ഇന്ധന വിലവർധന; പഴി മൻമോഹൻ സർക്കാറിനോ? വസ്തുത ഇതാണ്

യുപിഎ ഇറക്കിയ ഓയിൽ ബോണ്ടുകളാണോ ഇന്ധന വിലയിലെ വില്ലൻ? പരിശോധിക്കുന്നു

Update: 2021-08-17 15:23 GMT
Editor : abs | By : Web Desk
Advertising

"1.44 ലക്ഷം കോടി രൂപയുടെ ഓയിൽ ബോണ്ട് ഇറക്കിയാണ് യുപിഎ ഇന്ധനവില കുറച്ചത്. അവർ കളിച്ച സൂത്രം ഞാൻ പ്രയോഗിക്കുന്നില്ല. ഓയിൽ ബോണ്ടുകളുടെ ഭാരം ഞങ്ങളുടെ സർക്കാറിലേക്ക് വന്നത്. അതു കൊണ്ടാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കാൻ കഴിയാത്തത്. കൈയിൽ പണമുണ്ടായിരുന്നെങ്കിൽ പെട്രോൾ വിലയിൽ ആശ്വാസം നൽകുമായിരുന്നു"- എന്തുകൊണ്ട് ഇന്ധനവില കുറക്കുന്നില്ല എന്ന ചോദ്യത്തിന് ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം നൽകിയ മറുപടിയാണിത്. ഇന്ധന വിലവർധനവിന് കാരണമായ എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്നും അവർ അസന്നിഗ്ധമായി വ്യക്തമാക്കി. യഥാർത്ഥത്തിൽ യുപിഎ ഇറക്കിയ ഓയിൽ ബോണ്ടുകളാണോ ഇന്ധന വിലയിലെ വില്ലൻ? പരിശോധിക്കുന്നു.

എന്താണ് ഓയിൽ ബോണ്ട്?

ഇന്ധന വില നിയന്ത്രിക്കാനായി കാഷ് സബ്‌സിഡിക്ക് പകരം എണ്ണക്കമ്പനികൾക്കായി യുപിഎ സർക്കാർ പുറത്തിറക്കിയ ബോണ്ടുകളാണ് (സ്‌പെഷ്യൽ സെക്യൂരിറ്റി) ഓയിൽ ബോണ്ട് എന്നറിയപ്പെടുന്നത്. 15-20 വർഷത്തെ ദീർഘകാലയളവാണ് ഈ ബോണ്ടുകൾക്കുള്ളത്. എണ്ണക്കമ്പനികൾക്ക് പലിശയും നൽകണം. 2005-2010 കാലയളവിൽ ഇത്തരത്തിൽ 1.44 ലക്ഷം കോടിയുടെ ഓയിൽ ബോണ്ടുകളാണ് മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ പുറത്തിറക്കിയത്. നൽകാൻ കൈയിൽ പണമില്ലാത്തതു കൊണ്ടാണ് ബോണ്ടുകൾ പുറത്തിറക്കിയത് എന്ന് ചുരുക്കം.

പിരിച്ചതും തിരിച്ചു നൽകിയതും

പലിശയിനത്തിൽ വൻ തുക തിരിച്ചു നൽകേണ്ടതുണ്ട് എന്നതിനാൽ ഓയിൽ ബോണ്ട് ബാധ്യതയാണ്. 2021-26 വർഷങ്ങളിൽ ഇതിനായി 1.7 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാറിന് വേണ്ടത്. 



എന്നാൽ 2014 ഏപ്രിൽ മുതൽ 2021 മാർച്ച് വരെ മാത്രം ഇന്ധന നികുതിയിൽ നിന്ന് കേന്ദ്രസർക്കാർ സ്വന്തം കീശയിലാക്കിയത് 22.5 ലക്ഷം കോടിയാണ്. ഓയിൽ ബോണ്ടിന്റെ പലിശയായി 67,500 കോടിയും ബോണ്ട് തിരിച്ചടവായി 3,500 കോടി രൂപയും മാത്രമാണ് ഇതുവരെ സർക്കാർ തിരിച്ചടച്ചിട്ടുള്ളത്. അഥവാ, ജനങ്ങളിൽ നിന്ന് വാങ്ങിയ നികുതിപ്പണത്തിന്റെ മൂന്നു ശതമാനം മാത്രമാണ് സർക്കാർ എണ്ണക്കമ്പനികൾക്ക് നൽകിയത്. 2020-21 സാമ്പത്തിക വർഷത്തിൽ മാത്രം 4,53,812 കോടി രൂപയാണ് നികുതിയിനത്തിൽ സർക്കാർ ഈടാക്കിയിട്ടുള്ളത്.

'അവിശ്വസനീയമായ അജ്ഞത'

ധനമന്ത്രി നിർമലയുടെ പ്രതികരണത്തെ അവിശ്വസനീയമായ വിവരമില്ലായ്മ എന്നാണ് മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം വിശേഷിപ്പിച്ചത്. 'പെട്രോൾ, ഡീസൽ വിലയിൽ ജനങ്ങൾക്ക് ആശ്വാസം പകരാനുള്ള ഓയിൽ ബോണ്ടിൽ ധനമന്ത്രി നടത്തിയ പ്രസ്താവന ഞെട്ടിക്കുന്നതാണ്. ഏറ്റവും മികച്ച തലത്തിൽ, പ്രസ്താവന അവിശ്വസനീയമായ അജ്ഞതയാണ്. മോശം തലത്തിൽ ഇത് പ്രചോതിദമായ ദുഷ്ടതയും'- ചിദംബരം പറഞ്ഞു. 

ഇന്ധന നികുതി വഴി നിരവധി ലാഭം കിട്ടിയിട്ടും എൻഡിഎ ഓയിൽ ബോണ്ടുകൾ തിരിച്ചടച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തെ കുറിച്ച് പറയാൻ അവർക്ക് അവകാശവുമില്ല. യുപിഎ ജനങ്ങൾക്ക് ആശ്വാസം നൽകി. നികുതിയിലൂടെയും സെസ്സിലൂടെയും എൻഡിഎ ജനങ്ങളെ തകർക്കുകയും ചെയ്തു- ചിദംബരം ചൂണ്ടിക്കാട്ടി. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News