പതിവുകളെല്ലാം തെറ്റി; ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയുമായി കോണ്‍ഗ്രസ്
ഭരണം കിട്ടിയില്ലെന്ന് മാത്രമല്ല പ്രധാന നേതാക്കളുടെ ഭൂരിപക്ഷം പോലും കുറഞ്ഞു
തുടർഭരണമെന്ന ചരിത്രത്തിലേക്ക് കേരളം കടക്കുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയെ നേരിടുകയാണ് കോണ്‍ഗ്രസ്. ഭരണം കിട്ടിയില്ലെന്ന് മാത്രമല്ല പ്രധാന നേതാക്കളുടെ ഭൂരിപക്ഷം പോലും കുറഞ്ഞു. ശബരിമല വിവാദവും ഉമ്മന്‍ചാണ്ടിയെ നേതൃതലത്തിലേക്ക് കൊണ്ടുവന്നതുള്‍പ്പെടെ തന്ത്രങ്ങളൊന്നും ഫലിച്ചില്ല. നേതൃത്വങ്ങള്‍ക്കെതിരായ പൊട്ടിത്തെറിയാണ് കോണ്‍ഗ്രസിനെ ഇനി കാത്തിരിക്കുന്നത്.
ഭരണമാറ്റമെന്ന പതിവ് കേരളം തെറ്റിക്കില്ലെന്ന പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടലെല്ലാം തെറ്റി. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്ന് ഉമ്മന്‍ചാണ്ടിയെ നേതൃതലതത്തില്‍ കൊണ്ടു വന്ന് പരിഹാര ശ്രമങ്ങള്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. കരട് നിയമം അവതരിപ്പിച്ച് ശബരിമല വിഷയം സജീവമാക്കി. ആഴക്കടല്‍ മത്സ്യ ബന്ധനം, നിയമവിവാദം പരാമവധി ചർച്ചയാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ജനവിധി പുറത്തുവരുമ്പോള്‍ തന്ത്രങ്ങളൊന്നും ഫലിച്ചില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുകയാണ്. ഭരണം നേടാനുള്ള 71 എന്ന മാന്ത്രികസംഖ്യയിലെത്താന്‍ കഴിഞ്ഞില്ല. പ്രതിപക്ഷത്തായിരുന്നപ്പോലെ 21 അംഗങ്ങളെ മാത്രമാണ് കോണ്‍ഗ്രസിന് നിയമസഭയിലെത്തിക്കാന്‍ കഴിഞ്ഞത്. നേതൃരംഗത്തേക്കിറിക്കിയ ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിയില്‍ 19000 വോട്ട് ഭൂരിപക്ഷത്തില്‍ ഇടിവുണ്ടായി. പ്രതിപക്ഷനേതാവിന്‍റെ ഭൂരിപക്ഷവും അയ്യായിരത്തോളം കുറഞ്ഞു. നേമത്തെ ബി.ജെ.പി അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ഇറക്കിയ ശക്തന്‍ മുരളീധരന് മൂന്നാം സ്ഥാനത്തായി. യുവനേതാക്കളിലെ പ്രമുഖരായ വി ടി ബല്‍റാമും ശബരിനാഥും തോറ്റു. കോഴിക്കോട് സീറ്റില്ലാ ജില്ലയായി തുടരും. ശക്തികേന്ദ്രമായിരുന്ന തൃശൂരിലും ഇത്തവണയും ഒരു സീറ്റു മാത്രം. മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനായി രംഗത്തിറക്കിയ യുവ സ്ഥാനാർഥികളില്‍ ഭൂരിഭാഗവും വിജയം കണ്ടില്ല.
കുണ്ടറയില്‍ വിഷ്ണുനാഥിന്‍റെയും കരുനാഗപ്പള്ളിയില്‍ സി.ആർ മഹേഷിന്‍റെയും വിജയമാണ് ഈ തിരിച്ചടിക്കിടയിലും കോണ്‍ഗ്രസിന് ആശ്വസിക്കാനുള്ളത്. തെരഞ്ഞെടുപ്പിലെ തിരിച്ചടി പാർട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്നുറപ്പ്. സംഘടനാ സംവിധാനം തകർന്നതിന് കെ.പി.സി.സി നേതൃത്വത്തിനെതിരെയും തന്ത്രങ്ങള്‍ പിഴച്ചതിന് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും വിമർശമുയരും. എല്ലാത്തിലുമപരി വീണ്ട് പ്രതിപക്ഷത്തായ പാർട്ടിയും മുന്നണിയുടെയും മുന്നോട്ടു പോക്കും വലിയ ചോദ്യചിഹ്നമായി മാറും കോണ്‍ഗ്രസിന്.