ഗന്ധര്‍വ്വ നാദത്തിന് 77 വയസ്

Update: 2018-05-12 23:29 GMT
Editor : Jaisy
ഗന്ധര്‍വ്വ നാദത്തിന് 77 വയസ്
Advertising

മലയാളികളുടെ കാതുകളെ ഈണങ്ങളില്‍ കെട്ടിയിടാനായിരുന്നു ആ ഗാനഗന്ധര്‍വ്വ ഗായകന്‍ ഭൂമിയിലേക്ക് വന്നത്

നാദം സുന്ദരമാണ്, അത് ഗന്ധര്‍വ്വ നാദമാണെങ്കില്‍ അതിസുന്ദരവും. ദേവലോകത്തില്‍ സംഗീത മഴ പൊഴിക്കുന്ന ഗന്ധര്‍വ്വന്‍ ഭൂമിയില്‍ പിറന്നാലോ...ഭൂമി മുഴുവന്‍ സംഗീതമയമായിരിക്കും. പക്ഷേ ആ ഭാഗ്യം ലഭിച്ചത് ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ക്കായിരുന്നു. മലയാളികളുടെ കാതുകളെ ഈണങ്ങളില്‍ കെട്ടിയിടാനായിരുന്നു ആ ഗാനഗന്ധര്‍വ്വ ഗായകന്‍ ഭൂമിയിലേക്ക് വന്നത്. മലയാളിക്ക് ഗായകന്‍ എന്നാല്‍ യേശുദാസാണ്. എത്രയോ വര്‍ഷങ്ങളായി ആ മാന്ത്രിക ശബ്ദം നമ്മെ തഴുകിത്തലോടാന്‍ തുടങ്ങിയിട്ട്. ഇന്ന് യേശുദാസിന്റെ പിറന്നാളാണ്..കാലങ്ങള്‍ കഴിഞ്ഞിട്ടും മാധുര്യം നഷ്ടപ്പെടാത്ത ആ ശബ്ദമാധുര്യത്തിന് 77 വയസും.

യേശുദാസിന്റെ പാട്ട് കേള്‍ക്കാത്ത ഒരു ദിവസമെങ്കിലും മലയാളിക്ക് ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. എവിടെത്തിരിഞ്ഞാലും എവിടെപ്പോയാലും ഗന്ധര്‍വ്വ നാദം നമുക്കൊപ്പമുണ്ടാകും. പ്രണയിക്കുമ്പോള്‍ കാമുകനെപ്പോലെ, വിഷാദത്തിന്റെ തീരത്ത് ഒരു തെന്നല്‍ പോലെ, ചിലപ്പോള്‍ പിതൃവാത്സല്യത്തിന്റെ താരാട്ടുമായി, ആഘോഷങ്ങളില്‍ ഇരട്ടിമധുരവുമായി ആ ഗന്ധര്‍വ്വ നാദം ഇങ്ങിനെ പാടിപ്പതിഞ്ഞൊഴുകുകയാണ്. സ്വന്തം ജീവിതം പോലെ കാണാപ്പാഠമാണ് മലയാളിക്ക് യേശുദാസിന്റെ ജീവിതവും. യേശുദാസിന് മുന്‍പും പിന്‍പും എത്രയോ പാട്ടുകാര്‍ വന്നു, ഇനിയും എത്രയോ പേര്‍ വരാനിരിക്കുന്നു. അവരൊന്നും ദാസേട്ടന്‍ എന്ന് മലയാളികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന സംഗീത പ്രതിഭക്ക് മുന്നില്‍ ഒന്നുമല്ല എന്ന് നമുക്കറിയാം.

