എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് ഓഹരി വിപണിയിലേക്ക്; നവംബറിൽ തുടക്കമാകും

സോളാർ, വിൻഡ് പവർ മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണിത്.

Update: 2024-10-24 11:59 GMT
Editor : André | By : Web Desk
എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് ഓഹരി വിപണിയിലേക്ക്; നവംബറിൽ തുടക്കമാകും
AddThis Website Tools

കേന്ദ്ര ഊർജമന്ത്രാലയത്തിനു കീഴിലുള്ള എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ഓഹരികൾ വാങ്ങാൻ പൊതുജനങ്ങൾക്ക് അവസരമൊരുങ്ങുന്നു. 10,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) നവംബറിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇന്ത്യയിലെ പുനരുപയോഗ ഊർജ കമ്പനികളിൽ പ്രവർത്തനശേഷിയുടെ കാര്യത്തിൽ ആദ്യ പത്തു സ്ഥാനങ്ങളിൽ ഇടംപിടിച്ച സ്ഥാപനമാണ് എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ്. സോളാർ, വിൻഡ് പവർ മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം കൂടിയാണിത്. ആറിലേറെ സംസ്ഥാനങ്ങളിലാണ് നിലവിൽ ഈ കമ്പനി പ്രവർത്തിച്ചു വരുന്നത്.

ഫ്രഷ് ഇഷ്യൂവിലൂടെ 10,000 കോടി സമാഹരിക്കാൻ ഉദ്ദേശിക്കുന്ന എൻടിപിസി ഗ്രീൻ എനർജിയുടെ ഓഹരി ഫേസ് വാല്യൂ 10 രൂപയാണ്. BSE, NSE സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും. ഐ.പി.ഒ ഓപണിങ്, ക്ലോസിങ് തിയതികളും പ്രൈസ് ബാൻഡും പ്രഖ്യാപിച്ചിട്ടില്ല.

പൊതുവായ കോർപറേറ്റ് ആവശ്യങ്ങൾക്കും കടങ്ങളും കുടിശ്ശികയും നികത്തുന്നതിനും ഊർജമേഖലയിലെ മറ്റ് ആവശ്യങ്ങൾക്കും വേണ്ടിയാകും ഓഹരി വിൽപ്പനയിലൂടെ കണ്ടെത്തുന്ന തുക കമ്പനി ഉപയോഗപ്പെടുത്തുക. മെയിൻ ബോർഡ് ഐ.പി.ഒ വിഭാഗത്തിൽ എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ഓഹരികൾക്ക് മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. മുമ്പ് നാഷണൽ തെർമൽ പവർ കോർപറേഷൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന എൻടിപിസി ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി ആണ് ഗ്രീൻ എനർജി ലിമിറ്റഡ്.

Tags:    

Writer - André

contributor

Editor - André

contributor

Web Desk

By - Web Desk

contributor

Similar News