മലയാളത്തിന്റെ അഹങ്കാരത്തിന് 65 വയസ്
സെപ്തംബര്‍ 7, ഇന്ന് മമ്മൂട്ടിയുടെ പിറന്നാളാണ്
പ്രായം കൂടുന്തോറും സൌന്ദര്യം കൂടുന്ന പ്രതിഭാസം...മമ്മൂട്ടിയെക്കുറിച്ച് ഒരു ആരാധകന്‍ ഫേസ്ബുക്കിലിട്ട കമന്റാണിത്. അതേ എത്രയോ നടന്മാര്‍ നമുക്കുണ്ട്, പക്ഷേ സൌന്ദര്യവും അഭിനയവും ഒത്തിണങ്ങിയ താരമേതെന്ന് ചോദ്യത്തിന് ചൂണ്ടിക്കാണിക്കാന്‍ നമ്മുടെ മമ്മൂക്ക മാത്രമേ ഉള്ളൂ. സെപ്തംബര്‍ 7, ഇന്ന് മമ്മൂട്ടിയുടെ പിറന്നാളാണ്. ഈ അറുപത്തിയഞ്ചാം വയസിലും മമ്മൂട്ടി താരമാണ്. ഇന്ന് സിനിമയിലേക്ക് വന്ന മറ്റേത് ചെറുപ്പക്കാരെക്കാള്‍ കൂടുതല്‍ ചെറുപ്പവും മമ്മൂട്ടിക്ക് തന്നെ. അതുകൊണ്ടാണ് മമ്മൂക്കയെ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമെന്ന് വിശേഷിപ്പിക്കുന്നത്.
എത്രയോ വര്‍ഷങ്ങളായി മമ്മൂക്ക നമ്മോടൊപ്പമുണ്ട്. ചിത്തഭ്രമം ബാധിച്ച ബാലനായി, അഹങ്കാരത്തിന്റെ പര്യായമായ പട്ടേലായി, സ്നേഹമുള്ള വല്യേട്ടനായി, കോളേജുകുമാരികളുടെ മനം കവര്‍ന്ന നന്ദകുമാര്‍ വര്‍മ്മയായി...അങ്ങിനെ എത്രയെത്ര വേഷങ്ങള്‍. ചില വേഷങ്ങള്‍ കാണുമ്പോള്‍ തോന്നും മമ്മൂക്കയില്ലായിരുന്നില്ലെങ്കില്‍ ഈ വേഷങ്ങള്‍ ആര് പകര്‍ന്നാടുമായിരുന്നുവെന്ന്.. ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവായി മമ്മൂട്ടിയെ അല്ലാതെ മറ്റൊരു നടനെ സങ്കല്പിക്കാന്‍ പോലും സാധിക്കുമോ..ബ്രീട്ടീഷുകാര്‍ക്ക് മുന്നില്‍ ചങ്കുറ്റത്തോടെ നിന്ന പഴശ്ശിരാജയെ അഭ്രപാളിയിലേക്കെത്തിച്ചപ്പോള്‍ സംവിധായകന്‍ ഹരിഹരന് ഒട്ടും സംശയമുണ്ടായിരുന്നില്ല, മമ്മൂക്ക തന്നെയാണ് പഴശ്ശിരാജ എന്ന്. മലയാള സിനിമയില്‍ മേക്കപ്പില്‍ ഇത്രയേറെ പരീക്ഷണങ്ങള്‍ നടത്തിയ മറ്റൊരു നടനുണ്ടാവില്ല. പുട്ടുറുമീസായും പൊന്തന്മാമടയായും വാറുണ്ണിയായും ഒക്കെ മമ്മൂട്ടി മാറുമ്പോള്‍ അതില്‍ മമ്മൂട്ടി ഉണ്ടായിരുന്നില്ല, പുട്ടുറുമീസിനെയും പൊന്തന്മാടയേയും മാത്രമാണ് കണ്ടത്. പക്ഷേ എത്ര വിരൂപമായ മേക്കപ്പ് ചെയ്താലും മമ്മൂട്ടിയുടെ സൌന്ദര്യത്തെ മറച്ച് വയ്ക്കാന്‍ സാധിക്കില്ലെന്നാണ് പ്രശസ്തരായ മേക്കപ്പ്മാന്‍മാര്‍ പറയുന്നത്.
