ചുവരെഴുത്തിലൂടെ ഒരു സിനിമാപ്രചരണം; ആഭാസം അടിമുടി വ്യത്യസ്തമാണ്
സുജിത്ത് എന്ന കലാകാരനാണ് ആഭാസത്തിന് വേണ്ടി ചുവരുകള്‍ക്ക് ജീവന്‍ നല്‍കുന്നത്
ഫ്ലക്സ് ബോർഡുകളും കൂറ്റന്‍ ഹോർഡിങ്ങുകളും പ്രചാരണത്തിന് ഉപയോഗിക്കുന്ന കാലത്ത് ചുവരെഴുത്തിലൂടെ സിനിമയുടെ പ്രചാരണം. നവാഗതകനായ ജൂബിത് സംവിധാനം ചെയ്യുന്ന ആഭാസം സിനിമ പ്രചാരരീതിയിലും വ്യത്യസ്തമാവുകയാണ്. ആർഷ ഭാരത സംസ്കാരം എന്നതിന്റെ ചുരുക്കമായ ആഭാസം എന്ന പേരും വ്യത്യസ്തമാണ്.
പേര് കൊണ്ട് ഇപ്പോള്‍ തന്നെ സജീവ ചര്‍ച്ചയായ ചിത്രത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളും അടിമുടി വ്യത്യസ്തമാണ്. പതിവ് പോസ്റ്ററുകള്‍ക്കും ഫ്ലക്സുകള്‍ക്കും അപ്പുറത്തേക്ക് ചുവരെഴുത്തിലൂടെയാണ് പ്രചാരണം. ചുമരെഴുത്തെക്കെ പഴയ ഏര്‍പ്പാടല്ലേ എന്ന് കരുതണ്ട. ഈ ചുമരെഴുത്തുകള്‍ അങ്ങനെയല്ല. സുജിത്ത് എന്ന കലാകാരനാണ് ആഭാസത്തിന് വേണ്ടി ചുവരുകള്‍ക്ക് ജീവന്‍ നല്‍കുന്നത്. കൊച്ചി നഗരത്തിലെ ചുവരുകളില്‍ പലയിടത്തും സുജിത്ത് ആഭാസം വരച്ചുവെച്ചു.
കിസ്മത്തിന് ശേഷം രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്‍ നിര്‍മാണ പങ്കാളിയാകുന്ന ചിത്രമാണ് ആഭാസം. സുരാജ് വെഞ്ഞാറമൂട്, റീമ കല്ലിങ്കല്‍, ശീതള്‍ ശ്യാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ഈ ചിത്രം ഒരു ബസ്സും അതിലെ യാത്രക്കാരെയും പ്രമേയമാക്കിയാണ് കഥ പറയുന്നത്.