ഇനി കെട്ടിവയ്ക്കേണ്ടത് 12 ലക്ഷം രൂപ; കാനഡയിലെ പഠനത്തിനൊരുങ്ങുന്ന വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി
വിദേശ വിദ്യാർഥികളുടെ ഒഴുക്ക് തടയലാണ് ഫീസുയർത്തലിന് പിന്നിലെന്നാണ് സൂചന.
ഒട്ടാവ: ഉന്നത പഠനസ്വപ്നവുമായി ഇന്ത്യയിൽ നിന്നടക്കം കാനഡയിലെത്തുന്ന വിദ്യാർഥികൾക്ക് കനത്ത തിരിച്ചടിയായി പുതിയ തീരുമാനം. ജീവിതചെലവിന് കെട്ടിവയ്ക്കുന്ന തുക ഇരട്ടിയാക്കി സർക്കാർ.
10,000 കനേഡിയൻ ഡോളർ (ഏകദേശം ആറു ലക്ഷം രൂപ) ആയിരുന്ന തുക 20,635 ഡോളറായാണ് (12.66 ലക്ഷം രൂപ) വർധിപ്പിച്ചത്. കുടിയേറ്റകാര്യ മന്ത്രി മാർക്ക് മില്ലറാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി ഒന്ന് മുതലാണ് ഇത്രയും തുക അടയ്ക്കേണ്ടത്.
വിദേശ വിദ്യാർഥികളുടെ ഒഴുക്ക് തടയലാണ് ഫീസുയർത്തലിന് പിന്നിലെന്നാണ് സൂചന. രാജ്യത്തെ ജീവിതച്ചെലവുകളുടെ സ്ഥിതിവിവര കണക്കിനനുസരിച്ച് ഓരോ വർഷവും തുക ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
2022ൽ 3,19,000 ഇന്ത്യൻ വിദ്യാർഥികൾക്കാണ് കാനഡയിൽ പഠന പെർമിറ്റുണ്ടായിരുന്നത്. കാനഡയിലെ മൊത്തം അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം 8,07,750 ആണ്. ഇതിൽ 5,51,405 പേർക്ക് കഴിഞ്ഞ വർഷമാണ് പഠന പെർമിറ്റ് കിട്ടിയത്. വരുമാനത്തിന്റെ ശരാശരിയേക്കാൾ കൂടുതൽ ഭാഗം ചെലവഴിക്കേണ്ടതില്ലെന്ന് ഉറപ്പാക്കാൻ ഒരു വ്യക്തിക്ക് ഇനി കഴിയും.
നിയമപരമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടുമെന്നും മന്ത്രി മില്ലർ പറഞ്ഞു. ചില കോളജുകൾ പേരിന് വിദ്യാഭ്യാസം നൽകി, രാജ്യത്ത് ജോലി ചെയ്യാനും ഒടുവിൽ കുടിയേറാനും അവസരം നൽകുന്നുവെന്ന വിമർശനം വ്യാപകമാണ്. ഇത്തരം വഞ്ചനയും ദുരുപയോഗവും അവസാനിപ്പിക്കേണ്ടതുണ്ടെന്നും കുടിയേറ്റ മന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ നിന്നടക്കമുള്ള വിദ്യാർഥികൾക്ക് കനത്ത സാമ്പത്തിക ഭാരമാകുന്നതാണ് കനേഡിയൻ സർക്കാരിന്റെ പുതിയ തീരുമാനം. പഠന വിസയ്ക്കും മറ്റുമായി വൻതുക മുടക്കേണ്ടിവരുന്നതിന് പുറമെ ജീവിതച്ചെലവിനായി കെട്ടിവയ്ക്കാൻ പുതിയ നിയമമനുസരിച്ച് കൂടുതൽ പണം കണ്ടെത്തേണ്ട സ്ഥിതിയിലാണ് രക്ഷിതാക്കൾ.
വായ്പയ്ക്കായി ബാങ്കുകളെയും ആശ്രയിക്കേണ്ടിവരുമെന്ന് കപൂർത്തല സ്വദേശി അമൻദീപ് സിങ് പറഞ്ഞു. ജനുവരി ഒന്നുമുതൽ തുക വർധിപ്പിക്കുന്നതിനാൽ ഡിസംബർ 31നകം വിസ ശരിയാക്കാനുള്ള നെട്ടോട്ടത്തിലാണ് രക്ഷിതാക്കൾ.