അതുപോലെ ഭാഷയില്‍ ഇത്രയേറെ പരീക്ഷണങ്ങള്‍ക്ക് വിധേയനായ നടനും വേറയുണ്ടാവില്ല. വള്ളുവനാടന്‍ ശൈലിയില്‍ സംസാരിക്കുമ്പോള്‍ തനി വള്ളുവനാടനായി. തൃശൂര്‍ ഭാഷയെ ഇത്ര ജനകീയമാക്കിയത് മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടനല്ലാതെ മറ്റാരാണ്. രാജമാണിക്യമാണ് തിരുവനന്തപുരം ഭാഷയുടെ മൊടയെ മലയാളികളുടെ നാവിലേക്കെത്തിച്ചത്. മലയോര ഭാഷയും കോട്ടയത്തിന്റെയും മലബാറിന്റെയും സംസാര ശൈലിയും മമ്മൂട്ടിയുടെ നാവിന്‍ തുമ്പിലൂടെ നാം കേട്ടു. നൃത്തം ചെയ്യാനറിയില്ല എന്നതായിരുന്നു വിമര്‍ശകര്‍ മമ്മൂട്ടിയില്‍ ചൂണ്ടിക്കാണിക്കുന്ന ഏക ആരോപണം. പക്ഷേ അതൊരു കുറ്റമായി മലയാളികള്‍ കണ്ടില്ല.
തുടരെ തുടരെ ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മമ്മൂട്ടിയുടെ കാലം കഴിഞ്ഞുവെന്ന് ചിലര്‍ എഴുതി വച്ചു. അപ്പോഴെല്ലാം കൂടുതല്‍ പ്രഭയോടെ മമ്മൂട്ടി ഉയിര്‍ത്തെഴുന്നേറ്റു. അടുത്ത കാലത്തും അത്തരമൊരു വിമര്‍ശത്തിന് മമ്മൂട്ടി കാരണമായി. അതിനെല്ലാമുള്ള മറുപടിയായിരുന്നു മുന്നറിയിപ്പ് എന്ന ചിത്രം. വിമര്‍ശകരുടെ പോലും വായടിപ്പിക്കുന്ന കഥാപാത്രമായിരുന്നു മുന്നറിയിപ്പിലെ സി.കെ രാഘവന്‍. പ്രായം കൂടുമ്പോള്‍ പുതിയ തലമുറക്ക് വേണ്ടി സൂപ്പര്‍താരങ്ങള്‍ സ്ഥാനമൊഴിഞ്ഞു കൊടുക്കണമെന്ന ആവശ്യത്തിനും മമ്മൂക്കയുടെ കയ്യില്‍ മറുപടിയുണ്ട്. ''ഞാന്‍ വളരെ കഷ്ടപ്പെട്ടാണ് ഈ കസേര കൈക്കലാക്കിയത്. അത് അങ്ങിനെ ആര്‍ക്കും വിട്ടുകൊടുക്കേണ്ട ആവശ്യമില്ല....മമ്മൂക്ക ചങ്കൂറ്റത്തോടെ പറയുന്നു. പ്രായം ഒരിക്കലും ഒരു നല്ല നടന് തടസമാവില്ല, അതാണ് മമ്മൂട്ടി.
മൂന്ന് പതിറ്റാണ്ടുകളിലേറെയായി തുടരുന്ന അഭിനയ ജീവിതത്തിനിടയില്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ മമ്മൂക്കയെ തേടിയെത്തി. അഞ്ച് തവണ സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും കിട്ടി. 12 തവണ ഫിലിംഫെയർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരത സർക്കാർ പത്മശ്രീ നൽകി ആദരിച്ചു.2O10 ജനുവരിയിൽ കേരള സർവ്വകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച മമ്മൂട്ടിയെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവ്വകലാ കലാശാലയും ആദരിച്ചു.