മൂണ്‍ ലൈറ്റ് മികച്ച ചിത്രം; എമ്മ സ്റ്റോണ്‍ നടി, കെയ്സി അഫ്ലക്ക് നടന്‍
ലാ ലാ ലാന്‍ഡ് ആറ് അവാര്‍ഡുകള്‍ വാരിക്കൂട്ടി. മികച്ച വിദേശഭാഷാ ചിത്രം ദ സെയില്‍സ്മാന്‍. ദേവ് പട്ടേലിന് അവാര്‍ഡില്ല
മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരം മൂണ്‍ ലൈറ്റിന്. മികച്ച സംവിധായകനായി ലാ ലാ ലാന്‍ഡിന്റെ സംവിധായകന്‍ ഡാമിയന്‍ ഷാസെല്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് കെയ്സി അഫ്ലക്കാണ്. മാഞ്ചസ്റ്റര്‍ ബൈ ദ സീയിലെ ലീ എന്ന കഥാപാത്രമാണ് അഫ്ലക്കിനെ മികച്ച നടനാക്കിയത്. മികച്ച നടി എമ്മ സ്റ്റോണ്‍. ലാ ലാ ലാന്‍ഡിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരം ദ സെയില്‍സ്‍മാന് ലഭിച്ചു. ഇറാന്‍ ചിത്രമാണ് ദ സെയില്‍സ്മാന്‍. അസ്ഗര്‍ ഫര്‍ഹാദിയാണ് ചിത്രം സംവിധാനം ചെയ്തത്. ട്രംപിന്റെ യാത്രാവിലക്ക് ഉത്തരവില്‍ പ്രതിഷേധിച്ച് പുരസ്കാരദിന ചടങ്ങിന് അണിയറ പ്രവര്‍ത്തകര്‍ ആരും എത്തിയില്ല.
മികച്ച സഹനടനെയാണ് ആദ്യം പ്രഖ്യാപിച്ചത്. മൂണ്‍ലൈറ്റിലെ അഭിനയത്തിന് മഹര്‍ഷാല അലി മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ഓസ്കറിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായിരുന്ന ദേവ് പട്ടേലിന് അവാര്‍ഡില്ല. ലയേണിലെ അഭിനയത്തിലൂടെ മികച്ച സഹനടനുള്ള പട്ടികയിലായിരുന്നു ദേവ് പട്ടേല്‍ ഇടം നേടിയിരുന്നത്. ഫെന്‍സസിലെ അഭിനയത്തിന് വയോള ഡേവിസ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു.
കോളിന്‍ ആറ്റ്‍വുഡിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ലഭിച്ചു. ചിത്രം- ഫന്റാസ്റ്റിക് ബീസ്റ്റ്സ് ആന്റ് വെര്‍ ടു ഫൈന്‍ ദെം. ചമയത്തിനും കേശാലങ്കാരത്തിനുമുള്ള പുരസ്കാരം നേടിയത് അലക്സാണ്ട്രോ ബെര്‍ട്ടാലസാണ്. ചിത്രം സൂയിസൈഡ് സ്ക്വാഡ്. ശബ്ദസംയോജനത്തിനുള്ള പുരസ്കാരം സില്‍വൈന്‍ ബെല്ലമെയ്ര്‍ സ്വന്തമാക്കി. ചിത്രം അറൈവല്‍. ശബ്ദമിശ്രണത്തിനുള്ള പുരസ്കാരം ഹാക്സോ റിഡ്ജിനാണ്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിങ്ങിനും ഛായാഗ്രഹണത്തിനുമുള്ള പുരസ്കാരം ലാ ലാ ലാന്‍ഡിന് ലഭിച്ചു. മികച്ച സംഗീതത്തിനും മികച്ച ഗാനത്തിനുമുള്ള ഓസ്‍കര്‍ പുരസ്‍കാരവും ലാ ലാ ലാന്‍ഡിനെ തന്നെ തേടിയെത്തി.
മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്കാരം മൂണ്‍ലൈറ്റിനാണ്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം മാഞ്ചസ്റ്റര്‍ ബൈ ദ സീ നേടി. സൂട്ടോപ്പിയ ആനിമേഷന്‍ ചിത്രത്തിനും ജംഗിള്‍ബുക്ക് വിഷ്വല്‍ എഫക്ട്സിനുമുള്ള ഓസ്കര്‍ നേടി. ഓജെ മെയ്ഡ് ഇന്‍ അമേരിക്ക ഫീച്ചര്‍ ഡോക്യുമെന്‍ററിയും വൈറ്റ് ഹെല്‍മറ്റ് ഹ്രസ്വ ഡോക്യുമെന്‍ററിയുമായി.