ബോളിവുഡിനൊപ്പം മത്സരിച്ച് നേടിയ കൈരളിയുടെ വിജയം

Update: 2018-04-28 11:53 GMT
Editor : admin
ബോളിവുഡിനൊപ്പം മത്സരിച്ച് നേടിയ കൈരളിയുടെ വിജയം
Advertising

അറുപത്തിമൂന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയില്‍ തിളങ്ങിയത് മലയാള ചിത്രങ്ങളാണ്

അറുപത്തിമൂന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയില്‍ തിളങ്ങിയത് മലയാള ചിത്രങ്ങളാണ്. സംഗീത സംവിധായകന്‍, ബാലതാരം, മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം തുടങ്ങി 10 പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്..

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ബോളിവുഡിനൊപ്പമായിരുന്നു മലയാളത്തിന്റെയും സ്ഥാനം. സംസ്ഥാന പുരസ്കാരത്തിന് പിന്നാലെ ദേശീയ തലത്തിലും മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ജയസൂര്യ സ്വന്തമാക്കി. 'സു സു സുധീ വാത്‌മീകം' , 'ലുക്കാച്ചുപ്പി' എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ക്കായിരുന്നു പുരസ്കാരം..

'എന്നു നിന്റെ മൊയ്തീനിലെ 'കാത്തിരുന്ന് കാത്തിരുന്ന്' എന്ന ഗാനത്തിന് സംഗീതമിട്ട് എം ജയചന്ദ്രന്‍ മികച്ച സംഗീതസംവിധായകനായി.. ബെന്‍' ലെ അഭിനയത്തിന് മാസ്റ്റര്‍ ഗൌരവ് മേനോന്‍ മികച്ച ബാലതാരമായി. സംസ്ഥാന പുരസാരത്തിലും ഗൌരവ് തന്നെയായിരുന്നു മികച്ച ബാലതാരം. വി കെ പ്രകാശ് സംവിധാനം ചെയ്ത 'നിര്‍ണായകം' എന്ന ചിത്രം മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായും ഡോ ബിജു സംവിധാനം ചെയ്ത 'വലിയ ചിറകുള്ള പക്ഷികള്‍' എന്ന മികച്ച പരിസ്ഥിതി ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.

മലയാളിയായ വിനോദ് മങ്കര സംവിധാനം ചെയ്ത 'പ്രിയമാനസം' എന്ന ചിത്രം മികച്ച സംസ്‌കൃതചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. സലിം അഹമ്മദിന്റെ 'പത്തേമാരിയാണ് മികച്ച മലയാളച്ചിത്രം.. ക്രിസ്റ്റോ ടോമി ഒരുക്കിയ 'കാമുകി' മികച്ച ഹ്രസ്വചിത്രമായി. മാധ്യമപ്രവര്‍ത്തകനായ നീലന്‍ ഒരുക്കിയ 'അമ്മ' മികച്ച ഡോക്യുമെന്ററിയായും പ്രൊഫ. അലിയാര്‍ മികച്ച വിവരണത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി. മികച്ച സിനിമാ സൌഹൃദ സംസ്ഥാന പുരസ്കാരത്തിലും കേരളത്തിന് നേട്ടമുണ്ടായി. ഗുജാറാത്തിനെ മികച്ച സിനിമാസൌഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഉത്തര്‍പ്രദേശിനൊപ്പം കേരളത്തിനും പ്രത്യേക പരാമര്‍ശം പങ്കിട്ടു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News