കല്‍പന ഓര്‍മയായിട്ട് ഒരു വര്‍ഷം

Update: 2018-04-27 17:58 GMT
കല്‍പന ഓര്‍മയായിട്ട് ഒരു വര്‍ഷം
Advertising

കല്‍പ്പന അനശ്വരമാക്കിയ ഒരു പിടി നല്ല കഥാപാത്രങ്ങളുടെ സ്മരണയിലാണ് ചലച്ചിത്ര ലോകം.

പ്രശസ്ത നടി കല്‍പന ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. കല്‍പ്പന അനശ്വരമാക്കിയ ഒരു പിടി നല്ല കഥാപാത്രങ്ങളുടെ സ്മരണയിലാണ് ചലച്ചിത്ര ലോകം.

നാടക പ്രവര്‍ത്തകരായ ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളായി ജനിച്ച കല്‍പ്പന സഹോദരിമാരായ ഉര്‍വ്വശിക്കും കലാരഞ്ജിനിക്കും പിറകെ സിനിമയിലെത്തുകയായിരുന്നു. ബാലതാരമായിട്ടായിരുന്നു തുടക്കം. അരവിന്ദന്റെ പോക്കുവെയില്‍ മലയാള ചലച്ചിത്ര രംഗത്ത് കല്‍പ്പനക്ക് മേല്‍വിലാസമുണ്ടാക്കി കൊടുത്തു.

പിന്നീടിങ്ങോട്ട് മലയാളിയുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ഒരു പിടി വേഷങ്ങള്‍‍. ഹാസ്യരസ പ്രധാനമായ നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കി. ഗാന്ധര്‍വ്വത്തിലെ കൊട്ടാരക്കര കോമളം, ഇഷ്ടത്തിലെ മറിയാമ്മാ തോമസ്, സ്പിരിറ്റിലെ പങ്കജം, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനി, ബാംഗ്ലൂര്‍ ഡെയ്സിലെ കുട്ടന്റെ അമ്മ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ
കല്‍പ്പന മലയാളിയെ ചിരിപ്പിച്ചു.

ഹാസ്യസാമ്രാട്ട് ജഗതിക്കൊപ്പമുള്ള കല്‍പ്പനയുടെ പല വേഷങ്ങളും പ്രേക്ഷക ഇഷ്ടം പിടിച്ചു പറ്റി. 85ല്‍ ഭാഗ്യരാജിന്റെ ചിന്ന വീടിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച കല്‍പ്പന തെലുങ്ക്, കന്നഡ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഹാസ്യനടിയില്‍ എന്ന നിലയില്‍ നിന്ന് സ്വഭാവ നടിയിലേക്ക് കൂടുമാറിയ കല്‍പ്പനക്ക് തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.

കല്‍പ്പനയുടെ അവസാന മലയാള ചിത്രം ചാര്‍ലിയായിരുന്നു. സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു മരണം. അഭിനയ വഴക്കത്തില്‍ മലയാളത്തിന്റെ മനോരമ എന്നറിയപ്പെട്ട കല്‍പ്പനയുടെ വിയോഗത്തോടെ നഷ്ടമായത് പകരം വെക്കാനില്ലാത്ത അഭിനയപ്രതിഭയെയായിരുന്നു.

Tags:    

Similar News