കബാലിയുടെ പ്രദര്‍ശനം ആഘോഷമാക്കി ആരാധകര്‍

Update: 2018-03-25 14:32 GMT
Editor : Sithara
കബാലിയുടെ പ്രദര്‍ശനം ആഘോഷമാക്കി ആരാധകര്‍
Advertising

സിനിമയുടെ റിലീസ് പ്രമാണിച്ച് ചെന്നെയിലെ ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

രജനീകാന്തിന്‍റെ കബാലിക്ക് വന്‍ വരവേല്‍പ്പ്. തമിഴ്നാട്ടില്‍ പുലര്‍ച്ചെ തന്നെ പ്രദര്‍ശനം ആരംഭിച്ചു. സിനിമയുടെ റിലീസ് പ്രമാണിച്ച് ചെന്നെയിലെ ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

രണ്ട് വര്‍ഷത്തിന് ശേഷം തീയറ്ററുകളിലെത്തിയ സ്റ്റൈല്‍ മന്നനെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ചെന്നൈയും ബംഗ്ളൂരുവും അടക്കമുള്ള നഗരങ്ങളിലെയും യുഎഇയിലെയും പ്രേക്ഷകര്‍ വലിയ ആവേശത്തോടെ കബാലിയെ വരവേറ്റു. മധുരയില്‍ മൂന്ന് മണിക്കാണ് ആദ്യ ഷോ നടന്നത്. ചെന്നൈയില്‍ നടന്‍ ജയറാം അടക്കമുള്ള താരങ്ങള്‍ ആദ്യ പ്രദര്‍ശനം കാണാന്‍ എത്തി.

റിലീസിനോട് അനുബന്ധിച്ച് ചെന്നൈയിലും ബംഗളൂരുവിലും വിവിധ സ്ഥാപനങ്ങള്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് എയര്‍ ഏഷ്യ പ്രത്യേക വിമാനസര്‍വീസും നടത്തി. ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് ചെന്നൈയിലെ കാശി തീയറ്ററില്‍ പുലര്‍ച്ചെ നേരിയ തോതില്‍ സംഘര്‍ഷം ഉണ്ടായി. നിര്‍മാതാവും തീയറ്റര്‍ ഉടമകളും ചേര്‍ന്ന് ടിക്കറ്റുകള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് മറിച്ചുവിറ്റെന്ന് ഇവര്‍ ആരോപിച്ചു.

പതിവ് രീതി വിട്ടെങ്കിലും നല്ല പടമെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ രജനി വീണ്ടും നിരാശപ്പെടുത്തി എന്നാണ് മറ്റൊരു വിഭാഗം പ്രേക്ഷകരുടെ പ്രതികരണം. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലും കബാലി റിലീസ് ചെയ്തു. മലായ് ഭാഷയില്‍ മൊഴിമാറ്റിയ ചിത്രം മലേഷ്യയില്‍ അടുത്ത വെള്ളിയാഴ്ച റിലീസ് ചെയ്യും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News