ചരിത്രം ആവർത്തിച്ചു; തലസ്ഥാനം പിടിച്ചവർ തന്നെ സംസ്ഥാനം ഭരിക്കും
തിരുവനന്തപുരം ജില്ലയിൽ മൃഗീയ ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫ് ജയിച്ചു കയറിയത്
തലസ്ഥാനം പിടിച്ചവർ സംസ്ഥാനം ഭരിക്കുമെന്നതാണ് കേരളത്തിന്‍റെ ചരിത്രം. അത് 2021 ലും ആവർത്തിച്ചു. തിരുവനന്തപുരം ജില്ലയിൽ മൃഗീയ ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫ് ജയിച്ചു കയറിയത്.
1996 മുതലുള്ള ചരിത്രം ഇക്കുറിയും തിരുത്തപ്പെട്ടില്ല. തലസ്ഥാനത്ത് ഭൂരിപക്ഷം എൽ.ഡി.എഫിന്. സംസ്ഥാനത്തും ഭൂരിപക്ഷം എൽ.ഡി.എഫിന് തന്നെ. ജില്ലയിലെ 14 മണ്ഡലങ്ങളിൽ 13 ഉം ഇടത്തോട്ട്. 2016ൽ ജയിച്ച 9 മണ്ഡലങ്ങളും 2019ലെ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച വട്ടിയൂർക്കാവും അതേപടി എൽ.ഡി.എഫ്. നിലനിർത്തി. യു.ഡി.എഫിൽ നിന്ന് തിരുവനന്തപുരവും അരുവിക്കരയും പിടിച്ചെടുത്തു. അരുവിക്കരയിൽ കോൺഗ്രസിന്‍റെ 3 പതിറ്റാണ്ട് നീണ്ട ആധിപത്യത്തിനാണ് ജി.സ്റ്റീഫൻ വിരാമമിട്ടത്. ദേശീയ ശ്രദ്ധ തന്നെ ആകർഷിച്ചു കൊണ്ടാണ് കഴിഞ്ഞ തവണ നേമത്ത് ബി.ജെ.പിയുടെ താമര വിരിഞ്ഞത്. ആ താമര ഇനിയില്ല. വി.ശിവൻകുട്ടി താമര പിഴുതെറിഞ്ഞു.
കോൺഗ്രസിനും ബി.ജെ.പിക്കായി ദേശീയ നേതാക്കൾ വരെ എത്തി പ്രചാരണം കൊഴുപ്പിച്ചിട്ടും എൽ.ഡി.എഫിന്‍റെ തേരോട്ടത്തെ ചെറുത്തു തോൽപിക്കാനായില്ല. ആശ്വാസമായി യു.ഡി.എഫിന് ലഭിച്ചത് കോവളം മാത്രം. ആറ്റിങ്ങലിൽ നിന്ന് ജയിച്ച സി.പി.എമ്മിന്‍റെ ഒ.എസ്.അംബികക്കാണ് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയുള്ള ജയം. നേമത്തിന് പുറമെ ബി.ജെ.പി ജില്ലാ അധ്യക്ഷൻ വി.വി.രാജേഷ് പരാജയപ്പെട്ടതും ബി.ജെ.പിക്ക് ക്ഷീണമായി