സുരഭി മികച്ച നടി; മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം

Update: 2018-05-28 12:33 GMT
Editor : Sithara
സുരഭി മികച്ച നടി; മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം
Advertising

മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. അക്ഷയ് കുമാറാണ് മികച്ച നടന്‍

അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. അക്ഷയ് കുമാറാണ് മികച്ച നടന്‍. രുസ്തമിലെ അഭിനയത്തിനാണ് പുരസ്കാരം. അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം മോഹന്‍ലാല്‍ നേടി. പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനതാ ഗാരേജ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അവാര്‍ഡ്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്‍റെ പ്രതികാരം മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം നേടി. മികച്ച തിരക്കഥാകൃത്തായി മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തിരക്കഥാകൃത്ത് ശ്യാം പുഷ്കരനെ തെരഞ്ഞെടുത്തു.
മികച്ച സൌണ്ട് ഡിസൈനര്‍ ജയദേവനാണ്. ചിത്രം കാട് പൂക്കുന്ന നേരം. ആക്ഷന്‍ കോറിയാഗ്രാഫിക്കുള്ള അവാര്‍ഡ് പീറ്റര്‍ ഹെയ്ന്‍ നേടി. ചിത്രം പുലിമുരുകന്‍. കുഞ്ഞുദൈവം എന്ന സിനിമയിലെ അഭിനയത്തിന് ആദിഷ് പ്രവീണ്‍ മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം പിങ്ക് ആണ്. രാജു മുരുകന്‍ സംവിധാനം ചെയ്ത ജോക്കറാണ് മികച്ച തമിഴ് ചിത്രം. മികച്ച മറാഠി സിനിമയായി കസവ് തെരഞ്ഞെടുക്കപ്പെട്ടു. തിരുനാവുക്കരശാണ് മികച്ച ഛായാഗ്രാഹകന്‍. ആബ മികച്ച ഹ്രസ്വചിത്രം.

ജി ധനഞ്ജയനാണ് മികച്ച സിനിമാ നിരൂപണത്തിനുള്ള പുരസ്കാരം. ഡോക്യുമെന്‍ററികളെ കുറിച്ചുള്ള പഠത്തിനുള്ള പുരസ്കാരം കെ പി ജയശങ്കറിനും അഞ്ജലി മോന്‍ടെറോയ്ക്കുമാണ്. മികച്ച സിനിമാസൌഹൃദ സംസ്ഥാനമായി ഉത്തര്‍പ്രദേശിനെ തെരഞ്ഞെടുത്തു. ഈ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം ജാര്‍ഖണ്ഡ് നേടി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News