ഐഎഫ്എഫ്‍കെയില്‍ ദേശീയ ഗാനത്തിന് ഇളവില്ലെന്ന് കോടതി
എല്ലാ പ്രദര്‍ശനങ്ങള്‍ക്ക് മുന്പും ദേശീയഗാനം ആലപിക്കണം. വിദേശപ്രതിനിധികളടക്കം എഴുന്നേറ്റ് നില്‍ക്കണം
ഐഎഫ്എഫ്‍കെയില്‍ ദേശീയ ഗാനലാപനത്തിന് ഇളവ് നല്‍കാനാകില്ലെന്ന് സുപ്രിം കോടതി. ഓരോ പ്രദര്‍ശനത്തിനും മുന്നോടിയായി ദേശീയ ഗാനം ആലപിക്കണമെന്നും, ഭിന്ന ശേഷിയുള്ളവരൊഴികെ എഴുന്നേറ്റ് നില്‍ക്കണമെന്നും കോടതി പറഞ്ഞു. വിദേശ പ്രതിനിധികള്‍ക്ക് ഇളവ് നല്‍കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. കോടതിയുത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു.
തിയ്യേറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി നേരത്തെ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ നിന്ന് ചലചിത്ര മേളകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയാണ് ഇന്ന് സുപ്രിം കോടതിയെ സമീപിച്ചത്.
കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്നാരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹരജി നല്‍കിയത്. എന്നാല്‍ ചലച്ചിത്രമേളകള്‍ക്ക് ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മേളയിലെ ഓരോ പ്രദര്‍ശനത്തിനും മുമ്പ് നേരത്തെ പറഞ്ഞത് പോലെ ദേശീയഗാനം ആലപിക്കണം. ഭിന്നശേഷിയുള്ളവരൊഴികെയുള്ള മുഴുവന്‍ കാഴ്ചക്കാരും എഴുന്നേറ്റ് നില്‍ക്കുകയും വേണമെന്നും കോടതി പറഞ്ഞു. ചലച്ചിത്ര മേളകളില്‍ വിദേശികള്‍ ധാരാളം എത്തുമെന്നും, എഴുന്നേറ്റ് നില്‍ക്കുന്നതില്‍ അവര്‍ക്ക് ഇളവ് നല്‍കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഞെട്ടിക്കുന്നതാണെന്നും, വിദേശികള്‍ വേണ്ടി വന്നാല്‍ 20 തവണ എഴുന്നേറ്റ് നില്‍ക്കേണ്ടിവരുമെന്നും കോടതി പ്രതികരിച്ചു. ഇന്നത്തെ കോടതി ഉത്തരവ്, നേരത്തെയുണ്ടായ വിധിയില്‍ വ്യക്തത വരുത്തുന്നതാണെന്നും, കോടതി ഉത്തരവ് പൂര്‍ണ്ണമായും പാലിക്കുമെന്നും ചലച്ചിത്ര സംവിധായകന്‍ കമല്‍ അറിയിച്ചു.