കമലഹാസന് ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ പുരസ്കാരം
പരമോന്നത ഫ്രഞ്ച് ബഹുമതിയായ ലീജിയണ്‍ ഓഫ് ഓണര്‍ പുരസ്കാരങ്ങളുടെ ഭാഗമാണ് ഷെവലിയര്‍
ഉലകനായകന്‍ കമലഹാസന് ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ പുരസ്കാരം. ചലച്ചിത്ര രംഗത്തെ അതുല്യ സംഭാവന പരിഗണിച്ചാണ് കമലിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. പാരിസില്‍ നടക്കുന്ന ചടങ്ങില്‍ കമലഹാസന് ബഹുമതി സമ്മാനിക്കും. പരമോന്നത ഫ്രഞ്ച് ബഹുമതിയായ ലീജിയണ്‍ ഓഫ് ഓണര്‍ പുരസ്കാരങ്ങളുടെ ഭാഗമാണ് ഷെവലിയര്‍. കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുമാണ് ഷെവലിയര്‍ പുരസ്കാരം നല്‍കുന്നത്.
തനിക്ക് പുരസ്കാരം ലഭിച്ച വിവരം ശബ്ദ സന്ദേശത്തിലൂടെയാണ് കമല്‍ ആരാധകരെ അറിയിച്ചത്. തന്നെ പിന്തുണച്ച കുടുംബത്തിനും ആരാധകര്‍ക്കും കമല്‍ നന്ദി അറിയിച്ചു. ശിവാജി ഗണേശന്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, നന്ദിതാ ദാസ്, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് നേരത്തെ ഷെവലിയര്‍ പുരസ്കാരം ലഭിച്ചിട്ടുള്ളത്.
പുരസ്കാരം ലഭിച്ചതിന് സിനിമാ,രാഷ്ട്രീയ രംഗത്തു നിന്നുള്ളവര്‍ കമലിനെ അഭിനന്ദിച്ചു. തമിഴ് സിനിമക്ക് ലഭിച്ച അംഗീകാരമാണെന്ന് നടികര്‍ സംഘം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കമലിന് ഹൃദയം നിറഞ്ഞ അഭിനന്ദനം അര്‍പ്പിക്കുന്നതായി ഡിഎംകെ ട്രഷററും പ്രതിപക്ഷ നേതാവുമായ എം.കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.