ദിലീപ് ജയിലില്‍; വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ ട്രയിലര്‍ കാണാം
കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രയിലര്‍ ഒരു ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു
കിംഗ് ലയര്‍ സമ്മാനിച്ച പൊട്ടിച്ചിരിക്ക് ശേഷം ജനപ്രിയ നായകന്‍ വീണ്ടും ചിരിപ്പിക്കാനെത്തുകയാണ്. സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ ഓണത്തിന് മലയാളികള്‍ക്ക് നല്‍കുന്ന ചിരി സദ്യയായിരിക്കുമെന്നാണ് ട്രയിലര്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രയിലര്‍ ഒരു ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. ദിലീപിനൊപ്പം കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമ്മൂട്, ഷറഫൂദ്ദീന്‍, അജു വര്‍ഗീസ് എന്നിവരും ചിരിസദ്യയില്‍ പങ്കുചേരുന്നുണ്ട്. വേദികയാണ് നായിക. രണ്‍ജി പണിക്കര്‍, കൈലാഷ്, ധര്‍മ്മജന്‍, തെസ്നിഖാന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
ബെന്നി പി.നായരമ്പലമാണ് തിരക്കഥ. അഴകപ്പനാണ് ക്യാമറ. സംഗീതം ബേണി ഇഗ്നേഷ്യസ്. വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പതിമൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ദിലീപും സുന്ദര്‍ദാസും ഒരുമിക്കുന്ന ചിത്രം കൂടിയാണ് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍. സല്ലാപം, കുടമാറ്റം,വര്‍ണ്ണക്കാഴ്ചകള്‍,കുബേരന്‍ എന്നിവയാണ് ദിലീപ് നായകനായ സുന്ദര്‍ദാസ് ചിത്രങ്ങള്‍.