മെട്രോ പാളം തെറ്റി; പാലക്കാട് ട്രാക്കില്‍ വിജയകൊടി നാട്ടി ഷാഫി പറമ്പില്‍
3863 വോട്ടിന്‍റെ ലീഡിനാണ് ഷാഫി പറമ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ഇ. ശ്രീധരനെ പരാജയപ്പെടുത്തിയത്
പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ വിജയിച്ചു. അവസാന നിമിഷം വരെ പോരാട്ടം മുറുകിയ മത്സരത്തില്‍ 3863 വോട്ടിന്‍റെ ലീഡിനാണ് ഷാഫി പറമ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ഇ. ശ്രീധരനെ പരാജയപ്പെടുത്തിയത്. ഇത് മൂന്നാം തവണയാണ് പാലക്കാട് ഷാഫിയുടെ കൈപിടിയിലാകുന്നത്.
ആകെ 180 ബുത്തുകളാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. വോട്ടെണ്ണിയ ആദ്യ നിമിഷങ്ങളില്‍ ഏറെ മുന്നിട്ട് നിന്നിരുന്ന മെട്രോമാന്‍ ഒരു വേള മണ്ഡലം പിടിച്ചെടുക്കുമെന്ന പ്രതീതി വരെ നിലനിര്‍ത്തിയിരുന്നു. പിന്നീട് യു.ഡി.എഫിന് മുന്‍തൂക്കമുള്ള പഞ്ചായത്തുകള്‍ എണ്ണിതുടങ്ങിയതോടെയാണ് ഷാഫി പറമ്പില്‍ വോട്ടിങ് ഗ്രാഫില്‍ വിജയകൊടി നാട്ടിയത്.
കഴിഞ്ഞ രണ്ടു തവണയും പാലക്കാടിന്‍റെ ജനവിധി ഷാഫി പറമ്പിലിനൊപ്പം തന്നെയായിരുന്നു. 2011ല്‍ ആദ്യ മത്സരത്തില്‍ സി.ഐ.ടി.യു നേതാവ് കെ.കെ. ദിവാകരനെ 7403 വോട്ടിനാണ് തോല്‍പ്പിച്ചത്. 2016ല്‍ ഷാഫിയെ നേരിടാന്‍ നാലുവട്ടം പാലക്കാടിനെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ച എന്‍.എന്‍. കൃഷ്ണദാസിനെ സി.പി.എം രംഗത്തിറക്കിയെങ്കിലും ദയനീയമാംവിധം അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബി.ജെ.പിയുടെ ശോഭ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്തെത്തിയത്. 17,438 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷമാണ് ഷാഫി നേടിയത്. 2011നേക്കാള്‍ ഭൂരിപക്ഷം ഇരട്ടിയിലേറെ ഉയര്‍ത്തി. ആകെ പോള്‍ ചെയ്ത വോട്ടിന്‍റെ 41.77 ശതമാനം അന്ന് ഷാഫിക്ക് ലഭിച്ചു. ശോഭ സുരേന്ദ്രന് 29.08 ശതമാനവും എന്‍.എന്‍. കൃഷ്ണദാസിന് 28.07 ശതമാനവുമാണ് ലഭിച്ചത്. കൃഷ്ണദാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.