മൂന്നരവര്‍ഷമെടുത്ത് പണിയരുടെ ജീവിതം പകര്‍ത്തിയ അനീസിന് ദേശീയ പുരസ്‌ക്കാരം
ഡോക്യുമെന്‍ററിക്കായുള്ള യാത്രക്കിടെ പരിചയപ്പെട്ട വിനു കിടചുളന്‍ എന്ന പണിയ യുവാവ് അനീസിന്റെ സുഹൃത്താവുകയും പിന്നീട് ഡോക്യുമെന്ററിയുടെ പ്രൊഡക്ഷന്‍ അസിസ്റ്റന്റാവുകയും ചെയ്തു...
വയനാട്ടിലെ ആദിവാസിവിഭാഗമായ പണിയരെക്കുറിച്ചുള്ള ദ സ്ലേവ് ജെനെസിസ് എന്ന ഡോക്യുമെന്ററിയാണ് അനീസ് കെ മാപ്പിളയ്ക്ക് ദേശീയപുരസ്‌കാരം നേടിക്കൊടുത്തത്. ഇപ്പോഴും അടിമകളുടേതിന് തുല്യമായ ജീവിതം നയിക്കുന്ന പണിയര്‍ കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമാണ്. എല്ലാക്കാലത്തും മറ്റുള്ളവര്‍ക്കുവേണ്ടി പണിയെടുക്കേണ്ടി വരുന്ന പണിയരുടെ ജീവിതമാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദ സ്ലേവ് ജെനെസിസ് പറയുന്നത്.
പണിയര്‍ പണിയെടുക്കാത്ത കുടിയേറ്റക്കാരുടെ ഒരൊറ്റ നെല്‍പാടങ്ങളോ കാപ്പി, കുരുമുളക് തോട്ടങ്ങളോ വയനാട്ടിലില്ലെന്ന അനീസിന്റെ വാക്കുകള്‍ തന്നെ ആ സമുദായത്തിന്റെ അവസ്ഥയെ വിവരിക്കുന്നുണ്ട്. വയനാട്ടിലെ കല്‍പ്പറ്റ മുട്ടില്‍ സ്വദേശിയായ അനീസിന്റെ ചെറുപ്പം മുതലുള്ള അനുഭവങ്ങളും ഓര്‍മ്മകളുമാണ് ദ സ്ലേവ് ജെനേസസിന്റെ കരുത്ത്. മൂന്നര വര്‍ഷത്തിലേറെയെടുത്താണ് ഈ ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയത്.
അനീസിന്റെ മുത്തച്ഛനായ മൊയ്തു ഹാജി അദ്ദേഹത്തിന്റെ മുത്തച്ഛന്റെ കുടിയേറ്റത്തിന്റെ അനുഭവം ദ സ്ലേവ് ജെനെസിസില്‍ വിവരിക്കുന്നുണ്ട്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം 1860ലാണ് അവര്‍ വയനാട്ടിലേക്ക് കുടിയേറുന്നത്. ഒരു ഗൗഡയില്‍ നിന്നും 32 ഏക്കര്‍ ഭൂമി അവര്‍ വാങ്ങി. ഭൂമിക്കൊപ്പം പണിയെടുക്കാന്‍ പണിയരേയും ഗൗഡ വിട്ടുകൊടുകൊടുത്തു. അന്ന് അതായിരുന്നു രീതി. പണിയര്‍ക്ക് നെല്ലും അരിയുമൊക്കെയാണ് കൂലിയായി നല്‍കിയിരുന്നതെന്നും മൊയ്തു ഹാജി പറയുന്നു.
പണിയരുടെ ജീവിതത്തിന്റെ ഭാഗമായുള്ള വിശ്വാസങ്ങളും ചടങ്ങുകളും ഡോക്യുമെന്ററി വിവരിക്കുന്നു. കുടകില്‍ ആത്മഹത്യ ചെയ്ത ഒരു പണിയ തൊഴിലാളിയുടെ മരണാനന്തര ചടങ്ങുകള്‍ ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ദ സ്ലേവ് ജെനെസിസ് വിശദമായി പകര്‍ത്തുന്നുണ്ട്. പണിയരുടെ മരണാനന്തര ചടങ്ങുകളിലൊന്നാണ് പേനപ്പാട്ട്. പുലര്‍ച്ചെ അഞ്ച് മുതല്‍ വൈകുന്നേരം അഞ്ച് വരെ നീണ്ടു നില്‍ക്കുന്ന ചടങ്ങാണിത്. കുടകിലെ തോട്ടങ്ങളില്‍ പണിയര്‍ നേരിടുന്ന ചൂഷണങ്ങളും പോക്സോ നിയമം ചുമത്തപ്പെട്ട് ജയിലില്‍ കഴിയേണ്ടി വരുന്ന പണിയ യുവാക്കളെക്കുറിച്ചും ഡോക്യുമെന്ററി പറയുന്നു.
