ട്രംപിന്റെ വെറുപ്പിന്റെ രാഷ്ട്രീയം തള്ളി ഓസ്കര്‍ വേദി

Update: 2018-05-23 01:15 GMT
Editor : Sithara
ട്രംപിന്റെ വെറുപ്പിന്റെ രാഷ്ട്രീയം തള്ളി ഓസ്കര്‍ വേദി
Advertising

ലോകം മുഴുവന്‍ ഉറ്റുനോക്കിയ ഓസ്കര്‍ വേദി ആ രാജ്യത്തിന്റെ ഭരണാധികാരിയുടെ നെറികെട്ട നയങ്ങളെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് ചരിത്രത്തിന്റെ ഭാഗമാവുകയാണ്.

വെറുപ്പിന്റെ, വംശീയതയുടെ, വര്‍ണവെറിയുടെ വായുയും വെളിച്ചവും കടക്കാത്ത വേലിക്കെട്ടിനുള്ളിലല്ല സിനിമയെന്ന് ഓരോ നിമിഷവും ഉറക്കെ പ്രഖ്യാപിച്ചുവെന്നതാണ് ഇത്തവണത്തെ ഓസ്കര്‍ പുരസ്കാരദാന ചടങ്ങിന്റെ പ്രത്യേകത. ഡൊണാള്‍ഡ് ട്രംപ് എന്ന പ്രസിഡന്റോ അദ്ദേഹത്തിന്റെ നയങ്ങളോ അല്ല അമേരിക്ക എന്ന നിലപാട് പ്രഖ്യാപന വേദിയായി മാറി ആ ചടങ്ങ്. മികച്ച സഹനടനുള്ള പുരസ്കാരം മുസ്‍ലിമായ മഹര്‍ഷലാ അലിക്ക് സമ്മാനിച്ചുകൊണ്ട് തുടങ്ങിയ ചടങ്ങ്, കറുത്തവരുടെ ജീവിതം പറഞ്ഞ മൂണ്‍ ലൈറ്റിന് മികച്ച ചിത്രത്തിനുള്ള പുരസ്കാരം സമ്മാനിച്ച് അവസാനിച്ചു. രാഷ്ട്രീയമായി ശരിപക്ഷത്തുനിന്നു കൊണ്ട് ചരിത്രമാവുകയാണ് ഈ ഓസ്കര്‍ പുരസ്കാര ചടങ്ങ്.

"വിഭജിക്കപ്പെട്ട ഈ രാജ്യത്ത് ഇവിടെ ഒരുമിച്ചിരുന്ന് നമുക്ക് ഐക്യം വീണ്ടെടുക്കാ"മെന്നാണ് ഓസ്കര്‍ വേദിയില്‍ അവതാരകന്‍ ജിമ്മി കിമ്മല്‍ പറഞ്ഞത്. സിഎന്‍എന്‍, ന്യൂയോര്‍ക് ടൈംസ്, ലോസ് ഏഞ്ചല്‍സ് ടൈംസ് തുടങ്ങിയ മാധ്യമങ്ങളുടെ പ്രതിനിധികളാരെങ്കിലും ഉണ്ടെങ്കില്‍ പുറത്തുപോകണമെന്ന് പറഞ്ഞുകൊണ്ട് ട്രംപിന്റെ മാധ്യമ വിലക്കിനെ പരിഹസിക്കാനും കിമ്മല്‍ മറന്നില്ല. അമിത പ്രാധാന്യം ലഭിച്ച നടിയെന്ന് ട്രംപ് വിമര്‍ശിച്ച മെറില്‍ സ്ട്രീപിനെയും കിമ്മല്‍ പിന്തുണച്ചു. ട്രംപ് തെരഞ്ഞെടുപ്പ് പ്രചരണവേളയിലും ശേഷവും മുറുകെപ്പിടിച്ച ഇസ്‍ലാമോഫോബിയ ആ രാജ്യത്തിന്റെ കലാലോകത്ത് വേരുപടര്‍ത്തിയില്ലെന്ന് പ്രഖ്യാപിക്കുന്നതായി ആദ്യ പുരസ്കാരദാനം. ഒരു മുസ്‍ലിം നടന് മികച്ച സഹനടനുള്ള പുരസ്കാരം സമ്മാനിച്ച് പുരസ്കാരം അര്‍ഹതപ്പെട്ട കൈകളിലെത്തിയെന്ന് ഉറപ്പ് വരുത്തി. പിന്നാലെ മികച്ച വിദേശഭാഷാ ചിത്രമായി ദ സെയില്‍സ്മാന്‍ തെരഞ്ഞെടുത്ത് വീണ്ടും ഞെട്ടിച്ചു.

