പൊറോട്ട ചില്ലറക്കാരനല്ല; ജിഎസ്ടി 18 ശതമാനം
പപ്പടത്തെ ജിഎസ്ടി പരിധിയിൽ നിന്ന് ഒഴിവാക്കിയ ഗുജറാത്ത് അതോരിറ്റിയുടെ വിധിയും വിവാദങ്ങൾക്ക് കാരണമായിരുന്നു. പപ്പടം എണ്ണയിൽ പൊരിക്കുന്നത് കൂടാതെ പൂജാകർമ്മങ്ങൾക്ക് പൊരിക്കാതെ ഉപയോഗിക്കുന്നു എന്നായിരുന്നു അതോരിറ്റിയുടെ വാദം.
റെഡി കുക്ക് ഫ്രോസൺ പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനുള്ള തീരുമാനം ശരിവെച്ച് ഗുജറാത്ത് അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിങ്. കർണ്ണാടക ബെഞ്ച് ഓഫ് അഡ്വാൻസ് റൂളിങും കഴിഞ്ഞ വർഷം ഫ്രോസൺ പൊറോട്ടയെ 18 ശതമാനം ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു.എന്നാൽ ഹോട്ടലുകളിൽ നിന്ന് വാങ്ങി കഴിക്കുന്ന പൊറോട്ടയ്ക്ക് നിലവിലെ ജിഎസ്ടി നിരക്കായ അഞ്ച് ശതമാനം തന്നെ തുടരും.
റെഡി കുക്ക് ഉൽപ്പന്നങ്ങളിൽ മുന്നിട്ട് നിൽക്കുന്ന ചപ്പാത്തി 18 ശതമാനം ജിഎസ്ടിയിൽ ഉൾപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ഫ്രോസൺ പൊറോട്ടയെ ചപ്പാത്തിക്ക് ഏർപ്പെടുത്തുന്നതിന് സമാനമായ ജിഎസ്ടി നിരക്കിൽ കൊണ്ടുവരാൻ ആവശ്യപ്പെട്ട് അഹമ്മദാബാദ് ആസ്ഥാനമായുള്ള വാടിലാൽ ഇൻഡസ്ട്രീസ് നൽകിയ ഹരജിയിലാണ് റൂളിങ് ഉണ്ടായിരിക്കുന്നത്.
പൊറോട്ടയും ചപ്പാത്തിയും റൊട്ടിയുമെല്ലാം സമാനമാണെന്നായിരുന്നു കമ്പനിയുടെ വാദം. പൊറോട്ടയും മറ്റു റൊട്ടി വിഭവങ്ങൾ ഉണ്ടാക്കുന്നതും പാചകം ചെയ്യുന്നതും ഒരുപോലെയാണെന്നും കമ്പനി വാദിച്ചു. എന്നാൽ പാക്കറ്റിലെത്തുന്ന ചപ്പാത്തിക്കും മറ്റും ജിഎസ്ടി ഏർപ്പെടുത്തുന്ന എച്ച്.എസ്.എൻ കോഡിന് കീഴിലല്ല പൊറോട്ടയെന്നായിരുന്നു അതോറിറ്റിയുടെ നിലപാട്.
പൊറോട്ടയിൽ 32 മുതൽ 62 ശതമാനം വരെ ഗോതമ്പ് അടങ്ങിയിട്ടുണ്ടെങ്കിലും പാചകം ചെയ്യാനായി മൂന്ന് മുതൽ നാല് മിനുറ്റ് വരെ ആവശ്യമാണെന്നും രുചി വർധിപ്പിക്കാനായി എണ്ണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അതോറിറ്റി കണ്ടെത്തി. അതിനാൽ അഞ്ച് ശതമാനം ജിഎസ്ടി ഏർപ്പെടുത്തുന്നതിൽ യുക്തിയില്ലെന്നും അതോറിറ്റി വിലയിരുത്തി.
പപ്പടത്തെ ജിഎസ്ടി പരിധിയിൽ നിന്ന് ഒഴിവാക്കിയ ഗുജറാത്ത് അതോറിറ്റിയുടെ വിധിയും വിവാദങ്ങൾക്ക് കാരണമായിരുന്നു. പപ്പടം എണ്ണയിൽ പൊരിക്കുന്നത് കൂടാതെ പൂജാകർമ്മങ്ങൾക്ക് പൊരിക്കാതെ ഉപയോഗിക്കുന്നു എന്നായിരുന്നു അതോറിറ്റിയുടെ വാദം. എന്നാൽ മറ്റു ഫ്രൈയിംഗ് ഉൽപ്പന്നങ്ങൾക്ക് 18 ശതമാനം ജിഎസ്ടി എർപ്പെടുത്തുന്നുണ്ട്.