ചില നന്‍മകള്‍ പഠിപ്പിക്കാന്‍ കുട്ടികള്‍ തന്നെ വേണം
ബിജു മട്ടന്നൂര്‍ സംവിധാനം ചെയ്ത ദി ബിയോണ്ടിന് ഇതിനോടകം ആസ്വാദകരെ ആകര്‍ഷിച്ചുകഴിഞ്ഞു
ചില നന്‍മകള്‍ നമുക്ക് മനസിലാകണമെങ്കില്‍ കുട്ടികള്‍ തന്നെ വേണം. അവരുടെ കുഞ്ഞു കുഞ്ഞു പ്രവൃത്തികളിലൂടെ അത് നമ്മളിലേക്ക് അറിയാതെ ഒഴുകും. ഫുട്ബോളിനോട് പ്രിയമുള്ള മാരിയപ്പനെന്ന പന്ത്രണ്ടുകാരനും ചെരുപ്പ് തുന്നലുകാരനായ അവന്റെ അച്ഛനും. അവര്‍ക്കിടയിലേക്ക് കടന്നു വരുന്ന മൂന്നാമതൊരാളും. അവനും മാരിയപ്പനെപ്പോലുള്ള ഒരു കുട്ടിയാണ്. ഒരു നിമിഷം കൊണ്ടവന്‍ മാരിയപ്പന്റെ ആഗ്രഹങ്ങളെ മനസിലാക്കുന്നു, ഒപ്പം മദ്യപാനിയായ അവന്റെ അച്ഛനെയും മാറ്റിയെടുക്കുന്നു. ഒരു നിമിഷത്തേക്ക് നമ്മുടെ കണ്ണ് നിറഞ്ഞു പോകും ഈ ഷോര്‍ട്ട് ഫിലിം കണ്ടാല്‍. ബിജു മട്ടന്നൂര്‍ സംവിധാനം ചെയ്ത ദി ബിയോണ്ടിന് ഇതിനോടകം ആസ്വാദകരെ ആകര്‍ഷിച്ചുകഴിഞ്ഞു.
സൌത്ത് ഇന്ത്യന്‍ ഫിലിം ഫെസ്റ്റില്‍ മികച്ച ചിത്രം, മികച്ച സംവിധായകന്‍, തപസ്യ ഫിലിം ഫെസ്റ്റില്‍ മികച്ച രണ്ടാമത്തെ ചിത്രം, ഭരത് പി.ജെ ആന്റണി അവാര്‍ഡ്, തപസ് ഫിലിം അവാര്‍ഡ്, ദൃശ്യ ഫിലിം അവാര്‍ഡ്, സ്ക്രീന്‍ ഫോക്കസ് ഹ്രസ്വ ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് എന്നിവയും ദി ബിയോണ്ട് നേടി. ഷാര്‍ജ ലന്‍സ്വ്യൂ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച നടന്‍, മികച്ച ബാലതാരം എന്നിവയ്ക്കുള്ള അവാര്‍ഡും ദി ബിയോണ്ടിനായിരുന്നു. ഗപ്പി ഫെയിം ബാലതാരം ചേതന്‍ ജയരാജിനെ മുഖ്യകഥാപാത്രമാക്കി രാജീവ് കുറുപ്പ് നിര്‍മിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എം ഷാഹുല്‍ ഹമീദും സംഗീത സംവിധാനം ടി.കെ വിമലും ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണയുമാണ് നിര്‍വഹിച്ചത്.