എ ആര്‍ റഹ്മാന്‍ ആടുജീവിതത്തിലൂടെ വീണ്ടും മലയാളത്തിലേക്ക്
25 വര്‍ഷത്തെ ഇടവേളക്ക് ശേഷം എ ആര്‍ റഹ്മാന്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു.
25 വര്‍ഷത്തെ ഇടവേളക്ക് ശേഷം എ ആര്‍ റഹ്മാന്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലൂടെ താന്‍ മലയാളത്തില്‍ ഉടന്‍ തിരിച്ചെത്തുമെന്ന് എ ആര്‍ റഹ്മാന്‍ പറഞ്ഞു. ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തേ ഇതുസംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും എ ആര്‍ റഹ്മാന്‍ തന്റെ മടങ്ങിവരവ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.
1992ല്‍ പുറത്തിറങ്ങിയ സംഗീത് ശിവന്റെ യോദ്ധ എന്ന സിനിമയിലൂടെയാണ് എ ആര്‍ റഹ്മാന്‍ എന്ന സംഗീത വിസ്മയത്തെ ലോകം പരിചയപ്പെടുന്നത്. എന്നാല്‍ ഓസ്കര്‍ വരെ കീഴടക്കി മുന്നേറിയ 25 വര്‍ഷത്ത സംഗീതയാത്രക്കിടെ റഹ്മാന്‍ ഒരിക്കല്‍ പോലും മലയാളിലേക്ക് മടങ്ങിവന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് എ ആര്‍ റഹ്മാന്‍ തന്റെ മടങ്ങിവരവ് സ്ഥിരീകരിച്ചത്.
റഹ്മാന്‍ സംഗീതത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിന് ദുബൈയില്‍ ഈ മാസം 26ന് ജേര്‍ണി എന്ന പേരില്‍ സംഗീതമേളയൊരുക്കും. മലയാളമാണ് തനിക്ക് സിനിമാസംഗീതത്തിലേക്ക് വഴി കാണിച്ചതെന്ന് പറയാന്‍ എ ആര്‍ റഹ്മാന്‍ മറന്നില്ല.
ദുബൈ ബോളിവുഡ് പാര്‍ക്കില്‍ 300 അടി വലിപ്പമുള്ള കൂറ്റന്‍ സ്റ്റേജില്‍ ബ്രദേഴ്സ് ഇന്‍ കോര്‍പറേറ്റഡാണ് സംഗീതമേളയൊരുക്കുന്നത്. സംഘാടകരായി രാഹുല്‍, നിനാന്ദ് എന്നിവരും വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്തു.