'ദശാബ്ദങ്ങൾക്കിടയിലെ മോശം പ്രകടനം'; കേന്ദ്ര സാമ്പത്തിക നയങ്ങൾക്കെതിരെ മോദി സർക്കാറിലെ മുൻ ധന സെക്രട്ടറി

ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ധനക്കമ്മിയുള്ള ഗവൺമെന്റാണിത്

Update: 2022-05-27 07:02 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: മോദി സർക്കാറിന്റെ രണ്ടാമൂഴം ദശാബ്ദങ്ങൾക്കിടെ ഏറ്റവും മോശം സാമ്പത്തിക വളർച്ച രേഖപ്പെടുത്തുന്ന കാലയളവാകുമെന്ന് മുൻ ധനസെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്. ഇക്കാലയളവിൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) മൂന്നര ശതമാനം മാത്രമാണ് വളർച്ച കൈവരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പണപ്പെരുപ്പ നിരക്കുകൾ വർധിച്ചു നിൽക്കുന്നതിന്റെ ഉത്കണ്ഠയും അദ്ദേഹം പങ്കുവച്ചു. 'ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ധനക്കമ്മിയുള്ള ഗവൺമെന്റാണിത്. മുപ്പതു വർഷത്തെ ഏറ്റവും മോശം നിലയിലാണ് മൊത്തവിലപ്പെരുപ്പം. ഉപഭോക്തൃ പണപ്പെരുപ്പം അനുവദിച്ച പരിധിയിലും അപ്പുറമാണ്. ഏതാനും മാസങ്ങളിൽ അതങ്ങനെ തുടരാനാണ് സാധ്യത. ഇന്ത്യയുടെ വിദേശ വിനിമയ കരുതൽ ക്ഷയിച്ചു കൊണ്ടിരിക്കുന്നു. മോദി സർക്കാറിന്റെ രണ്ടാമൂഴത്തിൽ മൂന്നര ശതമാനം വളർച്ച മാത്രമാണ് ജിഡിപിയിൽ ഉണ്ടാകുക.'- അദ്ദേഹം പറഞ്ഞു.

1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗാർഗ് 2017 ജൂണിലാണ് ധനമന്ത്രാലയത്തിൽ സെക്രട്ടറിയായി നിയമിതനായത്. 2019 മാർച്ചിൽ രാജിവച്ചു. ധനമന്ത്രാലയത്തിൽ നിന്ന് താരതമ്യേന പ്രധാന്യം കുറഞ്ഞ ഊർജ മന്ത്രാലയത്തിലേക്ക് സ്ഥലം മാറ്റിയതിനെ തുടർന്നാണ് ഇദ്ദേഹം സ്വയം വിരമിച്ചത്. കേന്ദ്രസർക്കാറിന്റെ സാമ്പത്തിക കാര്യ വകുപ്പിന്റെ (ഡിഇഎ) മേധാവി എന്ന നിലയിൽ ധനനയം, റിസർവ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവയിൽ ഗാർഗിന്റെ തീരുമാനങ്ങൾ നിർണായകമായിരുന്നു.

പണപ്പെരുപ്പ നിരക്കിലെ വർധന കണക്കിലെടുത്ത് ഈയിടെ അസാധാരണ നീക്കത്തിലൂടെ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.40 ശതമാനം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെ പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കുറയ്ക്കുകയും ചെയ്തു. 7.79 ശതമാനത്തിലാണ് ഏപ്രിലിലെ ചില്ലറവില പണപ്പെരുപ്പം. എട്ടു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്ധന തീരുവ കുറച്ചത് പണപ്പെരുപ്പ നിരക്കിൽ 20-50 ബേസിസ് പോയിന്റ് കുറവുണ്ടാക്കും എന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

മൊത്തവില സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പം ഏപ്രിലിൽ 15.08 ശതമാനമാണ്. മാർച്ചിലെ 14.55 ശതമാനത്തിൽ നിന്നാണ് ഇതു വർധിച്ചത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 10.74 ശതമാനമായിരുന്നു. കഴിഞ്ഞ ഒമ്പതു വർഷത്തിനിടെയുള്ള ഏറ്റവും കൂടിയ നിരക്കാണിത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News