ശ്രേയാംസ്‍കുമാറിനെ തകര്‍ത്ത് ടി. സിദ്ദീഖ്; കല്‍പ്പറ്റയിലെ വിജയത്തിന് തിളക്കമേറെ

തുടര്‍ച്ചയായ പരാജയത്തിനും അവഗണനകള്‍ക്കും അവസാനം ടി. സിദ്ദീഖിന് വിജയം

Update: 2021-05-02 12:03 GMT
Editor : ijas
Advertising

കല്‍പറ്റയില്‍ യുഡിഎഫിന്‍റെ ടി സിദ്ദീഖ് വിജയിച്ചു. എല്‍.ജെ.ഡിയുടെ എം.വി ശ്രേയാംസ് കുമാറിനെയാണ് സിദ്ദീഖ് തകര്‍ത്തത്. 5470 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയം. കഴിഞ്ഞ തവണ കൈപിടിയില്‍ നിന്നും തെന്നിമാറിയ വിജയമാണ് ടി. സിദ്ദീഖ് ഇത്തവണ തിരികെ എടുത്തത്. യു.ഡി.എഫിന് വേരോട്ടമുള്ള പടിഞ്ഞാറത്തറ, കണിയാമ്പറ്റ, മുട്ടിൽ, മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിൽ നേടിയ ഭൂരിപക്ഷമാണ് സിദ്ദീഖിന്‍റെ വിജയം എളുപ്പമാക്കിയത്. 

2014ല്‍ ഇടതുകോട്ടയായ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച സിദ്ദീഖ് ആദ്യ പരാജയം രുചിച്ചു​​. പിന്നീട് 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കുന്ദമംഗലം മണ്ഡലത്തിലും മത്സരിച്ച് പരാജയപ്പെട്ടു. 2016 മുതല്‍ 2020 വരെ കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റായിരുന്നു. 2019ല്‍ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെട്ടെങ്കിലും അവസാനനിമിഷം രാഹുല്‍ഗാന്ധിക്കുവേണ്ടി കളംമാറി കൊടുക്കേണ്ടി വന്നു. തുടര്‍ച്ചയായ പരാജയത്തിനും അവഗണനകള്‍ക്കും അവസാനമാണ് ടി. സിദ്ദീഖിന് കല്‍പ്പറ്റയില്‍ വിജയം നുണയാന്‍ ആയത്. 

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം മണ്ഡലത്തിലെ പെരുമണ്ണയില്‍ പന്നീര്‍ക്കുളം തുവ്വക്കോട്ട് വീട്ടില്‍ കാസിം-നബീസ ദമ്പതികളുടെ മകനായി 1974 ജൂണ്‍ ഒന്നിന് ജനിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷട്രീയപ്രവേശം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് കെ.എസ്.യു യൂനിറ്റ് പ്രസിഡൻറ്, ദേവഗിരി കോളജ് യൂനിയന്‍ ചെയര്‍മാന്‍, കോഴിക്കോട് ഗവ. ലോ കോളജ് യൂനിറ്റ് പ്രസിഡന്‍റ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍, 2007 മുതല്‍ 2009 വരെ യൂത്ത്് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്നി പദവികൾ വഹിച്ചിട്ടുണ്ട്. ബികോം എല്‍.എല്‍.ബി ബിരുദധാരി. ഭാര്യ: ഷറഫുന്നിസ. മക്കള്‍: ആദില്‍, ആഷിഖ്, സില്‍ യസ്ദാന്‍.

Tags:    

Editor - ijas

contributor

Similar News