അവാര്‍ഡ് ചരിത്രം തിരുത്തിയെഴുതി ആദ്യത്തെ മികച്ച സംവിധായകയായി വിധു വിന്‍സെന്റ്
നാല്‍പ്പത്തിയേഴ് വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചരിത്രത്തില്‍ ആദ്യമായാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് ഒരു വനിത നേടുന്നത്
ആദ്യ സിനിമ തന്നെയാണ് മികച്ച സംവിധായികക്കുള്ള പുരസ്കാരത്തിന് വിധു വിന്‍സെന്റിനെ അര്‍ഹയാക്കിയത്. നാല്‍പ്പത്തിയേഴ് വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഈ പുരസ്കാരം നേടുന്നത്. അതിനാല്‍തന്നെ മാന്‍ഹോളിനുള്ള പുരസ്കാരം മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിയെഴുതി.
മുഖ്യധാരയില്‍ ജീവിക്കുന്ന കേരളീയര്‍ക്ക് കണ്ടുപരിചയമില്ലാത്ത മലയാളി മനുഷ്യരുടെ ജീവിതം തേടി മീഡിയവണ്‍ നടത്തിയ അന്വേഷണമാണ് മാന്‍ഹോള്‍ എന്ന ചലച്ചിത്രമായി മാറിയത്. ട്രൂത്ത് ഇന്‍സൈഡ് പരിപാടിയില്‍ പ്രക്ഷേപണം ചെയ്ത വൃത്തിയുടെ ജാതി എന്ന അന്വേഷണം കണ്ട് അന്ന് കേരളം നടുങ്ങി. മീഡിയവണ്‍ റിപ്പോര്‍ട്ടറായിരുന്ന വിധു വിന്‍സെന്റ് തന്നെ പിന്നീട് അത് ചലച്ചിത്രമാക്കി. ആ മനുഷ്യരുടെ ജീവിതത്തിനാണ് ഇപ്പോള്‍ പുരസ്കാരം ലഭിച്ചത്.
ശുചീകരണ തൊഴിലാളികളുടെ കഥ പറയുന്ന മാന്‍ഹോള്‍ കഴിഞ്ഞ കേരള ചലച്ചിത്ര മേളയില്‍ മികച്ച നവാഗത സംവിധായികക്കും ഫിപ്രസ്കി യുടെ മികച്ച സിനിമക്കുമുള്ള പുരസ്കാരങ്ങള്‍ നേടിയിരുന്നു.