അമേരിക്ക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഓസ്കര്‍ ചടങ്ങിന് വരില്ലെന്ന് ദ സെയില്‍സ്മാന്റെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ട്രംപിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള സെയില്‍സ്മാന്റെ സംവിധായകന്‍ അസ്ഹര്‍ ഫര്‍ഹാദിയുടെ സന്ദേശം വേദിയില്‍ വായിച്ചു: "ഞാന്‍ ഈ രാത്രിയില്‍ നിങ്ങളുടെ കൂടെ ഇല്ലാത്തത് എന്റെ രാജ്യത്തെ ജനങ്ങളോടുള്ള ബഹുമാനത്തിന്റെയും മറ്റ് ആറു രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ തടയുന്ന മനുഷ്യത്വവിരുദ്ധമായ നിയമത്തോടുള്ള പ്രതിഷേധത്തിന്റെയും ഭാഗമായാണ്. അമേരിക്കയും അമേരിക്കയുടെ ശത്രുക്കളും എന്ന് ലോകത്തെ വിഭജിക്കുന്നത് ഭയം വിതയ്ക്കും. യുദ്ധങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ന്യായീകരണം കണ്ടെത്താനുള്ള കുടിലതന്ത്രമാണിത്. യുദ്ധങ്ങള്‍ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമെതിരാണ്. ദേശീയതയെയും മതങ്ങളെയും സംബന്ധിച്ച വാര്‍പ്പ്മാതൃകകളെ തകര്‍ക്കാന്‍ സിനിമകള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും കഴിയും. 'ഞങ്ങള്‍' എന്നും 'അവര്‍' എന്നുമുള്ള വേര്‍തിരിവില്ലാതെ താദാത്മ്യപ്പെടുന്നവരാണവര്‍‍. ഈ താദാത്മ്യപ്പെടല്‍ മുന്‍പത്തേക്കാള്‍ ആവശ്യമുള്ള കാലമാണിത്"- ഫര്‍ഹാദിയുടെ വാക്കുകള്‍ നിലയ്ക്കാത്ത കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. വിസാ നിയന്ത്രണം മൂലം വൈറ്റ് ഹെല്‍മറ്റിന്റെ ഛായാഗ്രാഹകന്‍ ഖാലിദ് ഖദീബിന് ഓസ്കറിനെത്താനായില്ല.

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തിനെതിരായ പ്രതിഷേധം അവിടംകൊണ്ട് അവസാനിച്ചില്ല. മികച്ച ചമയത്തിനുള്ള പുരസ്‌കാരം നേടിയ അലെക്സാഡ്രോ ബെര്‍ട്ടാലസ് താന്‍ ഒരു കുടിയേറ്റക്കാരനാണെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. താന്‍ ഇറ്റലിയില്‍ നിന്നുള്ള കുടിയേറ്റക്കാരനാണ്. ഈ പുരസ്കാരം എല്ലാ കുടിയേറ്റക്കാര്‍ക്കുമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച ഫീച്ചര്‍ ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ലഭിച്ച എസ്ര എഡൽമാനും ബഹുമതി കുടിയേറ്റക്കാര്‍ക്ക് സമര്‍പ്പിച്ചു. അവാർഡ് പ്രഖ്യാപിക്കുന്നതിനിടെ നടൻ ഗെയ്ൽ ഗാസിയാ ബേർണൽ താനൊരു മെക്സിക്കൻ കുടിയേറ്റക്കാരനാണെന്നും എല്ലാതരം മതിലുകൾക്കും എതിരാണെന്നും പ്രഖ്യാപിച്ചു.

അക്കാദമി പുരസ്കാരങ്ങളൊക്കെ വെളുത്തവര്‍ക്ക് മാത്രം നല്‍കി വര്‍ണവെറിക്കൊപ്പം നിന്ന ഭൂതകാലചരിത്രവും ഇന്ന് വഴിമാറി. മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ വയോള ഡേവിസ് ഓസ്‌കര്‍ നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയായ നടിയായി. ഡെന്‍സല്‍ വാഷിംഗ്ടണ്‍ സംവിധാനം ചെയ്ത ഫെന്‍സസിലെ അഭിനയത്തിനാണ് വയോള പുരസ്കാരം നേടിയത്. ഏറ്റവും ഒടുവില്‍ ബാറി ജെങ്കിന്‍സ് സംവിധാനം ചെയ്ത കറുത്ത മനുഷ്യരുടെ ജീവിതം പറഞ്ഞ മൂണ്‍ ലൈറ്റിനെ മികച്ച സിനിമയായി തെരഞ്ഞെടുത്തുകൊണ്ട് രാഷ്ട്രീയപരമായും കലാപരമായും ശരിപക്ഷത്ത് നിലയുറപ്പിച്ചു.

കലാകാരികളും കലാകാരന്മാരുമൊക്കെ അരാഷ്ട്രീയ ദന്തഗോപുരങ്ങളില്‍ വസിക്കുന്നവരല്ല എന്ന് വിളിച്ചുപറഞ്ഞാണ് ഈ വര്‍ഷത്തെ പുരസ്കാരദാന ചടങ്ങ് അവസാനിച്ചത്. ലോകം മുഴുവന്‍ ഉറ്റുനോക്കിയ ഓസ്കര്‍ വേദി ആ രാജ്യത്തിന്റെ ഭരണാധികാരിയുടെ നെറികെട്ട നയങ്ങളെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് ചരിത്രത്തിന്റെ ഭാഗമാവുകയാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News