വേറിട്ട രീതിയിലുള്ള പാട്ടുകൾക്ക് ഇന്നും ആസ്വാദകർ ഏറെയാണെന്ന് ജാസി ഗിഫ്റ്റും നജീം അർഷാദും
ഇരുവരും ദുബൈയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു
വേറിട്ട രീതിയിലുള്ള പാട്ടുകൾക്ക് ഇന്നും ആസ്വാദകർ ഏറെയാണെന്ന് ഗായകരായ ജാസി ഗിഫ്റ്റും നജീം അർഷാദും. ഗൾഫ് വോയ്സ് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഒരുക്കുന്ന രാഗോൽസവം പരിപാടിക്കെത്തിയ ഇരുവരും ദുബൈയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
'ഫോർ ദ പീപ്പിൾ' സിനിമയിലെ പാട്ടുകൾക്ക് ആസ്വാദകർ ഏറെയായിരുന്നെങ്കിലും കടുത്ത വിമർശകരും ഉണ്ടായിരുന്നുവെന്ന് ജാസി ഗിഫ്റ്റ് പറഞ്ഞു. എന്നാൽ പുതിയ കാലത്ത് വിമർശനം കുറവാണ്. പരീക്ഷണം ആയതു കൊണ്ടു മാത്രം ഒരു ഗാനം വിജയിച്ചു കൊള്ളണമെന്നില്ലെന്നും ജാസി പ്രതികരിച്ചു.
റിയാലിറ്റി ഷോയിലൂടെ പാട്ടുകളെ ജനകീയമാക്കാൻ സാധിച്ചെങ്കിലും സിനിമയിൽ അവസരം ലഭിച്ചതാണ് ഏറ്റവും കൂടുതൽ തുണയായി മാറിയതെന്ന് നജീം അർഷാദിന്റെ അഭിപ്രായം. വെള്ളിയാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുന്ന രാഗോൽസവത്തിൽ ജാസിക്കും നജീമിനും പുറമെ പ്രവാസലോകത്തെ നിരവധി പാട്ടു പ്രതിഭകളും അണിനിരക്കും. ഗൾഫ് വോയ്സിന്റെ കലാകാരൻമാരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും. യുവഗായകൻ സുൾഫികിനു പുറമെ ഗൾഫ് വോയിസ് സാരഥികളായ ഷാജി, രമേഷ് നായർ, രാജു എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.