ഓഹരി മൂല്യം പെരുപ്പിച്ചുകാണിച്ചുവെന്നായിരുന്നു കണ്ടെത്തൽ.

റിപ്പോർട്ടിനു പിന്നാലെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്റെ മൂല്യം കുത്തനെ ഇടിഞ്ഞ് നിലംപതിച്ചു. ലോക സമ്പന്നരുടെ പട്ടികയിൽ മൂന്നാമനായിരുന്ന ഗൗതം അദാനി ഏതാനും ആഴ്ചകൾ കൊണ്ട് 38-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദാനിയുടെ ആസ്തിയിൽ 80 ബില്യൻ ഡോളറിന്റെ നഷ്ടമുണ്ടായതായാണു വിവരം.

കഴിഞ്ഞ മാസം ഹിൻഡെൻബർഗ് റിസർച്ചിന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) നോട്ടിസ് നൽകിയിരുന്നു. അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് വെളിപ്പെടുത്തിയതിലാണു നടപടി. ഹിൻഡൻബർഗ് തന്നെയാണ് കാരണം കാണിക്കൽ നോട്ടിസ് ലഭിച്ച വിവരം പുറത്തുവിട്ടത്. ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചെന്നാണ് നോട്ടിസിൽ പറയുന്നത്.

നേരത്തെ അദാനി ഗ്രൂപ്പ് ഓഹരികൾ ഷോർട്ട് സെൽ ചെയ്ത(വിലയിടിഞ്ഞ ശേഷം നേരത്തെ വിറ്റ ഓഹരി തിരിച്ചുവാങ്ങുന്ന രീതി) ന്യൂയോർക്ക് കമ്പനിയായ കിങ്ഡൻ കാപിറ്റൽ മാനേജ്മെന്റുമായി ഹിൻഡൻബർഗിനു ബന്ധമുണ്ടെന്നും ആരോപണമുണ്ട്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ബോധപൂർവം വളച്ചൊടിക്കുകയും ഊതിവീർപ്പിച്ചു പെരുപ്പിച്ചുകാണിച്ചെന്നും നോട്ടിസിൽ പറയുന്നു.

Summary: 'Something big soon India,' Hindenburg research hints at another major revelation after Adani disclosure

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News