വയനാട്ടിലെ പനമരം, ചേകാടി, ഏച്ചോം, വള്ളിയൂര്‍ക്കാവ്, കെല്ലൂര്‍, അപ്പപ്പാറ, ഇടിയംവയല്‍ എന്നിവിടങ്ങളിലെ ആദിവാസി കോളനികളിലും കര്‍ണാടകയിലെ കൂര്‍ഗ് ഹുന്‍സൂര്‍ എന്നിവിടങ്ങളിലെ ഇഞ്ചിത്തോട്ടങ്ങളിലുമായിരുന്നു ചിത്രീകരണം. ഈ യാത്രക്കിടെ പരിചയപ്പെട്ട വിനു കിടചുളന്‍ എന്ന പണിയ യുവാവ് അനീസിന്റെ സുഹൃത്താവുകയും പിന്നീട് ഡോക്യുമെന്ററിയുടെ പ്രൊഡക്ഷന്‍ അസിസ്റ്റന്റായി മാറുകയും ചെയ്തു. ദ സ്ലേവ് ജെനെസിസിനായി സൗണ്ട് ഡിസൈന്‍ ഷൈജു യൂണിറ്റിയും അഡീഷണല്‍ ക്യാമറ ബിജു ഇബ്രാഹിമും മിഥുന്‍ മോഹന്‍ അനിമേഷനും കൃഷ്ണപ്രസാദ് വരയും നിര്‍വഹിച്ചിരിക്കുന്നു.
2014ല്‍ വിബ്ജിയോര്‍ യങ് ഫിലിം മേക്കര്‍ ഫെല്ലോഷിപ്പിന് അനീസ് അര്‍ഹനായിരുന്നു. ഈ ഫെല്ലോഷിപ്പ് ഉപയോഗിച്ചാണ് ദ സ്ലേവ് ജെനെസിസ് ചിത്രീകരണം ആരംഭിച്ചത്. പിന്നീട് സിംഗപ്പൂരിലെ ബാങ് പ്രൊഡക്ഷന്‍ കമ്പനി ഡവലപ്‌മെന്റ് ഗ്രാന്റായി 2000 ഡോളര്‍ നല്‍കിയതും ചിത്രീകരണത്തിന് സഹായമായി. കല്‍പറ്റ ഫിലിം ഫ്രട്ടേണിറ്റിയുടെ സഹായവും ഡോക്യുമെന്ററി യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ചു. അനീസിന്റെ തന്നെ കാനോപി ബ്ലാക്ക് പ്രൊഡക്ഷനാണ് ദ സ്ലേവ് ജെനെസിസ് നിര്‍മ്മിച്ചിരിക്കുന്നത്.
ഫാറൂഖ് കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസം പിജി ഡിപ്ലോമയും നേടിയ അനീസ് മാധ്യമപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളജ് കാലത്ത് എടുത്ത മിയാ കുല്‍പയാണ് ആദ്യ ഷോര്‍ട്ഫിലിം. 2006ല്‍ മികച്ച ഹ്രസ്വ സിനിമക്കുള്ള 'അല' അവാര്‍ഡ് മിയാ കുല്‍പ നേടിയിട്ടുണ്ട്. രണ്ടാം ഹ്രസ്വചിത്രമായ സയിം ഇന്റര്‍സോണ്‍ കലോത്സവത്തില്‍ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷകനായ ചെറുവയല്‍ രാമനെക്കുറിച്ചുള്ള ഡോക്യുമെന്ററി വിതപ്പാടിന് 2015ല്‍ മികച്ച ഡോക്യുമെന്ററിക്കുള്ള യുവജനക്ഷേമ ബോര്‍ഡിന്റെ പുരസ്‌കാരത്തിന് അര്‍ഹമായി. ഐഡിഎസ്എഫ്എഫ്‌കെയിലും പരിസ്ഥിതി ഡോക്യുമെന്ററി ഫെസ്റ്റിവലായ വാതാവരണ്‍ മേളയിലും വിതപ്പാട് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.