Full View

മലയാളം മാത്രമല്ല അന്യസംസ്ഥാനക്കാരും അദ്ദേഹത്തിന്റെ സംഗീത മാധുര്യം കേട്ടനുഭവിച്ചിട്ടുണ്ട്. അസമീസ്, കാശ്മീരി കൊങ്കണി ഭാഷകളിലൊഴികെ എല്ലാ ഭാഷകളിലും യേശുദാസ് പാടിയിട്ടുണ്ട്. കഷ്ടപ്പാടുകളിലൂടെയാണ് യേശുദാസ് എന്ന ഗായകന്‍ വളര്‍ന്നു വന്നത്. കര്‍ണാടക സംഗീതജ്ഞനും നാടക കലാകാരനുമായ പിതാവ് അഗസ്റ്റ്യന്‍ ജോസഫായിരുന്നു യേശുദാസിന് പ്രചോദനം. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദപരിശോധനയിൽ പങ്കെടുത്ത യേശുദാസ്‌ പരാജയപ്പെട്ട ചരിത്രവുമുണ്ട്‌. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ച യേശുദാസ് ചെമ്പൈയുടെ പ്രിയ ശിഷ്യനും കൂടിയായിരുന്നു.

Full View

സംഗീത പഠനം കഴിഞ്ഞയുടന്‍ 'നല്ലതങ്ക' എന്ന ചിത്രത്തിൽ പാടാന്‍ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ്‌ ഒഴിവാക്കുകയായിരുന്നു. എങ്കിലും ദാസ് നിരാശനായില്ല. 1961 നവംബര്‍ 14നാണ്‌ യേശുദാസിന്റെ ആദ്യഗാനം റെക്കോഡ്‌ ചെയ്തത്‌. കെ. എസ്‌. ആന്റണി എന്ന സംവിധായകന്‍ തന്റെ 'കാല്പ്പാടുകള്‍' എന്ന സിനിമയിൽ പാടാൻ അവസരം നല്കി. സിനിമയിലെ മുഴുവന്‍‌ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷംമൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം ആലപിച്ചു കൊണ്ടാണ് യേശുദാസ് സിനിമയെന്ന മായിക ലോകത്തേക്ക് കടന്നത്. അവിടുന്ന് അങ്ങോട്ട് പിന്നെ യേശുദാസിന്റെ കാലമായിരുന്നു. യേശുദാസിന്റെ ഹിറ്റ് ഗാനങ്ങള്‍ തെരഞ്ഞെടുക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. കാരണം അദ്ദേഹം പാടിയ പാട്ടുകളെയെല്ലാം മലയാളി നെഞ്ചിലേറ്റി. ആയിരം പാദസരങ്ങള്‍ കിലുങ്ങി, താമസമെന്തേ വരുവാന്‍, ഏഴു സ്വരങ്ങളും, രാമകഥാ ഗാനലയം, ഒരു പുഷ്പം മാത്രമെന്‍ അങ്ങിനെ എത്രയെത്ര ഗാനങ്ങള്‍...മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം യേശുദാസിന്റെ ഹിറ്റ് ഗാനങ്ങള്‍ ഇപ്പോഴും പുതുതലമുറ പോലും പാടി നടക്കുന്നു.

Full View

ഇരുപത്തിനാല് തവണ മികച്ച ഗായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം യേശുദാസിനെ തേടിയെത്തിയിട്ടുണ്ട്. അതുപോലെ മറ്റ് സംസ്ഥാനങ്ങളുടെ പുരസ്കാരവും നിരവധി തവണ യേശുദാസിന് ലഭിച്ചു. പത്മഭൂഷണ്‍, പത്മശ്രീ എന്നീ ബഹുമതികള്‍ നല്കിയ രാഷ്ട്രം ആ സംഗീതപ്രതിഭയെ ആദരിച്ചിട്ടുണ്ട്. കുറച്ചു കാലം മലയാള സിനിമയില്‍ നിന്നും വിട്ടുനിന്ന അദ്ദേഹം ആക്ഷന്‍ ഹീറോ ബിജുവിലെ പൂക്കള്‍ പനിനീര്‍ പൂക്കള്‍ പാടി വീണ്ടും സജീവമായി. പുലിമുരുകനിലെ കാടണിയും, വില്ലനിലെ കണ്ടിട്ടും കണ്ടിട്ടും തുടങ്ങിയവയാണ് ദാസേട്ടന്റെ മാന്ത്രിക ശബ്ദത്തില്‍ മലയാളത്തില്‍ ഈയിടെ കേട്ട പാട്ടുകള്‍.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News