സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്ലജ് നിഹ്ലാനിയെ പുറത്താക്കി

Update: 2018-05-27 02:47 GMT
Editor : Muhsina
സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്ലജ് നിഹ്ലാനിയെ പുറത്താക്കി
Advertising

പ്രസൂണ്‍ ജോഷിക്കാണ് പകരം ചുമതല. തുടര്‍ച്ചയായ വിവാദങ്ങളാണ് പുറത്താക്കലിന് കാരണമെന്ന് സൂചന..

സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പഹ്‌ലജ് നിഹ്‌ലാനിയെ പുറത്താക്കി. പ്രശസ്ത ഗാനരചയിതാവ് പ്രസൂണ്‍ ജോഷിയാണ് പുതിയ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍. നിരവധി വിവാദ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് നിഹ്‌ലാനിയെ പുറത്താക്കിയത്.

2015 ജനുവരി 19 നാണ് പഹ്‌ലജ് നിഹലാനിയെ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായി നിയമിച്ചത്. 2018 ജനുവരി വരെ കാലാവധി ശേഷിക്കേയാണ് നിഹ്‌ലാനിയെ സ്ഥാനത്ത് നിന്ന് നീക്കിയത്. 2015 സ്ഥാനമേറ്റയുടന്‍ ജയിംസ്ബോണ്ട് ചിത്രമായ സ്പെക്ട്രത്തിലെ ചുംബന രംഗങ്ങള്‍ വെട്ടി മാറ്റിയതായിരുന്നു നിഹ്ലാനിയുടെ ആദ്യ വിവാദ തീരുമാനം. അഭിഷേക് ചൌധരി സംവിധാനം ചെയ്ത ഉഡ്താ പഞ്ചാബാണ് നിഹ്‌ലാനിയുടെ ഇരയായ അടുത്ത ചിത്രം. പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാരോപിച്ച് 89 ഇടങ്ങളിലാണ് സിനിമക്ക് കത്രിക വെച്ചത്. സെന്‍സര്‍ ബോര്‍ഡിലെ മറ്റ് അംഗങ്ങളുടെ കൂടി എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് മോദി ഭക്തനെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന പഹ്‌ലജ് നിഹലാനിക്ക് പുറത്ത് പോകേണ്ടി വന്നത്.

ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ എന്ന സ്ത്രീപക്ഷ സിനിമക്ക് പഹ്‌ലാനി അനുമതി നിഷേധിച്ചു. പിന്നീട് കോടതിയില്‍ നിന്ന് അനുകൂലവിധി നേടിയെടുത്താണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഷാരൂഖിനെ നായകനാക്കി ഇംത്യാസ് അലി സംവിധാനം ചെയ്ത ജബ് ഹാരി മെററ് സേജലിന്റെ ട്രൈലറില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക എന്ന വാക്ക് ഉപയോഗിച്ചതിന് ട്രെയിലറിന് പോലും അനുമതി നിഷേധിക്കപ്പെട്ടു. ഏറ്റവുമൊടുവില്‍ നവാസുദ്ദീന്‍ സിദ്ദീഖിയുടെ ബാബുമോശായ് ബന്‍ദൂക്ക്ബാസ് എന്ന സിനിമക്ക് 43 ഭാഗങ്ങളാണ് മുറിച്ചുമാറ്റേണ്ടിവന്നത്. അമീര്‍ഖാന്‍ അടക്കമുള്ള നിരവധി താരങ്ങള്‍ ഇതിനെതിരെ ആഞ്ഞടിച്ചിരുന്നു.

പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പ്രസൂണ്‍ ജോഷി തിരക്കഥാകൃത്തും ഗാനരചയിതാവുമാണ്. 3 തവണ മികച്ച ഗാനരചനക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് സ്വന്തമാക്കിയ പ്രസൂണ്‍ ജോഷിക്ക് ജനപ്രീതി നേടിക്കൊടുത്തത് ഫന, താരേ സമീന്‍പര്‍ സിനിമകളിലെ ഗാനങ്ങളാണ്. രാജ്കുമാര്‍ സന്തോഷിയുടെ ലജ്ജയിലായിരുന്നു ആദ്യ ഗാനരചന. നിരവധി പരസ്യ ചിത്രങ്ങളും പ്രസൂണ്‍ ജോഷി സംവിധാനം ചെയ്തിട്ടുണ്ട്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News