സർക്കാരിന് ആശ്വാസം; കണ്ണൂർ വി.സി പുനർനിയമനം ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും

സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗം പ്രേമചന്ദ്രൻ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്

Update: 2022-02-23 07:48 GMT
Editor : Shaheer | By : Web Desk
Advertising

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിൽ സംസ്ഥാന സർക്കാരിന് വീണ്ടും ആശ്വാസം. പുനർനിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവച്ചു. നിയമനം ശരിവച്ച സിംഗ്ൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. സർവകലാശാല സെനറ്റ് അംഗം നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്.

ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി നിയമിച്ചത് നേരത്തെ സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗം പ്രേമചന്ദ്രൻ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. വി.സിയെ പുനർനിയമിച്ച നടപടി ചട്ടപ്രകാരമാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയത്.

ആദ്യ നിയമനത്തിൽ സെർച്ച് കമ്മിറ്റിയടക്കം രൂപീകരിച്ചതിനാൽ പുനർനിയമനത്തിൽ അത്തരം മാനദണ്ഡങ്ങൾ വീണ്ടും പാലിക്കേണ്ടതില്ലെന്ന് കോടതി വിലയിരുത്തി. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അപ്പീൽ. പുതിയ നിയമനമല്ല, മറിച്ച് പുനർനിയമനമാണ് നടന്നതെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു.

Full View

പുനർനിയമന നടപടി സർവകലാശാലാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും, നിയമനം ശരിവച്ച സിംഗിൾ ബെഞ്ച് ഇക്കാര്യങ്ങൾ പരിഗണിച്ചില്ലെന്നുമായിരുന്നു അപ്പീലിൽ ഹരജിക്കാരുടെ വാദം. വി.സി പുനർനിയമനത്തിൽ സെർച്ച് കമ്മിറ്റിയുൾപ്പെടെ ആവശ്യമില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ. ഉത്തരവ് ശരിവച്ച ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളുകയായിരുന്നു.

Summary: Kerala HC division bench ratifies single-bench order dismissing plea against reappointment of Kannur VC Dr Gopinath Ravindran

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News