ഹാര്‍വി വെയ്ന്‍സ്‌റ്റെയ്‌നെ ഓസ്‌കര്‍ പുരസ്‌കാര സമിതിയില്‍നിന്നു പുറത്താക്കി
സംവിധായകന്‍ സ്റ്റീവന്‍ സ്‍പില്‍ബര്‍ഗ്, നടന്‍ ടോം ഹാങ്ക്‌സ്, വൂപി ഗോള്‍ഡ്ബര്‍ഗ് തുടങ്ങിയവരടങ്ങുന്ന ഭരണസമിതി ശനിയാഴ്ച യോഗം ചേര്‍ന്നാണ് വെയ്ന്‍സ്‌റ്റെയ്‌നെ പുറത്താക്കാന്‍ തീരുമാനമെടുത്തത്
ലൈംഗികാരോപണം നേരിടുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റെയ്‌നെ ഓസ്‌കര്‍ പുരസ്‌കാര സമിതിയില്‍നിന്നു പുറത്താക്കി. ബോര്‍ഡ് യോഗത്തില്‍ വെയ്ന്‍സ്‌റ്റെയ്‌നെ പുറത്താക്കാനുള്ള തീരുമാനത്തിനു മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിച്ചെന്ന് അക്കാഡമി പത്രക്കുറിപ്പില്‍ അറിയിച്ചു. സംവിധായകന്‍ സ്റ്റീവന്‍ സ്‍പില്‍ബര്‍ഗ്, നടന്‍ ടോം ഹാങ്ക്‌സ്, വൂപി ഗോള്‍ഡ്ബര്‍ഗ് തുടങ്ങിയവരടങ്ങുന്ന ഭരണസമിതി ശനിയാഴ്ച യോഗം ചേര്‍ന്നാണ് വെയ്ന്‍സ്‌റ്റെയ്‌നെ പുറത്താക്കാന്‍ തീരുമാനമെടുത്തത്. ബാഫ്ത്തയും കഴിഞ്ഞ ദിവസം വെയ്ന്‍സ്‌റ്റെയ്‌നെ പുറത്താക്കിയിരുന്നു. ഷേക്‍സ്‍പിയര്‍ ഇന്‍ ലവിന് മികച്ച നിര്‍മാതാവിനുള്ള ഒാസ്‍കാര്‍ വെയ്ന്‍സ്‌റ്റെയ്‌ന്‍ നേടിയിരുന്നു.
വെയ്ന്‍സ്‌റ്റെയ്‌ന്റെ നിര്‍മാണ കമ്പനിയായ മിറാമാക്‌സിലൂടെ ഇറങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം കൂടി മുന്നൂറിലേറെ ഓസ്‌കര്‍ നാമനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. 81 ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്തു. ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സഹോദരന്‍ ബോബ് സ്ഥാപിച്ച സ്റ്റുഡിയോ കമ്പനിയുടെ സഹ അധ്യക്ഷ സ്ഥാനത്തുനിന്ന് ഹാര്‍വി വെയ്ന്‍സ്‌റ്റെയ്‌നെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഭാര്യ ജോര്‍ജിയന ചാപ്മാന്‍ വിവാഹമോചനത്തിനൊരുങ്ങുകയാണെന്നു റിപ്പോര്‍ട്ടുകള്‍.
ഒാസ്‌കര്‍ നേടിയ ഷേക്‍സ്‍പിയര്‍ ഇന്‍ ലവും പള്‍പ് ഫിക്ഷനും ഉള്‍പ്പെടെ നിരവധി പ്രശസ്ത സിനിമകള്‍ ഹാര്‍വി വെയ്ന്‍സ്‌റ്റെയ്ന്‍ നിര്‍മിച്ചു. ഓസ്‌കര്‍ പുരസ്‌കാരം നേടിയ വിഖ്യാത സംവിധായകന്‍ ക്വെന്റൈന്‍ ടറാന്റിനോയുടെ ഒട്ടുമിക്ക സിനിമകളും നിര്‍മിച്ചത് വെയ്ന്‍സ്‌റ്റെയ്‌നാണ്. മിറാമാക്‌സിലൂടെ ഇറങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം കൂടി മുന്നൂറിലേറെ ഓസ്‌കര്‍ നാമനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ലിയ സെയ്ദു, റോസ് മഗവന്‍, ആസിയ അര്‍ജന്റോ, ആംബ്ര ഗുറ്റിയെറസ്, ആഷ്‌ലി ജൂഡ്, കാറ ഡെലവിന്‍, ഹെതര്‍ ഗ്രഹാം, ലുസിയ ഇവാന്‍സ് തുടങ്ങി ഒട്ടേറെപ്പേര്‍ ലൈംഗികപീഡനത്തിനിരയായതായി വെളിപ്പെടുത്തിക്കഴിഞ്ഞു. ആരോപണങ്ങളെല്ലാം വെയ്ന്‍സ്‌റ്റെയ്ന്‍ നിഷേധിക്കുകയാണ്. സ്ത്രീകളുടെ സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചിട്ടില്ലെന്നാണു നിലപാട്.
ഇറ്റാലിയന്‍ മോഡല്‍ ആംബ്ര ഗുറ്റിയെറസിന്റെ പരാതിയില്‍ 2015ല്‍ നിര്‍മാതാവിനെതിരെ അന്വേഷണം നടന്നെങ്കിലും തെളിവില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ലൈംഗിക പീഡനത്തിനിരയായതായി വെളിപ്പെടുത്തിയ നടി റോസ് മഗവന്‍, വെയ്ന്‍സ്‌റ്റെയ്‌നെ ട്വിറ്ററില്‍ വിമര്‍ശിച്ചതിനു പിന്നാലെ അക്കൗണ്ട് താല്‍ക്കാലികമായി റദ്ദാക്കപ്പെട്ടതു കഴിഞ്ഞ ദിവസം ചര്‍ച്ചയായി.