ജർമനിയിൽ നഴ്‌സായി ജോലി ചെയ്യാൻ ആഗ്രഹമുണ്ടോ? നോർക്ക ഇന്റർവ്യൂ മേയ് നാലുമുതൽ
തിരഞ്ഞെടുക്കപ്പെടുന്ന ഇരുനൂറിലധികം നഴ്‌സുമാർക്ക് ജർമൻ സർക്കാർ ഏജൻസിയായ ജർമൻ ഏജൻസി ഫോർ ഇന്റർനാഷനൽ കോഓപ്പറേഷൻ സൗജന്യമായി ജർമൻ ഭാഷാ പരിശീലനം നൽകും
തിരുവനന്തപുരം: ജർമനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നോർക്ക റൂട്ട്സിന്റെ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. ജർമൻ സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുമായി ഒപ്പുവച്ച ട്രിപ്പിൾ വിൻ കരാർ പ്രകാരമുള്ള റിക്രൂട്ട്മെന്റിനുള്ള ഇന്റർവ്യൂ മേയ് നാലിന് തുടങ്ങും. റിക്രൂട്ട്മെന്റ് യഥാർഥ്യമാകുന്നതോടെ ജർമനിയിലേക്ക് സർക്കാറുകൾ തമ്മിലുള്ള കരാർ പ്രകാരം റിക്രൂട്ട്മെന്റ് സാധ്യമാക്കുന്ന ആദ്യ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് സ്വന്തമാകും.
13,000ത്തിൽപരം അപേക്ഷകരിൽനിന്നുള്ള ചുരുക്കപ്പെട്ടികയിൽ ഉൾപ്പെട്ട നാനൂറോളം പേരുടെ ഇന്റർവ്യൂ മേയ് നാല് മുതൽ 13 വരെ തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിലാണ് നടക്കുന്നത്. ജർമനിയിൽനിന്ന് എത്തുന്ന പ്ലെയ്സ്മെന്റ് ഓഫീസർമാരുടെ സംഘമാണ് ഇന്റർവ്യൂ നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഇരുനൂറിലധികം നഴ്‌സുമാർക്ക് ജർമൻ സർക്കാർ ഏജൻസിയായ ജർമൻ ഏജൻസി ഫോർ ഇന്റർനാഷനൽ കോഓപ്പറേഷൻ സൗജന്യമായി ജർമൻ ഭാഷാ പരിശീലനം നൽകും.
ബി 1 ലെവൽ പ്രാവീണ്യം നേടുന്ന മുറയ്ക്ക് ഇവർക്ക് ജർമനിയിലേക്ക് വിസ അനുവദിക്കും. തുടർന്ന് ജർമനിയിൽ അസിസ്റ്റന്റ് നഴ്സ് ആയി ജോലി ചെയ്തുകൊണ്ട് തന്നെ ബി 2 ലെവൽ ഭാഷാ പ്രാവീണ്യം നേടി രജിസ്റ്റേഡ് നഴ്സായി മാറാം. ഇതിനുള്ള പഠന-പരിശീലനങ്ങളും സൗജന്യമായി ലഭിക്കും.
ഇന്തോ-ജർമൻ മൈഗ്രേഷൻ സെമിനാർ
കഴിഞ്ഞ ഡിസംബർ രണ്ടിന് ഒപ്പുവച്ച ട്രിപ്പിൾ വിൻ കരാർ ആരോഗ്യമേഖലയ്ക്ക് പുറമെ ഹോസ്പിറ്റാലിറ്റി അടക്കമുള്ള വിപുലമായ മേഖലകളിലേക്ക് റിക്രൂട്ട്മെന്റിന് ലക്ഷ്യമിടുന്നുണ്ട്. ഇന്റർവ്യൂവിനായി കേരളത്തിലെത്തുന്ന ജർമൻ സംഘം കൂടുതൽ മേഖലകളിലേക്കുള്ള റിക്രൂട്ട്മെന്റിനെ കുറിച്ചുള്ള ചർച്ചകളും നടത്തും.
സംസ്ഥാനത്തെ അക്കാദമിക വിദഗ്ധരും ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുമായി ചർച്ചകൾക്ക് നോർക്ക റൂട്ട്സ് വേദിയൊരുക്കും. ചർച്ചകളിൽ ഉരുത്തിരിയുന്ന ആശയങ്ങളെ മുൻനിർത്തി ഇന്തോ-ജർമൻ മൈഗ്രേഷൻ സെമിനാറും സംഘടിപ്പിക്കാൻ തീരുമാനിച്ചതായി നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു.
Summary: Norka Roots' nurse recruitment to Germany: Interview from May 4th