ഞാന്‍ മാന്യനായ വ്യക്തിയാണ്, എന്നു കരുതി പുണ്യവാളനൊന്നുമല്ല: ടൊവിനോ തോമസ്
ഗോദയാണ് ടൊവിനോയുടെതായി ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം
യുവതാരങ്ങളില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന താരമാണ് ടൊവിനോ തോമസ്. ചെറുതും വലുതും വേഷങ്ങളില്‍ ടൊവിനോ മുഖം കാണിച്ചെങ്കിലും താരത്തിന്റെ തലവര തിരുത്തിയത് എന്ന് നിന്റെ മൊയ്തീനായിരുന്നു. പെരുമ്പറമ്പില്‍ അപ്പുവായി ടൊവിനോ പ്രേക്ഷകരുടെ മുഴുവന്‍ ഇഷ്ടവും പിടിച്ചുവാങ്ങി. പിന്നീട് ടൊവിനോയുടെ ചിത്രങ്ങളെ സിനിമാപ്രേമികള്‍ പ്രതീക്ഷയോടെയാണ് കണ്ടത്. ആ പ്രതീക്ഷകളൊന്നും ടൊവിനോ തെറ്റിച്ചുമില്ല. ഗോദയാണ് ടൊവിനോയുടെതായി ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചുകഴിഞ്ഞു. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ ഗോദയെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും സംസാരിച്ചു.
ഗോദയെക്കുറിച്ച്
ഗുസ്തിയുടെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണ് ഗോദ.രണ്‍ജി പണിക്കരാണ് ചിത്രത്തില്‍ എന്റെ അച്ഛനായി അഭിനയിക്കുന്നത്. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല എന്നാണ് എന്റെ വിശ്വാസം. വാമിക ഗബിയാണ് ചിത്രത്തിലെ നായിക. കുഞ്ഞിരാമായണത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് ഗോദ. അച്ഛന്‍-മകന്‍ ബന്ധമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഒരു സ്പോര്‍ട്സ് കോമഡിയാണ് ചിത്രം
യുവസംവിധായകര്‍ക്കൊപ്പമുള്ള അനുഭവം
ഗോദയുടെ കഥ പറയുന്ന സമയത്താണ് ബേസിലിനെ ഞാന്‍ ആദ്യമായി കാണുന്നത്. കഥ പറഞ്ഞു തീരുമ്പോഴേക്കും ഞങ്ങള്‍ ഉറ്റസുഹൃത്തുക്കളായി, എന്നെപ്പോലെ ഒരാളെ അവരുടെ കഥാപാത്രമായി ആവശ്യമുണ്ട് എന്നു കരുതുന്നതുകൊണ്ടായിരിക്കും സംവിധായകര്‍ പലരും എന്നെ തിരഞ്ഞെടുക്കുന്നത്. ഒരു നടനെ സംബന്ധിച്ചിടത്തോളം സംവിധായകന്റെ അടുത്ത് മാത്രമല്ല ആ ടീം മൊത്തം അവന് കംഫര്‍ട്ട് ആകണം. ആ കംഫര്‍ട്ട് അയാളുടെ പ്രകടനത്തിലും കാണാം.
ടൊവിനൊ എന്ന വ്യക്തി
ആളുകളോട് പരമാവധി നന്നായി പെരുമാറാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഞാനൊരു മനുഷ്യനാണ്, മനപൂര്‍വ്വം ദേഷ്യം പിടിപ്പിക്കാന്‍ വന്നാല്‍ ഞാന്‍ തിരിച്ചടിക്കും. അടിസ്ഥാനപരമായി ഞാന്‍ മാന്യനായ വ്യക്തിയാണ് എന്ന് കരുതി പുണ്യവാളനൊന്നുമല്ല. എന്നെ അറിയാവുന്നവര്‍ക്ക് എന്നെ വെറുക്കാന്‍ സാധിക്കില്ല. അവര്‍ ഒരിക്കലും അധിക്ഷേപിക്കുകയോ പിന്തുണക്കാതിരിക്കുകയോ ചെയ്യില്ല. വ്യക്തിപരമായി പലര്‍ക്കും എന്നെ അറിയില്ല. അതാണ് തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്.
കഴിവുള്ളവരെ ആര്‍ക്കും മാറ്റിനിര്‍ത്താന്‍ കഴിയില്ല
ഒട്ടും കഴിവില്ലാത്ത ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നില്ല. അതുകൊണ്ടു തന്നെ എനിക്ക് അക്കാര്യത്തില്‍ ഒരു അരക്ഷിതാവസ്ഥയുമില്ല. ഇപ്പോള്‍ തന്നെ എനിക്ക് ആവശ്യത്തിന് ചിത്രങ്ങളുണ്ട്. അടുത്ത വര്‍ഷത്തേക്കുള്ള പ്രോജക്ടുകള്‍ക്ക് കരാറൊപ്പിട്ടു കഴിഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ നിരവധി താരങ്ങള്‍ സിനിമയിലേക്ക് വന്നിട്ടുണ്ട്. അവരില്‍ കഴിവുള്ളവര്‍ ഇപ്പോഴും സിനിമയില്‍ തന്നെയുണ്ട്. ഓരോ വര്‍ഷവും 150 ഓളം ചിത്രങ്ങളും ഇറങ്ങുന്നുണ്ട്. അതില്‍ പുരുഷ കേന്ദ്രീകൃത സിനിമകള്‍ക്കാണ് കൂടുതല്‍ സ്പേസ് ഉള്ളതെന്നാണ് മറ്റൊരു വസ്തുത.