പുതു സാധ്യതകളിലേക്കൊരു യാത്ര; ചരിത്രം സൃഷ്ടിച്ച് ‘യൂ കാൻ ൈഫ്ല വിത്ത് ദിലീപ് രാധാകൃഷ്ണൻ’
മലയാളികൾക്ക് മുന്നിൽ സാധ്യതകളുടെയും അവസരങ്ങളുടെയും അനേകം വാതിലുകൾ തുറന്നിട്ട് ‘യൂ കാൻ ൈഫ്ല വിത്ത് ദിലീപ് രാധാകൃഷ്ണൻ’. വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ തൊഴിൽ സാഹചര്യങ്ങൾ നേരിട്ട് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മീഡിയവൺ ഒരുക്കിയ പ്രോഗ്രാം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഒരു മലയാള ടെലിവിഷൻ ചാനൽ വിദേശ രാജ്യങ്ങൾ നേരിട്ട് സന്ദർശിച്ച് പഠന സാധ്യതകൾ സംപ്രേക്ഷണം ചെയ്യുന്നത് ഇതാദ്യമായാണ്.
ഡെന്മാർക്ക്, സ്വീഡൻ, ഫിൻലൻഡ്, എസ്തോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, ഹംഗറി, ഓസ്ട്രിയ, ഫ്രാൻസ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾ നേരിട്ട് സന്ദർശിച്ചാണ് പ്രോഗ്രാം തയ്യാറാക്കിയത്. ഈ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികൾ, അക്കാദമിക് വിദഗ്ധർ, മലയാളി വിദ്യാർഥികൾ, അന്താരാഷ്ട്ര വിദ്യാർഥികൾ, പ്രവാസി മലയാളികൾ, സ്വദേശികൾ എന്നിവരെയെല്ലാം വിവിധ എപ്പിസോഡുകളിലായി മലയാളി പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തി. ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റിയെയോ സ്ഥാപനത്തെയോ ഫോക്കസ് ചെയ്യാതെ ഒരു രാജ്യത്തെ മൊത്തം അവസരങ്ങളും പ്രോഗ്രാം മലയാളികൾക്ക് മുന്നിൽ തുറന്നിട്ടു. ചരിത്ര പ്രാധാന്യമുള്ള സർവകലാശാലകളും നൂതന പഠനരീതികളും വിദ്യാർഥികൾക്കായി ചിത്രീകരിച്ചു.
വിദ്യാഭ്യാസ തൊഴിൽ അവസരങ്ങൾക്കൊപ്പം തന്നെ ഓരോ രാജ്യത്തെയും സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളും വിലയിരുത്തുന്നതായിരുന്നു പ്രോഗ്രാമിന്റെ ഉള്ളടക്കം. കൂടാതെ ഓരോ രാജ്യത്തിന്റെയും സാംസ്കാരവും ചരിത്രവും അറിഞ്ഞുകൊണ്ടുള്ള മനോഹര ദൃശ്യങ്ങളാലും പ്രോഗ്രാം സമൃദ്ധമായിരുന്നു. മലയാളി ഇതുവരെ കണ്ടിട്ടില്ലാത്ത ടൂറിസം കേന്ദ്രങ്ങളും പ്രൈതൃക സ്മാരകങ്ങളും യാത്ര ഒപ്പിയെടുത്തു. ടെലിവിഷൻ സ്ക്രീനിന് പുറമേ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും മികച്ച പ്രതികരണമാണ് പ്രോഗ്രാമിന് ലഭിച്ചത്.